കെഎസ്‌യു കൂട്ടത്തല്ല്: അച്ചടക്ക നടപടിയിൽ ഗ്രൂപ്പ് പോര്; അലോഷ്യസ് സേവ്യറിന്റേത് പ്രതികാര നടപടിയെന്ന് അനന്തകൃഷ്ണൻ
Mail This Article
തിരുവനന്തപുരം∙ നെയ്യാറിൽ നടന്ന കെഎസ്‌യു സംസ്ഥാന ക്യാംപിൽ കൂട്ടത്തല്ലുണ്ടായതുമായി ബന്ധപ്പെട്ട് നാലു നേതാക്കളെ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധവുമായി ജനറൽ സെക്രട്ടറി എ.അനന്തകൃഷ്ണൻ. കെപിസിസി അന്വേഷണ കമ്മിഷൻ വിഷയം പരിശോധിക്കുന്നതിനിടെ നടപടിയെടുത്തത് ശരിയായില്ലെന്നും ഇക്കാര്യത്തിൽ വിശദീകരണം ചോദിച്ചില്ലെന്നും അനന്തകൃഷ്ണൻ പറഞ്ഞു. അലോഷ്യസ് സേവ്യറിന്റേത് പ്രതികാര നടപടിയാണെന്നും അനന്തകൃഷ്ണൻ കുറ്റപ്പെടുത്തി.
സംസ്ഥാന ക്യാംപിലെ കൂട്ടത്തല്ലിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി അനന്തകൃഷ്ണൻ, എറണാകുളം ജില്ലാ സെക്രട്ടറി ആഞ്ജലോ ജോർജ്, തിരുവനന്തപുരം ജില്ല വൈസ് പ്രസിഡന്റ് അൽ അമീൻ അഷ്റഫ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജെറിൻ ആര്യനാട് എന്നിവർക്കെതിരായാണ് നടപടി സ്വീകരിച്ചത്. മാധ്യമങ്ങൾക്ക് വാർത്ത നൽകിയതിനാണ് രണ്ടുപേർക്കെതിരെ നടപടി. രണ്ടു ദിവസങ്ങൾക്ക് മുൻപ് അർധരാത്രിയോടെ നടന്ന ഡിജെ പാർട്ടിക്കിടെയാണ് സംഘർഷമുണ്ടായത്. അടിപിടിക്കിടെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ജനൽചില്ലുകൾ കൂട്ടത്തല്ലിൽ നേതാക്കൾക്ക് പരുക്കേറ്റിരുന്നു.
സംസ്ഥാന ക്യാംപ് നടത്തിപ്പില്‍ കെഎസ്‌യു പൂര്‍ണ പരാജയമെന്ന് നെയ്യാറിലെ സംസ്ഥാന ക്യാംപിലെ കൂട്ടത്തല്ല് അന്വേഷിച്ച കെപിസിസി അന്വേഷണസമിതി പാര്‍ട്ടി അധ്യക്ഷന്‍ കെ.സുധാകരന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വിശദമായ അന്വേഷണം വേണമെന്നും രണ്ടു ദിവസത്തിനകം വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സുധാകരന്‍ അന്വേഷണ സമിതിയോട് ആവശ്യപ്പെട്ടിരുന്നു. കര്‍ശനമായ അച്ചടക്ക നടപടിക്ക് ശുപാര്‍ശ ചെയ്യുന്ന പ്രാഥമിക റിപ്പോര്‍ട്ടില്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെ ക്യാംപിലേക്ക് ക്ഷണിക്കാതിരുന്നത് വിഭാഗീയതയുടെ ഭാഗമായാണെന്നും ചൂണ്ടിക്കാട്ടുന്നു.