മോദി ആദ്യം ഒപ്പിട്ടത് കിസാന്‍ നിധിക്ക്; പദ്ധതി ആർക്കൊക്കെ, എങ്ങനെ ലഭിക്കും?
Mail This Article
തുടര്‍ച്ചയായ മൂന്നാം തവണയും പ്രധാനമന്ത്രിയായി ചുമതലയേറ്റ നരേന്ദ്ര മോദി ആദ്യം ഒപ്പുവച്ചത് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ 17-ാം ഗഡു വിതരണം ചെയ്യാനുള്ള ഫയലിലാണ്. രാജ്യത്തെ 9.3 കോടിയോളം കര്‍ഷകര്‍ക്ക് 2,000 രൂപ വീതമാണ് ബാങ്ക് അക്കൗണ്ടില്‍ നേരിട്ട് ലഭിക്കുക. മൊത്തം 20,000 കോടിയോളം രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്. കര്‍ഷകര്‍ക്ക് വരുമാന പിന്തുണ ഉറപ്പാക്കാനായി കേന്ദ്രം അവതരിപ്പിച്ച പദ്ധതിയാണിത്. 2,000 രൂപയുടെ മൂന്ന് ഗഡുക്കളായി പ്രതിവര്‍ഷം ആകെ 6,000 രൂപയാണ് കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നത്. 100 ശതമാനവും കേന്ദ്ര പദ്ധതിയായ കിസാന്‍ സമ്മാന്‍ നിധിയില്‍ കേരളത്തില്‍ നിന്നുള്ള 23 ലക്ഷത്തിലധികം പേരാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തിലെ (2023-24 ജൂലൈ പ്രകാരം) കണക്കുപ്രകാരം ഗുണഭോക്താക്കള്‍.
പരിശോധിക്കാം സ്റ്റാറ്റസ്
പദ്ധതിയില്‍ അംഗമായ കര്‍ഷകര്‍ക്ക് pmkisan.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് തുക വിതരണത്തിന്‍റെ സ്റ്റാറ്റസ് പരിശോധിക്കാം. വെബ്സൈറ്റില്‍ ‘ബെനഫിഷറി സ്റ്റാറ്റസ്’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യണം. തുടര്‍ന്ന് ‘ഫാര്‍മേഴ്സ് കോര്‍ണര്‍’ തിരഞ്ഞെടുക്കുക. അവിടെ ആധാര്‍ നമ്പറോ ബാങ്ക് അക്കൗണ്ട് നമ്പറോ നൽകിയശേഷം ‘ഗെറ്റ് ഡേറ്റ’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ സ്റ്റാറ്റസ് അറിയാം.
ഇ-കെവൈസി നിര്‍ബന്ധം
പദ്ധതിയുടെ പ്രയോജനം ലഭിക്കാന്‍ ഇ-കെവൈസി പൂര്‍ത്തിയാക്കണം. ഇതിനായി https://fw.pmkisan.gov.in/aadharekyc.aspx എന്ന ലിങ്ക് സന്ദര്‍ശിച്ച് 12 അക്ക ആധാര്‍ നമ്പര്‍ നൽകിയ ശേഷം 'സെര്‍ച്ച് ബട്ടൻ' ക്ലിക്ക് ചെയ്യണം. തുടര്‍ന്ന്, ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ നൽകുമ്പോള്‍ അതിലേക്ക് ഒടിപി ലഭിക്കും. ഈ ഒടിപിയും നൽകി 'സബ്‍മിറ്റ് ബട്ടൻ' അമര്‍ത്തുന്നതോടെ ഇ-കെവൈസി പ്രക്രിയ പൂര്‍ത്തിയാകും.
പുതുതായി ചേരാന്‍
പിഎം കിസാന്‍ സമ്മാന്‍ നിധിയില്‍ പുതുതായി ചേരാനും pmkisan.gov.in സന്ദര്‍ശിക്കാം. ഫാര്‍മേഴ്സ് കോര്‍ണറിലെ 'ന്യൂ ഫാര്‍മര്‍ റജിസ്ട്രേഷന്‍' എന്ന ലിങ്കിലാണ് ഇതിനായി ക്ലിക്ക് ചെയ്യേണ്ടത്. ആധാര്‍ നമ്പര്‍, കാപ്‍ച എന്നിവ നല്‍കിയ ശേഷം 'യെസ്' ബട്ടണ്‍ ക്ലിക്ക് ചെയ്യണം. തുടര്‍ന്ന് കാണുന്ന പിഎം കിസാന്‍ ആപ്ലിക്കേഷന്‍ ഫോമും പൂരിപ്പിക്കണം. ഈ ഫോം പ്രിന്‍റ് എടുത്ത് സൂക്ഷിക്കാം.
യോഗ്യര്‍ ഇവര്‍
ചെറുകിട കര്‍ഷകര്‍ക്ക് വരുമാന പിന്തുണ ഉറപ്പാക്കാനുള്ള പദ്ധതിയാണ് പിഎം കിസാന്‍. ആദായ നികുതിദായകര്‍, ഡോക്ടര്‍മാര്‍, എൻജിനിയര്‍മാര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാര്‍, ഭരണഘടനാ പദവി വഹിക്കുന്നവര്‍, സര്‍ക്കാര്‍ ജോലിയില്‍നിന്ന് വിരമിച്ചവര്‍, പ്രതിമാസം 10,000 രൂപയിലേറെ പെന്‍ഷന്‍ വാങ്ങുന്ന മുതിര്‍ന്ന പൗരന്മാര്‍ തുടങ്ങിയവർ അയോഗ്യരാണ്. മൊബൈല്‍ നമ്പറും ബാങ്ക് അക്കൗണ്ടും ആധാറുമായി ബന്ധിപ്പിച്ചാല്‍ മാത്രമേ പദ്ധതി പ്രകാരമുള്ള തുക ലഭ്യമാകൂ.