404 error
Change mode
404 Error
PAGE NOT FOUND

We’re sorry, we seem to have lost this page, but we don’t want to lose you.

കോഴിക്കോട്∙ അജ്ഞാതനായ ആളുടെ അന്ത്യകർമം നടത്തുമ്പോൾ സുരഭി കരുതിയിരുന്നില്ല ആ മൃതദേഹത്തെ തേടി ആരെങ്കിലും വരുമെന്ന്. ആശുപത്രിയിൽ അസുഖ ബാധിതനായി കിടന്ന അച്ഛനെ പരിചരിക്കുന്നതിനിടെയാണു തൊട്ടടുത്തു കിടന്ന, യാതൊരു പരിചയവും ഇല്ലാത്ത സലീമിനെ സുരഭി മോഹൻ ശ്രദ്ധിച്ചത്. തുടർന്ന് സലീമിന്റെ പരിചരണത്തിന്റെ ഉത്തരവാദിത്തം സുരഭി ഏറ്റെടുക്കുകയായിരുന്നു. മരണാനന്തര ചടങ്ങുകൾ വരെ അതു തുടർന്നു. ഒടുവിൽ ആ മൃതദേഹത്തിന് അവകാശികളെത്തി. കൊല്ലം ജില്ലാ ആശുപത്രിയിൽ ജോലി ചെയ്യുന്ന സീനിയർ നഴ്സിങ് ഓഫിസറാണ് കല്ലട സ്വദേശിയായ സുരഭി.

ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കായി സുരഭിയുടെ അച്ഛനെ പ്രവേശിപ്പിച്ചിരുന്നു. 2023 ഡിസംബർ 12നാണ് സലീമിനെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തെരുവിൽനിന്നാണ് സലീമിനെ ആശുപത്രിയിൽ എത്തിച്ചതെന്നാണു വിവരം. അടുത്തടുത്ത കട്ടിലുകളിലായിരുന്നു സുരഭിയുടെ അച്ഛനും സലീമും കിടന്നത്. അച്ഛനു ഭക്ഷണം കൊണ്ടുവരുമ്പോൾ സലീമിനുള്ളതും സുരഭി കരുതും. അങ്ങനെ സലീമിന്റെ ഉത്തരവാദിത്തവും സുരഭിക്കായി. പിന്നീട് സീലിമിനെ മറ്റൊരു വാർഡിലേക്കു മാറ്റിയെങ്കിലും ഭക്ഷണം നൽകുന്നത് തുടർന്നു. മൂന്നാഴ്‌ചയ്‌ക്കുശേഷം സലിം മരിച്ചു.

മൃതദേഹം മോർച്ചറിയിലേക്കു മാറ്റി. സ്‌ട്രെച്ചറിൽ ‘സലിം, C/O സുരഭി മോഹൻ, ജില്ലാ ആശുപത്രി സീനിയർ നഴ്‌സിങ് ഓഫിസർ’ എന്ന് എഴുതിയ കുറിപ്പ് ഒട്ടിച്ചു. മൃതദേഹത്തിന് അവകാശികളില്ലാതെ വന്നതോടെ മാസങ്ങളോളം മോർച്ചറിയിൽ കിടന്നു. ഏപ്രിൽ 28ന് ആരോഗ്യവകുപ്പിന്റെ നിർദേശത്തെ തുടർന്ന് മൃതദേഹം പഠനാവശ്യങ്ങൾക്കായി കൊല്ലത്തെ സ്വകാര്യ ആശുപത്രിക്കു കൈമാറാൻ തീരുമാനമായി. സലീമിന്റെ മൃതദേഹം മാറ്റാനുള്ള ഉത്തരവ് വന്നപ്പോൾ അദ്ദേഹത്തിനു വേണ്ട അന്ത്യകർമങ്ങൾ ചെയ്യണമെന്നു സുരഭിക്ക് തോന്നി. അവസാന നാളുകളിൽ സലീമിനെ പരിചരിച്ചതുകൊണ്ടുള്ള അടുപ്പമായിരുന്നു കാരണം. സഹപ്രവർത്തകരുമായി ചർച്ച ചെയ്യുകയും പൊലീസ് സർജന്റെ ഓഫിസിൽനിന്ന് അനുവാദം വാങ്ങുകയും ചെയ്‌തതിനെത്തുടർന്നു മേയ് രണ്ടിനു സലിമിന്റെ അന്ത്യകർമങ്ങൾ നടത്തി. പുരോഹിതരെ വരുത്തി ഇസ്‌ലാമിക രീതിയിലാണു മരണാനന്തര കർമങ്ങൾ നടത്തിയത്. 

സുരഭി അജ്ഞാതനായ ആളുടെ അന്ത്യകർമങ്ങൾ നടത്തിയത് വാർത്തയായതോടെയാണ് സംഭവത്തിന്റെ ഗതി മാറിയത്. ഈ വാർത്ത കണ്ടപ്പോൾ പതിനെട്ടു വർഷം മുൻപു കോഴിക്കോട് ബാലുശ്ശേരിക്കടുത്തുനിന്നു കാണാതായ സലിം ആണ് മരിച്ചതെന്നു ബന്ധുക്കൾക്കു സംശയം തോന്നി. തുടർന്നു ബന്ധുക്കൾ കൊല്ലത്തെത്തി അന്വേഷണത്തിനൊടുവിൽ കാന്തപുരം മുണ്ടോചാലിൽ അബ്ദുൽ സലീം (70) ആണു മരിച്ചതെന്നു കണ്ടെത്തി.  മദ്രാസാധ്യാപകനായിരുന്ന സലീമിനെ 2006ൽ ആണു കാണാതായത്. അപ്പോൾ 52 വയസ്സായിരുന്നു. ഉണ്ണികുളം പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പതിനൊന്നാം വാർഡിൽ സലീം സ്വതന്ത്രനായി മത്സരിച്ചിരുന്നു. അതിനുശേഷമാണ് അപ്രത്യക്ഷനാകുന്നത്. പൊലീസും ബന്ധുക്കളും ഒരുപാട് അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.

മരണാനന്തര ചടങ്ങുകൾക്കു പിന്നാലെ വന്ന വാർത്തയും പടവും കണ്ടു സലീമിന്റെ സൗദിയിലുള്ള ബന്ധുക്കൾ കൊല്ലത്തെ പൊതുപ്രവർത്തകരെ ബന്ധപ്പെട്ടു. ബന്ധുക്കൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മൃതദേഹം തിരിച്ചറിഞ്ഞു വിട്ടുനൽകുകയായിരുന്നു. പഠനാവശ്യത്തിനായി രാസവസ്തുക്കൾ പ്രയോഗിച്ചിരുന്നതിനാൽ മൃതദേഹത്തിന്റെ ഡിഎൻഎ പരിശോധന നടത്താനായില്ല. കഴിഞ്ഞ ദിവസം രാത്രി കാന്തപുരം കൊയിലോത്തുകണ്ടി ജുമാ മസ്ജിദിൽ സലീമിന്റെ മൃതദേഹം കബറടക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com