ADVERTISEMENT

കൊച്ചി ∙ ഞായറാഴ്ച വൈകിട്ട് രാത്രി എട്ടരയോടെ തന്റെ മത്സ്യക്കൂട്ടിൽ ലൈറ്റും ഇട്ടിട്ട് വീട്ടിലേക്കു പോയതാണ് വരാപ്പുഴ സ്വദേശി സുധീപ് കെ.ആർ. എന്നാൽ അര മണിക്കൂറിനുള്ളിൽ ഒരു വാർത്തയെത്തി. പെരിയാറിൽ വ്യാപകമായി മീൻ ചത്തുപൊങ്ങുന്നു. സുധീപിന്റെ കൂട്ടിലെ മീനുകളെല്ലാം ഒരു മണിക്കൂറിനുള്ളിൽത്തന്നെ ചത്തു. വെള്ളത്തിന് പാൽ നിറവും ദുർഗന്ധവും ഉണ്ടായിരുന്നുവെന്ന് അദ്ദേഹം ഓർമിക്കുന്നു. പലരുടെയും ജീവനോപാധി കൂടിയാണ് ഇതോടെ ഇല്ലാതായത്. ഒപ്പം ലക്ഷക്കണക്കിന് രൂപയുടെ കടവും. ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫിസിനു മുന്നിൽ ജനങ്ങളുടെ പ്രതിഷേധം ആളിക്കത്തിയതിന്റെ കാരണവും ഇവിടെ ഉണ്ടായ ദുരന്തത്തിന്റെ വ്യാപ്തിയാണ്.

ഇടയാർ വ്യവസായ മേഖലയിൽ നിന്നുള്ള, തുകൽ സംസ്കരണ ഫാക്ടറികളടക്കം മാലിന്യം പുഴയിലേക്കു വിട്ടതാണ് ദുരന്തത്തിനു കാരണമെന്ന് മത്സ്യക്കൂടു കർഷകരിൽ പലരും പറയുന്നു. നാട്ടുകാരെ കാണിക്കാൻ, പുഴയിലേക്ക് തുറക്കുന്ന പൈപ്പുകൾ മുകളിലുണ്ട്. അതുപോലെ പുഴയുടെ അടിയിൽ കൂടിയും പൈപ്പ് ഇട്ടിട്ടുണ്ടെന്നും അതിലൂടെയാണ് ഈ രാസമാലിന്യങ്ങൾ പെരിയാറിലേക്ക് ഒഴുക്കുന്നതെന്നും സുധീപ് ആരോപിക്കുന്നു. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് വരാപ്പുഴ, ചേരാനെല്ലൂർ, കടമക്കുടി, കോട്ടുവള്ളി പഞ്ചായത്തുകളിലായി കൂടുമത്സ്യകൃഷിക്കാർക്ക് ഉണ്ടായത്. 

Photo-ടോണി ഡൊമനിക്, മനോരമ
Photo-ടോണി ഡൊമനിക്, മനോരമ

സ്വാശ്രയ സംഘങ്ങളിൽ നിന്നു വായ്പയെടുത്തും സുഹൃത്തുക്കളിൽനിന്നും ബന്ധുക്കളിൽനിന്നുമൊക്കെ കടം വാങ്ങിയുമാണ് സുധീപിനെ പോലുള്ളവർ മത്സ്യക്കൃഷിക്കൂട് തുടങ്ങിയത്. പലരും ഇത്തവണ കൂടുതലും കരിമീനും കാളാഞ്ചിയുമാണ് വളർത്തിയത്. 2500 കുഞ്ഞുങ്ങൾ വീതമുള്ള ഏഴു കൂടുകളായിരുന്നു സുധീപിനുണ്ടായിരുന്നത്. ഒരു കാളാഞ്ചിക്ക് 45 രൂപ, കരിമീന് 10–15 രൂപ, ചെമ്പല്ലി 60–80 രൂപ എന്നിങ്ങനെയാണ് മത്സ്യക്കുഞ്ഞുങ്ങളുടെ വില. അഞ്ചു മാസം മുമ്പായിരുന്നു സുധീപ് ഇത്തവണത്തെ കൃഷിക്ക് തുടക്കം കുറിച്ചത്. ഇതുവരെ 5 ലക്ഷം രൂപ ചെലവായി. ഡിസംബർ–ജനുവരി മാസത്തിൽ വിളവെടുക്കാം എന്നു കരുതിയിരിക്കുമ്പോഴാണ് ഇടിത്തീ പോലെ ദുരന്തം വന്നത്. 

‘‘15 ലക്ഷം രൂപ വിറ്റുവരവ് പ്രതീക്ഷിച്ചിരുന്നു. അതിൽ തന്നെ ഒന്നര, രണ്ടു ലക്ഷമേ ലാഭം കിട്ടൂ. ചെമ്മീൻ, ചാള പോലുള്ള ചെറുമീനുകളാണ് ഇവയ്ക്ക് തീറ്റയായി നൽകുന്നത്. മീൻ കുഞ്ഞുങ്ങളെ വാങ്ങിയതിന്റെ 30–40% സബ്സിഡിയായി കിട്ടി. തീറ്റ വാങ്ങിയതിന്റെ പണം കിട്ടാനുണ്ട്’’, സുധീപ് പറയുന്നു. 

Photo- ടോണി ഡൊമനിക്, മനോരമ
Photo- ടോണി ഡൊമനിക്, മനോരമ

ചേരാനെല്ലൂരിൽ ‍ഗ്രാറ്റസ് ഫാം നടത്തുന്ന ജോളി വി.എന്നിന് നഷ്ടം 13 ലക്ഷത്തോളം രൂപയാണ്. ഫാമും കൂടുകളും പരിസരവും വൃത്തിയാക്കാൻ അഞ്ചു ജോലിക്കാരുണ്ട്. മീനുകള്‍ ചീഞ്ഞ് മണ്ണിനടിയിലേക്കു പോകുന്നതു മൂലം വൃത്തിയാക്കൽ വലിയ ബുദ്ധിമുട്ടാണ്. ടൺ കണക്കിന് മീനുകളെയാണ് പലയിടത്തും കോരി മാറ്റേണ്ടത്. വെള്ളത്തിലേക്കു തന്നെ ഇവയെ കോരിക്കളഞ്ഞവരും കുറവല്ല. മീനുകൾ ചത്തുപൊങ്ങിയ കൂടുകളുടെ ഒരു കിലോമീറ്റർ ദൂരെവരെ കനത്ത ദുർഗന്ധമാണ്. കരയിൽ പലയിടത്തും മീനുകൾ അടിഞ്ഞു കിടക്കുന്നു. തെരുവുനായ്ക്കൾ അവ പലയിടത്തും കൊണ്ടുപോയി ഇടുന്നു. പല വീടുകളിലും കുട്ടികളെയൊക്കെ ദൂരെയുള്ള ബന്ധുവീടുകളിലേക്കും മറ്റും മാറ്റിയിട്ടുണ്ട്.

Photo-Special Arrangement
Photo-Special Arrangement

1000 മീനുകൾ വീതമുള്ള 13 കൂടുകളാണ് ജോളിക്കുണ്ടായിരുന്നത്. കാളാഞ്ചി, കരിമീൻ, തിലാപ്പിയ എന്നിവയായിരുന്നു പ്രധാനം. മുൻ വർഷങ്ങളിലും വെള്ളത്തിലെ മാലിന്യം മൂലം 10–20 ശതമാനം കുഞ്ഞുങ്ങൾ ചത്തുപോയിരുന്നു. ഇത്തവണ പക്ഷേ ജോളിക്ക് മുഴുവൻ മീനുകളെയും നഷ്ടപ്പെട്ടു. മൂന്നു ചീനവലകൾ ഉണ്ടായിരുന്നതിൽനിന്ന് ദിവസം 1500 രൂപയെങ്കിലും വരുമാനം കിട്ടിയിരുന്നു, ഇനി ആറു മാസത്തേക്ക് അതും കിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. 

എല്ലാ വർഷവും മഴക്കാലം ആരംഭിക്കുമ്പോൾ പലരും മാലിന്യങ്ങള്‍ പെരിയാറിലേക്ക് തുറന്നുവിടാറുണ്ടെന്നും ജലസേചന വകുപ്പും മലിനീകരണ ബോർഡും തമ്മിലുള്ള ഒത്തുകളിയാണ് നടക്കുന്നതെന്നും സുധീപ് ആരോപിക്കുന്നു. ‘‘സാധാരണയായി മാലിന്യം തുറന്നു വിട്ടതിന്റെ പിന്നാലെ ജലസേചന വകുപ്പ് ബണ്ട് തുറന്നു വിടാറുണ്ട്. ഇത്തവണ അതു താമസിച്ചതു കൊണ്ടാണ് ദുരന്തം ഉണ്ടായത്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് വെള്ളത്തിന്റെ സാംപിൾ എടുത്തത് ഉച്ചയോടെയാണ്. അതിൽനിന്നു തെളിവൊന്നും ലഭിക്കില്ല. രാവിലെ ബോർഡ് ഓഫിസിനു മുന്നിൽ പ്രതിഷേധത്തിനു പോയിരുന്നു. അവർ എടുത്ത സാംപിൾ കാണിക്കാൻ പഞ്ചായത്ത് മെമ്പർ‌ അടക്കമുള്ളവർ ആവശ്യപ്പെട്ടെങ്കിലും കാണിച്ചില്ല’’ – സുധീപ് പറയുന്നു.  

മുമ്പും കൂട്ടത്തോടെ മീനുകൾ ചത്തു പൊങ്ങുമായിരുന്നെന്നും ആളുകൾ അത് എടുക്കുമായിരുന്നെന്നും ഈ മേഖലയിലുള്ളവർ പറയുന്നു. എന്നാൽ കൂടുകൃഷി തുടങ്ങിയിതിനു ശേഷമാണ് ഫാക്ടറി മാലിന്യം മൂലമാണ് മീനുകൾ ചാകുന്നതെന്ന് ആളുകൾക്ക് മനസ്സിലായത്. അതോടെ ഇത് ഉപയോഗിക്കുന്നത് നിർത്തി. 

ഇനി ഹൈക്കോടതിയെ സമീപിക്കാനാണ് മത്സ്യകൃഷിക്കാരുടെ നീക്കം. ഇപ്പോഴുണ്ടായ ദുരന്തത്തിന്റെ ഉത്തരവാദികൾക്കെതിരെ കർശന നടപടി വേണമെന്നാണ് അവരുടെ ആവശ്യം. ‘‘അത്ര വലിയ നഷ്ടമാണ് ഉണ്ടായത്. ഇനി ഞങ്ങൾ കടം വാങ്ങിയ ആളുകൾ ഉടൻ തിരിച്ചു ചോദിച്ചു തുടങ്ങും. അത് കൂടുതൽ ബുദ്ധിമുട്ടിലേക്കാണ് കൊണ്ടുപോവുക’’, സുധീപ് പറയുന്നു. 

Photo- ടോണി ഡൊമനിക് , മനോരമ
Photo- ടോണി ഡൊമനിക് , മനോരമ

‘‘വീടിന്റെ ആധാരവും താലിമാലയും വരെ പണയം വച്ച് ചെയ്ത കൃഷിയാണ് ഒറ്റ ദിവസം കൊണ്ടു പോയിരിക്കുന്നത്. അവർ ചിലപ്പോൾ കുറ‍ച്ചു മത്സ്യക്കുഞ്ഞുങ്ങളെ നഷ്ടപരിഹാരമായി നൽകുമായിരിക്കും. അതുകൊണ്ട് ഒന്നുമാകില്ല. ഒന്നര– രണ്ടു ലക്ഷം രൂപ വരെ ഒരു കൂടിന് ചെലവാകുന്നുണ്ട്. എട്ടും പത്തും കൂടുണ്ടായിരുന്ന ഓരോ കർഷകർക്കും 15–20 ലക്ഷം രൂപ വരെ നഷ്ടമായിട്ടുണ്ട്’’ ഏലൂരിലെ പ്രതിഷേധത്തിൽ പങ്കെടുത്തവരിൽ ഒരാൾ പറയുന്നു. 

ഒരു മത്സ്യവും ഇപ്പോൾ പുഴയിലില്ലെന്നും ആറു മാസം കഴിയാതെ ഒരു മത്സ്യക്കുഞ്ഞു പോലും പുഴയിലേക്ക് വരില്ലെന്നും ഇവിടുത്തുകാർ പറയുന്നു. ഇന്ന് നടന്ന പ്രതിഷേധത്തെ തുടർന്ന്, നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കാന്‍ ഏഴു ദിവസത്തിനുള്ളിൽ സർക്കാരിന് റിപ്പോർട്ട് നൽകും, കൂടുകൃഷി നശിച്ചു പോയവർക്ക് ആറു മാസത്തേക്ക് സൗജന്യ റേഷൻ നൽകാൻ സർക്കാരിന് ശുപാർശ ചെയ്യും, രാസമാലിന്യങ്ങൾ ഒഴുക്കിയ കമ്പനികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കും തുടങ്ങിയ കാര്യങ്ങളൊക്കെ മലിനീകരണ നിയന്ത്രണ ബോർഡ് ചീഫ് എൻജിനീയർ വ്യക്തമാക്കിയിരുന്നു. എന്നാൽ മത്സ്യങ്ങൾ ചത്തു പൊങ്ങുന്ന കാര്യം നേരത്തേ അറിയിച്ചിട്ടും ഒരു നടപടിയും എടുക്കാത്തവരാണ് ഇപ്പോൾ വാഗ്ദാനങ്ങൾ നൽകുന്നത് എന്ന പറയുന്നവരും ഉണ്ട്. 

English Summary:

Mass fish death in Periyar : Fish farmers suffer huge loss

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com