ADVERTISEMENT

കേരളത്തിലെ തിരഞ്ഞെടുപ്പു കഴിഞ്ഞെങ്കിലും വയനാട് ലോക്സഭാ മണ്ഡലത്തിലെ എംഎൽഎമാർ തിരഞ്ഞെടുപ്പു പ്രചാരണച്ചൂടിലാണ്. പ്രചാരണം ഗാന്ധികുടുംബത്തിന്റെ സ്വന്തം മണ്ഡലമായ റായ്ബറേലിയിലാണെന്ന് മാത്രം. വയനാട്ടിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ചുക്കാൻ പിടിച്ച, എംഎൽഎമാരായ ടി.സിദ്ദീഖ്, ഐ.സി.ബാലകൃഷ്ണൻ, എ.പി.അനിൽ കുമാർ എന്നിവരുൾപ്പെടെയുള്ളവർ റായ്ബറേലിയിലെ കടകളിലും വീടുകളിലും കയറിയിറങ്ങി രാഹുൽ ഗാന്ധിക്കു വേണ്ടി വോട്ട് തേടുകയാണ്. റായ്ബറേലിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ അനുഭവങ്ങളും രാഷ്ട്രീയ സാഹചര്യങ്ങളും ബത്തേരി എംഎൽഎ ഐ.സി.ബാലകൃഷ്ണൻ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു  

∙ റായ്ബറേലിയിൽ രാഹുൽ ഗാന്ധിക്കു വേണ്ടി പ്രചാരണത്തിനു പോകാൻ കാരണം? 
റായ്ബറേലിയിൽ കാലാകാലങ്ങളായി കോൺഗ്രസ് കുടുംബമാണ് മത്സരിക്കുന്നത്. അതുകൊണ്ടാണ് രാഹുൽ അവിടെ മത്സരിക്കാൻ തീരുമാനിച്ചത്. നിലവിൽ രാഹുൽ ഗാന്ധി വയനാട് എംപിയാണ്. അതുകൊണ്ട് അദ്ദേഹത്തിന്റെ രണ്ടാം മണ്ഡലത്തിലും പ്രചാരണത്തിന് എത്താൻ വയനാട്ടുകാർ എന്ന നിലയിൽ തീരുമാനിക്കുകയായിരുന്നു. 

∙ കേന്ദ്രത്തിൽ നിന്നുള്ള തീരുമാനപ്രകാരമാണോ അതോ സ്വന്തം തീരുമാനപ്രകാരമോ റായ്ബറേലിയിൽ പ്രചാരണത്തിനിറങ്ങിയത് ?
സ്വന്തം തീരുമാനപ്രകാരമാണ് റായ്ബറേലിയിൽ പ്രചാരണത്തിന് എത്തിയത്. 

∙ എങ്ങനെയാണ് റായ്ബറേലിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ രീതി ?
ബൂത്ത് കമ്മിറ്റി, പഞ്ചായത്ത് കമ്മിറ്റി, മണ്ഡലം കമ്മിറ്റി, ജില്ലാ കമ്മിറ്റി എന്നിങ്ങനെ വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ഇവിടെയും പ്രചാരണം നടക്കുന്നത്. റോഡ് ഷോകളിലും പ്രചാരണ യോഗങ്ങളിലും രാഹുൽ ഗാന്ധി പങ്കെടുക്കുന്നുണ്ട്. മൈക്ക് അനൗൺസ്മെന്റുകളും പോസ്റ്ററുകളുമെല്ലാം ഉണ്ട്. എന്നാൽ കേരളത്തിലേതുപോലെ വലിയ ഫ്ലക്സ് ബോർഡുകൾ അധികം ഇല്ല. പ്രാദേശിക തലത്തിൽ പ്രവർത്തകർ വോട്ടർമാരെ നേരിൽ കണ്ട് വോട്ട് തേടുന്നുണ്ട്. കേരളത്തിലേതുപോലെയുള്ള തിരഞ്ഞെടുപ്പ് പ്രചാരണം ഇവിടെ കാണാൻ സാധിക്കില്ല. 

∙ സമാജ്‌വാദി പാർട്ടിയുടെ പ്രവർത്തനം എങ്ങനെ ? 
സമാജ്‌വാദി പാർട്ടിയും കോൺഗ്രസും ഒരു ടീമായാണ് ഇവിടെ പ്രവർത്തിക്കുന്നത്. നരേന്ദ്ര മോദിക്കെതിരെ ശക്തമായ വികാരം താഴെത്തട്ടിലുണ്ട്. 

∙ നിങ്ങൾ ഏതു രീതിയിലുള്ള പ്രവർത്തനമാണ് നടത്തുന്നത് ?
ഞങ്ങൾ കടകളിലും സ്ഥാപനങ്ങളിലും കയറി വോട്ടഭ്യർഥിക്കുന്നുണ്ട്. ആളുകളെ കാണുന്നുണ്ട്. അപ്പോഴെല്ലാം മനസ്സിലാക്കാൻ സാധിക്കുന്നത് സോണിയ ഗാന്ധിയുടെ വലിയ സാന്നിധ്യം മണ്ഡലത്തിലുണ്ടായിരുന്നു എന്നതാണ്. സോണിയാ ഗാന്ധിയോടുള്ള അതേ അടുപ്പത്തിൽത്തന്നെ രാഹുൽ ഗാന്ധിയെ വിജയിപ്പിക്കും. സ്ഥാനാർഥിയുടെ പര്യടനം പോലെ തന്നെ, പ്രിയങ്ക ഗാന്ധിയും ഓരോ കോണിലും പ്രചാരണം നടത്തുന്നുണ്ട്.  

∙ രാഹുൽ ഗാന്ധി രണ്ട് മണ്ഡലത്തിലും ജയിച്ചാൽ ഏതു മണ്ഡലമാണ് നിലനിർത്തുക ?
അത് രാഷ്ട്രീയപരമായി എടുക്കേണ്ട തീരുമാനമാണ്. രാഹുൽ വയനാട് കൈവിടില്ല എന്നാണ് വിശ്വാസം.

∙ വയനാട്ടിൽ രാഹുൽ ഗാന്ധിക്കു വേണ്ടി തിരഞ്ഞെടുപ്പു പ്രചാരണം നടത്തിയവർ റായ്ബറേലിയിലും പ്രചാരണം നടത്തുന്നത് വയനാടിനെ വഞ്ചിക്കലാണെന്നും രാഹുൽ വയനാട്ടിൽ തോൽക്കട്ടെ എന്നുള്ളതുകൊണ്ടാണെന്നും ആരോപണമുണ്ട്. 
കഴിഞ്ഞ തവണ രാഹുൽ അമേഠിയിലും വയനാട്ടിലും മത്സരിച്ചു. കഴിഞ്ഞ തവണയും ഞങ്ങൾ അമേഠിയിൽ രാഹുലിനു വേണ്ടി പ്രചാരണം നടത്തിയവരാണ്. അപ്പോൾ ആ ആരോപണത്തിന് അടിസ്ഥാനമില്ല. വയനാട്ടിൽ രാഹുൽ ഒരിക്കലും തോൽക്കില്ല. മൂന്നര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനെങ്കിലും രാഹുൽ ജയിക്കും. ആ ബോധ്യത്തോടെയാണ് റായ്ബറേലിയിലും പ്രചാരണത്തിന് എത്തിയത്. 

∙ വയനാട്ടിൽ മാത്രം മത്സരിച്ചാൽ മതി എന്ന നിലപാടിലായിരുന്നല്ലോ രാഹുൽ ഗാന്ധി. അവസാന നിമിഷമാണ് റായ്ബറേലിയിൽ പത്രിക സമർപ്പിക്കുന്നത്. അവസാന നിമിഷം അങ്ങനെ ഒരു തീരുമാനത്തിൽ എത്താൻ കാരണം?നൂറുവർഷത്തിലധികമായി ഗാന്ധി കുടുംബത്തിന് റായ്ബറേലിയുമായി ബന്ധമുണ്ട്. സോണിയ ഗാന്ധിക്കു ശേഷം ആ കുടുംബത്തിലെ മൂത്ത ആൾ രാഹുൽ ഗാന്ധിയാണ്. അതുകൊണ്ടാണ് രാഹുൽ തന്നെ നിൽക്കട്ടെ എന്ന തീരുമാനത്തിൽ എത്തിയത്. സഖ്യ കക്ഷികളുടെ താൽപര്യവും അതു തന്നെയായിരുന്നു. എന്നാൽ വയനാടാണ് രാഹുൽ ഗാന്ധിയുടെ പ്രഥമ പരിഗണന. അത് അദ്ദേഹം വളരെ വ്യക്തമായി പറഞ്ഞുകഴിഞ്ഞതാണ്. 

∙ വയനാട്ടിലും റായ്ബറേലിയിലും രാഹുൽ ജയിക്കുകയും വയനാട് നിലനിർത്തുകയും ചെയ്താൽ പ്രിയങ്ക റായ്ബറേലിയിൽ മത്സരിക്കുമോ ?അങ്ങനെ ഒരു സാധ്യത നിലനിൽക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ അതിനെക്കുറിച്ച് പറയാൻ സാധിക്കില്ല. 

∙ എന്താണ് ഉത്തർപ്രദേശിലെ രാഷ്ട്രീയ സ്ഥിതി ?
കോൺഗ്രസിന് പഴയ പ്രതാപത്തിലേക്കു തിരിച്ചെത്താൻ കഴിഞ്ഞിട്ടില്ല എന്നത് വസ്തുതയാണ്. എന്നാൽ യോഗി ആദിത്യനാഥും പ്രധാനമന്ത്രിയും തമ്മിൽ എന്തൊക്കെയോ പ്രശ്നങ്ങൾ പുകയുന്നുണ്ട്. അത് താഴെത്തട്ടിലെ പ്രവർത്തനത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ തവണത്തേക്കാൾ അനുകൂലമായ സാഹചര്യമാണ് നിലവിൽ കോൺഗ്രസിന് ഉത്തർപ്രദേശിലുള്ളത്.

English Summary:

Special Interview with I. C. Balakrishnan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com