മോദി സമൂഹത്തെ ഭിന്നിപ്പിക്കുന്നെന്ന് ഖർഗെ; അച്ഛാ ദിൻ ജൂൺ നാലിന് ശേഷമെന്ന് ഉദ്ധവ്
Mail This Article
മുംബൈ ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹത്തെയും ജനങ്ങളെയും ഭിന്നിപ്പിക്കുന്നെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. മുംബൈയിൽ ഇന്ത്യാ സഖ്യം നടത്തിയ വാർത്താസമ്മേളനത്തിലാണ് ഖർഗെയുടെ പരാമർശം. എൻസിപി നേതാവ് ശരദ് പവാർ, ശിവസേന (യുബിടി) പ്രസിഡന്റ് ഉദ്ധവ് താക്കറെ എന്നിവരും ഖർഗെയ്ക്ക് ഒപ്പമുണ്ടായിരുന്നു.
മോദിയെപ്പോലെ മറ്റൊരു പ്രധാനമന്ത്രിയും സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമിച്ചിട്ടില്ല. അദ്ദേഹം ജനാധിപത്യത്തെക്കുറിച്ച് ആവർത്തിച്ച് പ്രസംഗിക്കുമെങ്കിലും ജനാധിപത്യത്തിന്റെ മര്യാദകൾ പാലിക്കുന്നില്ലെന്നും ഖർഗെ പറഞ്ഞു. കോൺഗ്രസ് ജയിച്ചാൽ രാമക്ഷേത്രം ബുൾഡോസർ ഉപയോഗിച്ച് തകർക്കുമെന്നും 370–ാം ആർട്ടിക്കിൾ തിരിച്ചുകൊണ്ടുവരുമെന്നുമുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കും ഖർഗെ മറുപടി നൽകി.
‘‘ഞങ്ങൾ ആർക്കുമെതിരെ ബുൾഡോസർ ഉപയോഗിച്ചിട്ടില്ല. കോൺഗ്രസ് ഒരിക്കലും ചെയ്യാത്ത കാര്യങ്ങളെക്കുറിച്ചും തനിക്ക് നടപ്പാക്കാൻ കഴിയാത്ത കാര്യങ്ങളെക്കുറിച്ചും നിരന്തരം നുണ പ്രചരിപ്പിക്കുന്ന സ്വഭാവം മോദിക്കുണ്ട്. 370–ാം ആർട്ടിക്കിൾ പുനഃസ്ഥാപിക്കുമോയെന്ന കാര്യത്തിൽ മോദിയോട് മറുപടി പറയേണ്ട കാര്യമില്ല. തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ കാര്യങ്ങൾ ഞങ്ങൾ നടപ്പാക്കും’’–ഖർഗെ പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വരുന്ന ജൂൺ നാലിന് ശേഷം ഇന്ത്യാ സഖ്യം അധികാരത്തിൽ വരുമ്പോഴാണ് ഇന്ത്യയിൽ അച്ഛാ ദിൻ വരുകയെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. പ്രധാനമന്ത്രി ഞങ്ങളെ നേരത്തേ വ്യാജ ശിവസേനയെന്ന് വിളിച്ചു. നാളെ അദ്ദേഹം ആർഎസ്എസിനെ വ്യാജ സംഘ് എന്ന് വിളിക്കുമെന്നും താക്കറെ പറഞ്ഞു.