ADVERTISEMENT

തിരുവനന്തപുരം∙ ഒരു സ്ത്രീക്കു വധശിക്ഷ വിധിക്കുന്ന കേസ്, അമ്മയ്ക്കും മകനും ഒരുമിച്ച് വധശിക്ഷ വിധിക്കുന്ന കേസ് തുടങ്ങി അപൂര്‍വതകളാണ് വിഴിഞ്ഞം മുല്ലൂര്‍ ശാന്തകുമാരി വധക്കേസിലുണ്ടായിരിക്കുന്നത്. പ്രതികള്‍ ക്രൂരമായ ക്രിമിനല്‍ സ്വഭാവമുള്ളവരാണെന്നും മുന്‍പും റിപ്പര്‍ മോഡല്‍ കൊലപാതകം നടത്തിയിട്ടുണ്ടെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതി അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന് പരിഗണിച്ച് വധശിക്ഷ വിധിച്ചത്. 2022 ജനുവരി 14-നാണ് മുല്ലൂര്‍ സ്വദേശി ശാന്തകുമാരി കൊല്ലപ്പെട്ടത്. ശാന്തകുമാരിയുടെ വീടിനടുത്ത് വാടകയ്ക്ക് താമസിച്ചിരുന്ന  കോവളം സ്വദേശി റഫീഖാ ബീവി, മകന്‍ ഷഫീഖ്, കൂടെ താമസിച്ചിരുന്ന അല്‍ അമീന്‍ എന്നിവരാണ് പ്രതികള്‍. 

സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന ശേഷം 71കാരിയായ ശാന്തകുമാരിയെ കൊന്ന് വീടിന്റെ മച്ചില്‍ ഒളിപ്പിച്ച ശേഷം പ്രതികള്‍ കടന്നുകളഞ്ഞുവെന്നാണ് കേസ്. എപിപി അജികുമാര്‍ പാറശാലയാണ് വാദിഭാഗത്തിനു വേണ്ടി ഹാജരായത്. 

കൃത്യം ഒരു വര്‍ഷം മുന്‍പ് 2021 ജനുവരി 14-ന് കോവളത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയത് ഇതേ പ്രതികള്‍ തന്നെയാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു. അന്നും അയല്‍വാസിയായ പെണ്‍കുട്ടിയാണ് ഇവരുടെ ക്രൂരതയ്ക്ക് ഇരയായത്. 

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്നാം പ്രതി ലൈംഗികമായി ചൂഷണം ചെയ്തിരുന്നു. കുട്ടി ഗര്‍ഭിണിയായതോടെ പുറത്തറിയാതിരിക്കാന്‍ അവളെ ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയെ എടുത്തുവളര്‍ത്തിയിരുന്ന മാതാപിതാക്കള്‍ ഉള്‍പ്പെടെ സംശയത്തിന്റെ നിഴലിലെത്തി. എന്നാല്‍ ആര്‍ക്കും സംശയം തോന്നാത്ത തരത്തില്‍ പ്രതികള്‍ അവിടെനിന്നു രക്ഷപ്പെട്ട് വിഴിഞ്ഞത്തേക്കു മാറുകയായിരുന്നു. 

വിഴിഞ്ഞത്ത് എത്തി വാടകവീട്ടില്‍ താമസമാക്കിയ ശേഷവും അയല്‍വാസികള്‍ക്കൊന്നും സംശയത്തിന് ഇടനല്‍കുന്ന യാതൊരു പെരുമാറ്റവും പ്രതികളുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ല. എന്നാല്‍ യാതൊരു ഭാഗഭേദവുമില്ലാതെ അടുത്ത കൊടുംക്രൂരതയ്ക്ക് പദ്ധതിയിടുകയായിരുന്നു പ്രതികള്‍. വാടകവീട് ഒഴിയുന്ന ദിവസം അയല്‍വാസിയായ ശാന്തകുമാരിയെ കൊലപ്പെടുത്തി സ്വര്‍ണം കവര്‍ന്ന് കടന്നുകളയാനുള്ള പദ്ധതിയാണ് ഇവര്‍ ആസൂത്രണം ചെയ്തത്. രാവിലെ പത്തരയോടെ ശാന്തകുമാരിയെ പ്രതികള്‍ വീട്ടിലേക്ക് വിളിച്ച് വരുത്തി. സംസാരിച്ചു നില്‍ക്കേ ഷഫീഖും അല്‍ അമീനും പിന്നിലൂടെ എത്തി ഷാള്‍ ഉപയോഗിച്ച് ശാന്തകുമാരിയുടെ കഴുത്തില്‍ മുറുക്കി. ശബ്ദം പുറത്തുകേള്‍ക്കാതിരിക്കാന്‍ ശാന്തകുമാരി ഉടുത്തിരുന്ന സാരിയുടെ തുമ്പ് അവരുടെ  വായില്‍ തിരുകി. 

ഈ സമയം റഫീഖാ ബീവി ശാന്തകുമാരിയുടെ തലയിലും നെറുകയിലും ചുറ്റികകൊണ്ട് ശക്തിയായി അടിക്കുകയായിരുന്നു. തുടര്‍ന്ന്  ശാന്തകുമാരിയുടെ സ്വര്‍ണമാലയും രണ്ട് വളകളും കമ്മലും മോതിരവുമടക്കം ഏഴരപ്പവന്‍ കവര്‍ന്നെടുത്ത ശേഷം ശരീരമാകെ സാരി ചുറ്റി വലിച്ച് തട്ടിനു മുകളിലെത്തിച്ചു. തുടര്‍ന്ന് വീടു പൂട്ടി താക്കോല്‍ വാതിലില്‍ തന്നെ വച്ച് ഓട്ടോയില്‍ വിഴിഞ്ഞത്തെത്തി. ആഭരണങ്ങളില്‍ ചിലത് വിറ്റ ശേഷം ഇവര്‍ രക്ഷപ്പെടുകയായിരുന്നു. കവര്‍ന്ന സ്വര്‍ണവുമായി നാടുവിടുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. എന്നാല്‍ വൈകിട്ട് വീട്ടുടമയുടെ മകന്‍ എത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. 

വീട് തുറന്നു നോക്കിയ ഇയാള്‍ തട്ടിന് മുകളില്‍ നിന്ന് രക്തം വാര്‍ന്നു വീഴുന്നതും രണ്ട് കാലുകളും കണ്ടു. ഇതോടെ  നാട്ടുകാരെയും വിഴിഞ്ഞം പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പ്രതികളിലൊരാളുടെ മൊബൈല്‍ നമ്പര്‍ ശേഖരിച്ച് പൊലീസ് അന്വേഷണമാരംഭിച്ചു. ഇവര്‍ കോഴിക്കോട്ടേക്കുള്ള ബസില്‍ സഞ്ചരിക്കുന്നത് മനസിലാക്കി പിന്‍തുടര്‍ന്ന് കഴക്കൂട്ടത്ത് വച്ച് പിടികൂടുകയായിരുന്നു. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലിനിടെയാണ് ഒരു വര്‍ഷം മുന്‍പ് കോവളത്ത് പെണ്‍കുട്ടിയെ കൊന്ന സംഭവം പുറത്തറിഞ്ഞത്. ഒരുത്തന്‍ കാരണം കോവളത്തുനിന്ന് പോകേണ്ടിവന്നു ഇപ്പോള്‍ മറ്റൊരുത്തന്‍ കാരണം വിഴിഞ്ഞത്തുനിന്നും എന്ന റഫീഖാ ബീവിയുടെ വാക്കുകളാണ് പ്രതികളെ കുടുക്കിയത്. 

English Summary:

Mullur shanthakumari case explainer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com