‘നടന്നത് അപമാനകരമായ കാര്യം, മാതൃകാപരമായ ശിക്ഷ നൽകണം’; പീഡനത്തിനിരയായ നവവധുവിനെ സന്ദർശിച്ച് മന്ത്രി

Mail This Article
കോഴിക്കോട്∙ പന്തീരാങ്കാവിൽ ഭർത്താവിൽനിന്ന് നവവധുവിന് മൃഗീയമായ പീഡനം ഏൽക്കേണ്ടി വന്നത് നിർഭാഗ്യകരമെന്ന് മന്ത്രി ആർ.ബിന്ദു. മിടുക്കികളായ പെൺകുട്ടികള്‍ക്ക് ദാരുണ അനുഭവങ്ങൾ ഉണ്ടാവുന്നു എന്നത് അപമാനകരമാണെന്നും വിസ്‍മയയെ പോലെയുള്ള ഉദാഹരണങ്ങള്‍ നമുക്ക് മുൻപിലുണ്ടെന്നും മന്ത്രി പറഞ്ഞു. പന്തീരാങ്കാവിൽ ക്രൂരപീഡനത്തിന് ഇരയായ യുവതിയെ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
‘‘സമൂഹത്തിന്റെ പൊതുബോധത്തിൽ വലിയ മാറ്റമുണ്ടാകണം. 1961ൽ സ്ത്രീധനത്തിന് എതിരായ നിയമം വന്നു. എന്നാൽ ആറരപതിറ്റാണ്ട് പിന്നിടുമ്പോഴും വ്യവസ്ഥാപിതമായ ആചാരം പോലെ ഇത് തുടരുന്നു. വിവാഹം കഴിച്ച്, ഇത്തരം അനുഭവങ്ങൾ ഏറ്റുവാങ്ങുക എന്നതിനപ്പുറത്ത് അവരവരുടെ നിലനിൽപ്പ് സുരക്ഷിതമാക്കുന്നതിന് പെൺകുട്ടികൾ പ്രാധാന്യം നൽകണം.
ആൺകുട്ടികളിൽ ‘അഗ്രസീവ് മാസ്‍കുലിനിറ്റി’ കണ്ടുവരുന്നു. ലിംഗനീതി ഉറപ്പുവരുത്തുന്നതിനായി വ്യാപകമായ ബോധവൽക്കരണവും പ്രചാരണ പരിപാടികളും കൂടുതൽ സജീവമാക്കും. ഇത്തരം കുറ്റങ്ങള്‍ ചെയ്യുന്നവർക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പുവരുത്തണം. ലിംഗനീതിയെ സംബന്ധിച്ച ആശയങ്ങൾ സ്വാംശീകരിക്കാൻ തക്കവിധത്തിൽ ആവശ്യമായ ട്രെയിനിങ്ങുകൾ പൊലീസിന് നൽകണം’’– മന്ത്രി പറഞ്ഞു.