മേലുദ്യോഗസ്ഥന്റെ കഴിവ് കീഴ് ജീവനക്കാർ അളക്കും; രഹസ്യ സംവിധാനം ഏർപ്പെടുത്തണമെന്ന് ശുപാർശ
Mail This Article
തിരുവനന്തപുരം ∙ കീഴ് ജീവനക്കാരുടെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് മേലുദ്യോഗസ്ഥർ നൽകുന്നതു പോലെ, മേലുദ്യോഗസ്ഥന്റെ കഴിവ് കീഴ് ജീവനക്കാർക്ക് എത്രത്തോളം പ്രയോജപ്പെട്ടെന്നു കണക്കാവുന്ന ഒരു രഹസ്യ സംവിധാനം ഏർപ്പെടുത്തണമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് സർക്കാരിനോടു ശുപാർശ ചെയ്തു.
അത്തരം റിപ്പോർട്ട് ഡിജിറ്റലായി വകുപ്പു സെക്രട്ടറിമാർക്കും മന്ത്രിമാർക്കും പരിശോധിക്കാൻ കഴിയുന്ന സംവിധാനം നിലവിൽ വരണം. പല വകുപ്പും ഉദ്യോഗസ്ഥരുടെ ബാഹുല്യം മൂല്യം അലസതയിലാകുന്നു. എന്നാൽ മറ്റു ചില വകുപ്പുകൾ ജീവനക്കാരുടെ കുറവു മൂലം കടമ നിറവേറ്റാൻ കഴിയാതെ വീർപ്പുമുട്ടുന്നു. ഇവരെയെല്ലാം പുനർവിന്യസിക്കാൻ എല്ലാ വകുപ്പിലും ചീഫ് സെക്രട്ടറി, വകുപ്പു സെക്രട്ടറിയുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ചെങ്കിലും പ്രവർത്തനം കാര്യക്ഷമമല്ല.
സെക്രട്ടറിയേറ്റിലെ സർക്കാർ ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വർധിപ്പിക്കാൻ അസിസ്റ്റന്റ് മുതൽ സ്പെഷൽ സെക്രട്ടറി വരെയുള്ള തസ്തികകളിൽ 2 തവണയെങ്കിലും പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന യോഗ്യതാ പരീക്ഷ പാസാകണമെന്ന നിബന്ധന വയ്ക്കണമെന്നും റിപ്പോർട്ടിൽ നിർദേശിച്ചു. വിവര സാങ്കേതിക വിദ്യ സ്വായത്തമാക്കുന്നതിലെ പ്രാവീണ്യവും ഇവിടെ പരീക്ഷിക്കപ്പെടണം. സർക്കാർ സർവീസിൽ കാര്യക്ഷമതയുടെ അടിസ്ഥാനത്തിൽ സ്ഥാനക്കയറ്റം നിലവിൽ വരണം. കാറ്റഗറി മാറ്റം വഴി അസിസ്റ്റന്റ് തസ്തികയിലേക്കു വരുന്നതു പിഎസ്‌സി വഴി മാത്രമാക്കണം.
സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ആയി പിഎസ്‌സി വഴി എത്തുന്നവരുടെ കഴിവ് വേണ്ട രീതിയിൽ ഉപയോഗിക്കാതെ പോകുന്നതു സർവീസ് ഡെലിവറിയെ ബാധിക്കുന്നുണ്ട്. ഇതു കൂടാതെ കംപ്യൂട്ടർ അസിസ്റ്റന്റ്, ഓഫിസ് അസിസ്റ്റന്റ്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് എന്നിവയിൽനിന്നു തസ്തിക മാറ്റം വഴിയും ആശ്രിത നിയമനം വഴിയും സ്പോർട്സ് ക്വാട്ട വഴിയും നിയമനം നടക്കുന്നു. ഇവരും ഫയൽ കൈകാര്യം ചെയ്യുന്നു. ഇവർ ആരും അസിസ്റ്റന്റ് തസ്തികയ്ക്കുള്ള യോഗ്യത പാസായിട്ടില്ല. അതിനാൽ ഇവരുടെ കാര്യപ്രാപ്തി എൻട്രി ലവലിൽ പോലും വിലയിരുത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ഫയൽ നീക്കത്തിലെ പരാജയ കാരണങ്ങൾ
∙ജീവനക്കാരുടെ കാര്യക്ഷമത പരിശോധിക്കാതെ നൽകുന്ന സ്ഥാനക്കയറ്റം.
∙കാലാനുസൃതമായ പരിശീലനത്തിന്റെ അഭാവം.
∙വിവര സാങ്കേതിക വിദ്യ മനസ്സിലാക്കാനും ഉപയോഗിക്കാനുമുള്ള വിമുഖത.
∙അസിസ്റ്റന്റ് ഇതര ശ്രേണിയിൽനിന്നു മൽസര പരീക്ഷയിലൂടെയല്ലാതെ, വിദ്യാഭ്യാസ യോഗ്യത മാത്രം അടിസ്ഥാനമാക്കി കാറ്റഗറി മാറി വരുന്ന ജീവനക്കാർ