‘സ്മാരകത്തെപ്പറ്റി പർവതീകരിക്കേണ്ട ആവശ്യമില്ല; പങ്കെടുക്കണോ എന്നു തീരുമാനിക്കുന്നത് പാർട്ടി’
Mail This Article
കണ്ണൂർ ∙ പാനൂരിൽ ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം പണിയുന്നത് വിവാദമായതോടെ പ്രതികരണങ്ങളിൽനിന്ന് ഒഴിഞ്ഞുമാറി സിപിഎം. എല്ലാം ജില്ലാ നേതൃത്വത്തോട് ചോദിക്കണമെന്നാണു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞത്. പ്രതികരിക്കാനില്ലെന്നു സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പറഞ്ഞു.
‘ഇത് പ്രാദേശിക തലത്തിലുള്ള വിഷയമാണ്. അതിനെ പർവതീകരിച്ച് വാർത്തയാക്കി ചർച്ച ചെയ്യേണ്ട ആവശ്യമില്ല. പാർട്ടിയുടെ ജില്ലാ നേതൃത്വമാണ് അതു സംബന്ധിച്ച് മറുപടി നൽകേണ്ടത്. ഞാൻ പരിപാടിയിൽ പങ്കെടുക്കണോ വേണ്ടയോ എന്നത് തീരുമാനിക്കുന്നത് പാർട്ടിയാണ്. അതിൽ വേറെ ചർച്ചയില്ല.’– ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
നിർമാണത്തിനിടെ ബോംബ് പൊട്ടി കൊല്ലപ്പെട്ടതിനെത്തുടർന്നു നേതൃത്വം പരസ്യമായി തള്ളിപ്പറഞ്ഞ 2 പ്രവർത്തകരുടെ പേരിൽ സിപിഎം രക്തസാക്ഷി സ്മാരകമൊരുക്കിയതാണ് വിവാദമായത്. പാനൂർ ചെറ്റക്കണ്ടി തെക്കുംമുറി എകെജി നഗറിൽ പണിത ഷൈജു, സുബീഷ് രക്തസാക്ഷി സ്മാരക മന്ദിരം 22ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.