ADVERTISEMENT

കൊച്ചി∙ പെരിയാറിലെ മത്സ്യക്കുരുതിയില്‍ പങ്കില്ലെന്ന് കൈകഴുകിയ മലിനീകരണ നിയന്ത്രണ ബോർഡിനെ പ്രതിക്കൂട്ടിലാക്കി കുഫോസ്(കേരള മത്സ്യബന്ധന സമുദ്ര ഗവേഷണ സര്‍വകലാശാല) റിപ്പോർട്ട്. ജലത്തിൽ അമോണിയയും സൾഫൈഡും അപകടകരമായ അളവിൽ ഉണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് കുഫോസ് സംസ്ഥാന ഫിഷറീസ് വകുപ്പിന് സമർപ്പിച്ചു. ജലത്തിൽ ഓക്സിജന്റെ അളവ് കുറവാണെന്നും കുഫോസിന്റെ റിപ്പോർട്ടിൽ പറയുന്നു. വെള്ളത്തിൽ എങ്ങനെയാണ് അമോണിയയും സൾഫൈഡും അപകടകരമായ അളവിൽ എത്തിയത് എന്നറിയാൻ വിശദമായ രാസപരിശോധന ആവശ്യമാണെന്നും കുഫോസ് റിപ്പോർട്ടിൽ പറയുന്നു. എങ്ങനെയാണ്  ഈ രാസവസ്തുക്കളുടെ സാന്നിധ്യം ഉണ്ടായതെന്ന് അറിയാൻ മത്സ്യങ്ങളിൽ നടത്തിയ പരിശോധനയുടെ ഫലം ലഭിക്കേണ്ടതുണ്ട്. ഇതിന് ഒരാഴ്ചയെങ്കിലും സമയമെടുക്കും. ചത്ത മത്സ്യങ്ങളിൽനിന്ന് പുറത്തുവന്നതാകാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ടെന്ന് കുഫോസ് വൃത്തങ്ങൾ വ്യക്തമാക്കി.

നേരത്ത മലിനീകരണ നിയന്ത്രണ ബോർഡ് സമർപ്പിച്ച റിപ്പോർട്ടിൽ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താൻ സാധിച്ചില്ലെന്നും വെള്ളത്തിലെ ഓക്സിജൻ കുറഞ്ഞതാണ് മത്സ്യങ്ങൾ ചത്തു പൊങ്ങാൻ കാരണമായതെന്നുമാണ് പറഞ്ഞിരുന്നത്. ഇതിനു കാരണമായി പറഞ്ഞത് പാതാളം ബണ്ട് അപ്രതീക്ഷിതമായി തുറന്നു എന്നതായിരുന്നു. ‘പാതാളം ബണ്ടിന്റെ ഷട്ടർ തുറന്നു വിട്ടത് ബണ്ടിനു താഴേക്കുള്ള ഭാഗങ്ങളിൽ പെട്ടെന്ന് ഡിസോൾവ്‍ഡ് ഓക്സിജൻ’ കുറയാൻ‍ കാരണമായതായി കാണുന്നു’ എന്നാണ് മലിനീകരണ നിയന്ത്രണ ബോർഡ് തങ്ങളുടെ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. എന്നാൽ ഇതിനെ തള്ളിക്കളയുന്ന റിപ്പോർട്ടാണ് ഇപ്പോൾ കുഫോസ് പുറത്തുവിട്ടിരിക്കുന്നത്. വെള്ളത്തിൽ എങ്ങനെയാണ് ഈ രാസവസ്തുക്കൾ കലർന്നത് എന്ന അന്വേഷണത്തിനും ഇനി തുടക്കമാകും.

നിലവില്‍ നാലു വകുപ്പുകളാണു പെരിയാറിലെ മത്സ്യക്കുരുതിയെക്കുറിച്ച് അന്വേഷിക്കുന്നത്. ദുരന്തത്തിനിടയാക്കിയ കാരണങ്ങളും മത്സ്യക്കർഷകർക്കുണ്ടായ നാശനഷ്ടങ്ങളും വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഫോർട്ട് കൊച്ചി സബ് കലക്ടറോടു നിർദേശിച്ചിരുന്നു. സബ് കലക്ടർ ഇന്ന് പ്രാഥമിക റിപ്പോർട്ട് സമര്‍പ്പിച്ചേക്കും. കഴിഞ്ഞ ദിവസങ്ങളിൽ മത്സ്യക്കർഷകരിൽനിന്ന് സബ് കലക്ടർ വിവരശേഖരണം നടത്തിയിരുന്നു. 5 കോടി രൂപയോളം മത്സ്യ കർഷകർക്കു നഷ്ടമായിട്ടുണ്ടെന്നാണു കണക്ക്. 

കൂടുമത്സ്യകൃഷി ചെയ്തവരെയാണ് ഇത് ഏറ്റവും ബാധിച്ചിരിക്കുന്നത്. കരിമീൻ, കാളാഞ്ചി, തിലാപ്പിയ മീനുകളാണു മിക്ക കർഷകരും വളർത്തിയിരുന്നത്. ഒരു കൂട്ടിൽ 2500 കുഞ്ഞുങ്ങളെ വരെ വളർത്തിയിരുന്നു. ഒരു കൂടിന് കുറഞ്ഞത് ഒന്നര–രണ്ടു ലക്ഷം രൂപ വരെ ഓരോ കൂടിനും ചെലവഴിച്ച 450ഓളം കർഷകരാണ് ഇത്തവണ ദുരന്തത്തിന് ഇരയായാത്. 8–10 കൂടുകളുണ്ടായിരുന്നവരാണ് ഭൂരിഭാഗവും. ഇവർക്ക് 15–20 ലക്ഷം രൂപ വരെ നഷ്ടം സംഭവിച്ചിട്ടുണ്ട്. സബ് കലക്ടറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും ഇവർക്കുള്ള നഷ്ടപരിഹാരം തീരുമാനിക്കുക. ഇതിനു സർക്കാരിന്റെ പ്രത്യേക അനുമതിയും ആവശ്യമാണ്. 

ഫിഷറീസ് വകുപ്പും മലിനീകരണ നിയന്ത്രണ ബോർഡും കുഫോസുമാണു ദുരന്തത്തിന്റെ കാരണങ്ങള്‍ അന്വേഷിക്കുന്ന മറ്റു വകുപ്പുകൾ. ഫിഷറീസ് വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട് ഇതിനകം സർ‍ക്കാരിനു സമർപ്പിച്ചിട്ടുണ്ട്. മലിനീകരണ നിയന്ത്രണ ബോർഡ് ആകട്ടെ, ജലത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞതാണ് ദുരന്തത്തിനു കാരണമെന്ന നിലപാട് ആവർത്തിക്കുകയാണ്. രാസമാലിന്യങ്ങൾ കലർന്നതല്ല പ്രശ്നമെന്നാണ് ബോർഡ് തുടക്കം മുതൽ പറയുന്നത്. പാതാളം റെഗുലേറ്റർ മുന്നറിയിപ്പില്ലാതെ തുറന്നപ്പോൾ ഓരുവെള്ളം കയറുകയും അതുവഴി ജലത്തിൽ ഓക്സിജന്റെ അഭാവം ഉണ്ടാവുകയും ചെയ്തു എന്നായിരുന്നു ബോർഡിന്റെ നിഗമനം. 

അതേസമയം, തിങ്കളാഴ്ച രാത്രി മുതൽ മീനുകൾ ചത്തു പൊങ്ങി തുടങ്ങിയ കാര്യം ബോർഡിനെ അറിയിച്ചിട്ടും പിറ്റേന്ന് ഉച്ച കഴിഞ്ഞ് മാത്രമാണ് ബോർഡ് വെള്ളത്തിന്റെ സാംപിൾ എടുത്തത് എന്ന ആരോപണം കർഷകർ ഉന്നയിച്ചിരുന്നു. അതുകൊണ്ടു തന്നെ രാസമാലിന്യങ്ങൾ അടക്കം പരിശോധനയിൽ ഉണ്ടാകാൻ സാധ്യത കുറവാണെന്നും ആരോപണമുണ്ട്. തങ്ങളല്ല കുറ്റക്കാർ എന്നാണ് ജലസേചന വകുപ്പിന്റെ നിലപാടും. ഉച്ചകഴിഞ്ഞ് 3.30ന് മാത്രമാണ് ഷട്ടർ ഉയർത്തിയതെന്നും മീനുകൾ അതിനുമുൻപുതന്നെ ചത്തു പൊങ്ങിയിരുന്നു എന്നുമാണ് ജലസേചന വകുപ്പ് പറയുന്നത്. 

English Summary:

KUFOSI's Crucial Report: Unveiling the Mystery Behind Mass Fish Deaths in Periyar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com