ADVERTISEMENT

തിരൂർ ∙ ഗാർഹിക പീഡന കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത യുവാവ് പ്ര‍തിയല്ലെന്ന് തെളിഞ്ഞതിനെ തുടർന്ന് കോടതി വിട്ടയച്ചു. പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്ത് വെളിയങ്കോട് ആലുങ്ങൽ സ്വദേശി അബൂബക്കറി(42)നെയാണ് നാലു ദിവസത്തെ ജയിൽവാസത്തിനു ശേഷം തിരൂർ കുടുംബ കോടതി പ്ര‍തിയല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിട്ടയച്ചത്. ഗാർഹിക പീഡനക്കേസിൽ വെളിയങ്കോട് സ്വദേശിയായ മറ്റൊരു അബൂബക്കറിനെതിരെ അയാളുടെ ഭാര്യ നൽകിയ പരാതിയിലാണ് പൊന്നാനി പൊലീസ് വീട്ടിലെത്തി ആലുങ്ങൽ അബൂബക്കറിനെ അറസ്റ്റ് ചെയ്തത്. പിന്നീട് കോടതി റിമാൻഡ് ചെയ്ത ഇയാളെ തവനൂർ ജയിലിലേക്ക് മാറ്റിയിരുന്നു.

നാലു ദിവസത്തിനുശേഷം ഇയാളുടെ ജാമ്യം എടുക്കുന്നതിനായി ബന്ധുക്കൾ അഭിഭാഷകനെ സമീപിച്ചപ്പോഴാണ് കുടുംബ കോടതിയിൽ നിന്ന് പൊലീസിന് ലഭിച്ച സമൻസിനെ തുടർന്നാണ് അബൂബക്കറിനെ അറസ്റ്റ് ചെയ്തതെന്ന വിവരം ലഭിച്ചത്. അറസ്റ്റിലായ അബൂബക്കറിനെതിരെ രണ്ടു വർഷം മുൻപ് ഭാര്യ പരാതി നൽകിയിരുന്നു. ഈ കേസിലായിരിക്കും അറസ്റ്റ് എന്നു കരുതി ഇയാൾ പൊലീസ് എത്തിയപ്പോൾ എതിർപ്പൊന്നും പ്രകടിപ്പിക്കാതെ അവരുടെ കൂടെ സ്റ്റേഷനിൽ എത്തുകയായിരുന്നു. ഇയാളുടെ ഭാര്യ വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോഴാണ് കുടുംബ കോടതിയിൽ അവർ അബൂബക്കറിന് എതിരെ ഇങ്ങനെ ഒരു പരാതി നൽകിയിരുന്നില്ലെന്ന വിവരം ലഭിച്ചത്.

തുടർന്ന് അഭിഭാഷകനെ കണ്ട് കുടുംബ കോടതിയിൽ ഹർജി സമർപ്പിച്ചതിനെ തുടർന്ന് കേസ് പരിഗണിച്ചപ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്ത അബൂബക്കറിന് എതിരെയല്ല മറ്റൊരു അബൂബക്കറിന് എതിരെയാണ് പരാതിക്കാരിയായ അയാളുടെ ഭാര്യ കുടുംബ കോടതിയെ സമീപിച്ചതെന്ന് ബോധ്യപ്പെട്ടത്. കുടുംബ കോടതി ഗാർഹിക പീഡനക്കേസിൽ ജീവനാംശം നൽകാത്തതിന് പൊലീസിന് നൽകിയ സമൻസിലെ പ്ര‍തി പൊന്നാനി വെളിയങ്കോട് വടക്കേപുറത്ത് ആലുങ്ങൽ അബൂബക്കർ(52) ആണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് തടവ് ശിക്ഷ അനുഭവിച്ച അബൂബക്കറിനെ കോടതി വിട്ടയക്കുകയായിരുന്നു.

ഇതു സംബന്ധിച്ച് പൊന്നാനി പൊലീസിന്റെ വിശദീകരണം ഇങ്ങനെ: കോടതിയിൽ നിന്നും ലഭിച്ച സമൻസ് പ്ര‍കാരം വെളിയങ്കോട് വടക്കേപ്പുറം ആലുങ്ങൽ അബൂബക്കർ എന്ന ആളെ തേടിയാണ് നാട്ടിലെത്തിയത്. നാട്ടുകാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച ശേഷമാണ് ആലുങ്ങൽ അബൂബക്കർ എന്ന ആളെ കസ്റ്റഡിയിൽ എടുത്തതും പിന്നീട് അറസ്റ്റു രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി തവനൂർ ജയിലിൽ ആക്കിയതും.

ഇയാൾ പൊലീസിനോടും കോടതിയിലും കുറ്റം ഏറ്റു പറഞ്ഞതിനെ തുടർന്നായിരുന്നു നടപടി. രണ്ടു വർഷം മുൻപ് ഇയാൾക്കെതിരെ ഭാര്യ നൽകിയ പരാതിയിൽ കേസ് നിലനിൽക്കുന്നതിനാൽ അതാകാമെന്ന് കരുതിയാണ് അബൂബക്കർ കുറ്റം സമ്മതിച്ചത്. കോടതി തന്ന സമൻസിലും വിലാസം ഇയാളുടെതു തന്നെ ആയിരുന്നതിനാലാണ് അറസ്റ്റ് ചെയ്തത്. മറ്റു വിശദ വിവരങ്ങളൊന്നും ലഭിക്കാത്തതിനാലും ഇതേ വിലാസത്തിൽ മറ്റൊരാളാണ് കോടതി നിർദേശിച്ച പ്രതി എന്ന് തിരിച്ചറിയുവാൻ കഴിയാത്തതിനാലുമായിരുന്നു പൊലീസ് നടപടി.

English Summary:

Justice Misserved: Tirur Family Court Releases Wrongfully Imprisoned Man

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com