‘മൂന്നിടത്തായുള്ള കളിയില്ല, തലസ്ഥാനം അമരാവതി’; മുഖ്യമന്ത്രിയായി അധികാരമേറ്റ് ചന്ദ്രബാബു നായിഡു
Mail This Article
വിശാഖപട്ടണം ∙ ആന്ധ്രപ്രദേശിന്റെ തലസ്ഥാനം അമരാവതിയായിരിക്കുമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. വിശാഖപട്ടണത്തെ സാമ്പത്തിക തലസ്ഥാനമായി ഉയർത്തുമെന്നും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം ചന്ദ്രബാബു നായിഡു പറഞ്ഞു.
അമരാവതിയെ തലസ്ഥാനമായി ചന്ദ്രബാബു നായിഡു നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് മുഖ്യമന്ത്രിയായ വൈ.എസ്.ജഗൻ മോഹൻ റെഡ്ഡി ഇക്കാര്യത്തിൽ താൽപര്യമെടുത്തില്ല. ലെജിസ്ലേറ്റീവ് (നിയമനിർമാണ സഭ) തലസ്ഥാനമായി അമരാവതിയും എക്സിക്യൂട്ടീവ് (ഭരണനിർവഹണം) തലസ്ഥാനമായി വിശാഖപട്ടണവും ജുഡീഷ്യൽ (നീതിന്യായ) തലസ്ഥാനമായി കർണൂലും നിശ്ചയിക്കുകയായിരുന്നു. ചന്ദ്രബാബു നായിഡു വീണ്ടും അധികാരത്തിലെത്തിയതോടെയാണ് പുതിയ പ്രഖ്യാപനം ഉണ്ടായത്.
‘‘ മൂന്നു തലസ്ഥാനമെന്ന രീതിയിലുള്ള കളികൾ ജനങ്ങൾക്കു മുന്നിൽ ഞങ്ങൾ നടത്തില്ല. ജനങ്ങൾ തന്ന അധികാരം വിനിയോഗിച്ച് സംസ്ഥാന വികസനത്തിനായി പ്രവർത്തിക്കും’’– നായിഡു പറഞ്ഞു. 2014ൽ മുഖ്യമന്ത്രിയായപ്പോഴാണ് അമരാവതി തലസ്ഥാനമാക്കാനുള്ള പദ്ധതി നായിഡു അവതരിപ്പിച്ചത്. ഗുണ്ടൂർ ജില്ലയിൽ കൃഷ്ണ നദിയുടെ തീരത്താണ് അമരാവതി. 2015ൽ പദ്ധതിക്ക് തുടക്കം കുറിച്ചു. 2019ൽ പുതിയ സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ നിർമാണം തുടങ്ങി. ജഗൻമോഹൻ 2019ൽ അധികാരത്തിലെത്തിയതോടെ അമരാവതിയെ തലസ്ഥാനമാക്കാനുള്ള പദ്ധതിയിൽനിന്ന് പിൻമാറുകയായിരുന്നു.