വയറ്റിൽ കത്രിക കിടന്നിടത്ത് മാംസപിണ്ഡം; ഹർഷിനയുടെ അഞ്ചാം ശസ്ത്രക്രിയ 21ന്
Mail This Article
കോഴിക്കോട് ∙ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയാ പിഴവിനെ തുടർന്ന് 7 വർഷത്തോളമായി ദുരിതം അനുഭവിക്കുന്ന പന്തീരാങ്കാവിലെ കെ.കെ.ഹർഷിനയ്ക്കു അഞ്ചാമത്തെ ശസ്ത്രക്രിയ 21ന് നടക്കും. അടിവയറിന്റെ ഇടതു ഭാഗത്ത് കത്രിക കിടന്ന സ്ഥലത്ത് രൂപപ്പെട്ട മാംസപിണ്ഡം നീക്കാനുള്ള ശസ്ത്രക്രിയയാണിത്. ഇതിനായി ഹർഷിനയെ തിങ്കളാഴ്ച സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കും. 2017 നവംബർ 30ന് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയതെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.
2022 സെപ്റ്റംബർ 17ന് നടത്തിയ ശസ്ത്രക്രിയയിലൂടെ കത്രിക (ആർട്ടറി ഫോർസെപ്സ്) പുറത്തെടുത്തു. കത്രിക കിടന്ന ഭാഗത്തെ ഗ്രന്ഥിക്കുള്ളിലെ പഴുപ്പ് രണ്ടു തവണ നീക്കി. എന്നിട്ടും വേദന മാറിയില്ല. സ്കാനിങ് പരിശോധനയിലാണ് ഇവിടെ മാംസപിണ്ഡം രൂപപ്പെട്ടതായി കണ്ടത്. ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കും പണമില്ലാത്ത അവസ്ഥയിലാണ് ഹർഷിനയും കുടുംബവും. സമര സമിതിയുടെ നേതൃത്വത്തിൽ ഹർഷിന ചികിത്സ നിയമ, സഹായ ഫണ്ട് സമാഹരണത്തിനു കേരള സൗത്ത് മലബാർ ഗ്രാമീണ ബാങ്ക് പെരുമണ്ണ ബ്രാഞ്ചിൽ അക്കൗണ്ട് തുടങ്ങി. നമ്പർ 40631101087219, IFSC KLGB 0040631, ഗൂഗിൾപേ 8606137435. നൽകുന്ന ഓരോ സഹായവും ഹർഷിനയ്ക്കു ഏറെ തുണയാവുമെന്ന് ചെയർമാൻ ദിനേശ് പെരുമണ്ണ പറഞ്ഞു.
കത്രിക കുടുങ്ങിയതിനെ തുടർന്നുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും പരിശോധനയ്ക്കും ചികിത്സയ്ക്കുമായി ലക്ഷങ്ങൾ ചെലവഴിച്ചെന്ന് ഹർഷിന പറഞ്ഞു. ചികിത്സയും സമരവുമെല്ലാമായി ഉപജീവന മാർഗം പോലും വഴിമുട്ടി. ഇപ്പോഴും നേരാംവണ്ണം ഇരിക്കാനോ നടക്കാനോ പറ്റുന്നില്ല. ഏറെ സമയവും കിടക്കുകയാണ്. വേദന കടിച്ചമർത്തിയാണ് ജീവിക്കുന്നത്. ഒപ്പമുണ്ടാകുമെന്ന് പറഞ്ഞ സർക്കാരിന്റെ പ്രഖ്യാപനം വാക്കുകളിൽ ഒതുങ്ങി. എന്തുകൊണ്ടാണ് ഈ അവഗണനയെന്നു സർക്കാർ വ്യക്തമാക്കണമെന്നും അവർ പറഞ്ഞു.