‘രാജ്യസഭാ സീറ്റ് പ്രധാനപ്പെട്ടത്, വിട്ടുവീഴ്ചയ്ക്കില്ല; അവർക്ക് നിയമസഭാ സീറ്റ് ഞങ്ങളെക്കാൾ കുറവല്ലേ?’
Mail This Article
തിരുവനന്തപുരം ∙ ഒഴിവു വരുന്ന രാജ്യസഭാ സീറ്റിൽ അവകാശവാദമുന്നയിച്ച് സിപിഐയും കേരള കോൺഗ്രസും (എം) രംഗത്തെത്തിയതോടെ അടുത്ത എൽഡിഎഫ് യോഗം നിർണായകമാകുമെന്ന് ഉറപ്പായി. ഇരുപാർട്ടികളെ സംബന്ധിച്ചും അഭിമാന പ്രശ്നമാണ് രാജ്യസഭാ സീറ്റ്. സിപിഎം നേതാവ് എളമരം കരീം, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എന്നിവരുടെ കാലാവധി തീരുന്നതിനാൽ ഒഴിവു വരുന്ന രാജ്യസഭാ സീറ്റിൽ 2 പേരെയാകും എൽഡിഎഫിന് ജയിപ്പിക്കാനാവുക. അമ്പിനും വില്ലിനും അടുക്കാതെ സിപിഐയും കേരള കോൺഗ്രസും നിൽക്കുന്നതിനിടെ സിപിഐയുടെ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ പാർട്ടി നിലപാട് മനോരമ ഓൺലൈനിനോട് വ്യക്തമാക്കുന്നു.
∙രാജ്യസഭാ സീറ്റ് വിവാദം പുകയുകയാണല്ലോ?
ഞങ്ങൾ അതിനെപ്പറ്റിയൊന്നും ആലോചിച്ചിട്ടില്ല. മാധ്യമങ്ങൾ ഇങ്ങനെ ഓരോ വാർത്ത പ്രചരിപ്പിക്കുകയാണ്. നിങ്ങൾക്ക് ബ്രേക്കിങ് ന്യൂസ് കിട്ടാൻ വേണ്ടി പ്രചരിപ്പിക്കുന്നതല്ലേ ഇതൊക്കെ.
∙ രാജ്യസഭയിലെ ഒഴിവിലേക്ക് സിപിഐ സ്ഥാനാർഥിയുണ്ടാകുമോ?
ഇക്കാര്യം എൽഡിഎഫിൽ ചർച്ച ചെയ്തിട്ടില്ല. എൽഡിഎഫാണ് ഇതൊക്കെ ചർച്ച ചെയ്ത് ഔദ്യോഗികമായി തീരുമാനിക്കേണ്ടത്.
∙ പരസ്യമായി സീറ്റ് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം) രംഗത്തെത്തിയിട്ടുണ്ടല്ലോ?
അവർക്ക് സീറ്റ് ആവശ്യപ്പെടാമല്ലോ. അവർ അങ്ങനെ സീറ്റ് ചോദിക്കുന്നതിൽ തെറ്റൊന്നുമില്ല. അവർ മാത്രമല്ല, മുന്നണിക്കുള്ളിൽ ഒരു അസംബ്ലി സീറ്റുള്ള പാർട്ടി പോലും രാജ്യസഭ സീറ്റിന് അവകാശവാദം ഉന്നയിക്കുന്നുണ്ട്.
∙ സിപിഐ സീറ്റ് വിട്ടുകൊടുക്കാൻ തയാറാണോ?
ഒരു വിട്ടുവീഴ്ചയ്ക്കും സിപിഐ തയാറല്ല. സിപിഐയെ സംബന്ധിച്ച് രാജ്യസഭാ സീറ്റ് പ്രധാനപ്പെട്ടതാണ്. അതു വിട്ടുകളയാനാകില്ല. ദേശീയ പാർട്ടികൾക്ക് അംഗീകാരത്തിന് പ്രധാനപ്പെട്ട ഘടകമാണ് രാജ്യസഭാ സീറ്റ്. ബോർഡ്–കോർപറേഷൻ സ്ഥാനങ്ങൾ വീതംവയ്ക്കുന്നതുപോലെ ഇതു നടക്കില്ല.
∙ അങ്ങനെയെങ്കിൽ സിപിഎം വിട്ടുവീഴ്ചയ്ക്ക് തയാറാകണമെന്നാണോ?
സിപിഎമ്മിനും വിട്ടുവീഴ്ച ചെയ്യേണ്ട ആവശ്യമുണ്ടാകുമെന്ന് എനിക്കു തോന്നുന്നില്ല.
∙ കേരള കോൺഗ്രസിനെ (എം) സംബന്ധിച്ച് അവരുടെ നേതാവ് ജോസ് കെ.മാണിയെ എവിടെയെങ്കിലും അക്കോമഡേറ്റ് ചെയ്യേണ്ടതുണ്ട്?
അതെല്ലാം അവർ ആലോചിച്ച് തീരുമാനിക്കട്ടെ. അവരുടെ ആഭ്യന്തര കാര്യങ്ങളാണ് അതൊക്കെ.
∙ സിപിഐക്ക് ബിനോയ് വിശ്വത്തിനെ കൂടാതെ ഒരു എംപി കൂടി രാജ്യസഭയിലുണ്ടല്ലോ. തങ്ങൾക്ക് അതുമില്ലെന്നാണ് കേരള കോൺഗ്രസ് നേതാക്കൾ പറയുന്നത്.
രാജ്യസഭയിൽ ഞങ്ങൾക്ക് മൂന്ന് എംപിമാരുള്ള അവസരമുണ്ടായിരുന്നു. അവർക്ക് നിയമസഭാ സീറ്റുകൾ ഞങ്ങളേക്കാൾ കുറവല്ലേ. അതുകൂടി നോക്കേണ്ടേ. പിന്നെ എൽഡിഎഫ് യോഗം നടക്കുമ്പോൾ മാധ്യമങ്ങൾ പറയുന്ന പ്രശ്നമൊന്നും അവിടെയുണ്ടാകില്ല.
∙ സിപിഎം വിരട്ടുമ്പോൾ മാണി വിഭാഗം അനുസരിക്കുമെന്നാണോ?
അതൊന്നും ചുഴിഞ്ഞ് ആലോചിക്കേണ്ട. ഉചിതമായ തീരുമാനം എൽഡിഎഫിലുണ്ടാകും.