എകെജിയുടെ ‘എന്റെ ജീവിതകഥ’യിൽനിന്ന്
1947ൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് മദിരാശി ഗവൺമെന്റ് തടവുകാരെയെല്ലാം മോചിപ്പിച്ചു. ഇഎംഎസും മറ്റും 14നു തന്നെ കോഴിക്കോട്ട് എത്തി. എന്നെ ഓഗസ്റ്റ് 15നു മോചിപ്പിക്കുമെന്ന് കമ്യൂണിക്കെയിൽ എടുത്തു പറഞ്ഞിരുന്നു. എന്നാൽ, എന്നെ മാത്രം വിട്ടില്ല. മറ്റുള്ളവരെയെല്ലാം വിട്ടു.
എല്ലാ പാർട്ടികളും ചേർന്നാണ് ഓഗസ്റ്റ് 15 ആഘോഷിച്ചത്. രാജ്യത്തുടനീളം ആഘോഷവും സന്തോഷപ്രകടനവും നടന്നു. 1947 ഓഗസ്റ്റ് 14നു കണ്ണൂരിലെ വലിയ ജയിലിൽ ഞാൻ ഏകാന്തതടവിലായിരുന്നു. മറ്റ് ഡെറ്റിന്യു തടവുകാർ ആരുമുണ്ടായിരുന്നില്ല. കാവുമ്പായി, കരിവെള്ളൂർ കേസുകളിൽ വിചാരണ ചെയ്തവരും വിചാരണയ്ക്കു കാത്തിരിക്കുന്നവരുമായി ധാരാളം സഖാക്കൾ അവിടെയുണ്ടായിരുന്നു. എനിക്കു രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല. ജയിലിന്റെ നാലു മൂലയിൽനിന്നും ജയ് വിളികൾ ഉയർന്നു. ‘മഹാത്മാ ഗാന്ധി കീ ജയ്, ഭാരത് മാതാ കീ ജയ്’ തുടങ്ങിയ മുദ്രാവാക്യങ്ങൾ ജയിലിൽ അലയടിച്ചുയർന്നു. രാജ്യം മുഴുവൻ സൂര്യോദയത്തിനുശേഷമുള്ള ആഹ്ലാദപ്രകടനം കാത്തിരിക്കുകയായിരുന്നു. അവരിൽ എത്രയോപേർ വർഷങ്ങളായി ഇതിനുവേണ്ടി കാത്തിരിക്കുകയും സമരം ചെയ്യുകയും ആ സമരത്തിൽ തങ്ങൾക്കുള്ളതെല്ലാം നഷ്ടപ്പെടുത്തുകയും ചെയ്തിരുന്നു. എനിക്കു സന്തോഷവും ദുഃഖവും തോന്നി. ഏതു ലക്ഷ്യത്തിനു വേണ്ടിയാണോ ഞാൻ എന്റെ യൗവനം മുഴുവൻ ചെലവഴിക്കുകയും ജയിലിൽ കിടക്കുകയും ചെയ്തത്, ആ ലക്ഷ്യം നിറവേറിയതിൽ ഞാൻ ആഹ്ലാദിച്ചു. എന്നാൽ ഞാൻ ഇന്നും ഒരു തടവുകാരനാണ്. എന്നെ ജയിലിലടച്ചതു വെള്ളക്കാരല്ല, ഇന്ത്യക്കാരാണ്. കോൺഗ്രസ് ഗവൺമെന്റാണ്. 1927 മുതലുള്ള കോൺഗ്രസിന്റെ സ്മരണ എന്റെ മനസ്സിൽക്കൂടി മിന്നിമറഞ്ഞു. കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിൽ വഹിച്ച പങ്കിനെപ്പറ്റി ഞാൻ അഭിമാനം കൊണ്ടു. കേരളത്തിലെ കോൺഗ്രസിന്റെ സെക്രട്ടറിയും അതിന്റെ പ്രസിഡന്റും നീണ്ടകാലം എഐസിസി മെംബറുമായിരുന്ന ഒരാൾ ഓഗസ്റ്റ് 15 ജയിലിൽ വച്ചാണ് ആഘോഷിക്കുന്നത്! ഈ ചിന്തകളോടെ ഞാൻ ആ മുറിയിൽ ഉലാത്താൻ തുടങ്ങി.
ഞാൻ ആരോടാണു സംസാരിക്കുക? ഉറങ്ങാതെ എനിക്കു കാവലിരിക്കുന്ന വാർഡർമാരായിരുന്നു എന്റെ ചങ്ങാതിമാർ. ഞാനവരോടു സംസാരിച്ചു. ഓഗസ്റ്റ് 15ന്റെ മഹത്വം ഞാൻ വിശദീകരിച്ചു. നമ്മുടെ സ്വന്തം ഗവൺമെന്റ് വന്നിരിക്കുന്നു. അവർക്ക് ഉയർന്ന ശമ്പളം കിട്ടുമെന്നറിഞ്ഞു സന്തോഷിച്ചു. പാവങ്ങൾ! അവർ വഴിതെറ്റിക്കപ്പെട്ടിരിക്കുന്നു.
ഞാൻ ജയിലിൽവച്ച് ഓഗസ്റ്റ് 15 ആഘോഷിക്കാൻ തീരുമാനിച്ചു. അതിനായി സൂക്ഷിച്ചുവച്ചിരുന്ന ഒരു ദേശീയപതാകയുമായി ഞാൻ രാവിലെ ജയിലിലെ വഴിയിൽക്കൂടി നടന്നു. ചില തടവുകാർ എന്റെ കൂടെ വന്നു. മൂന്നാം ബ്ലോക്കിലെ തടവുകാരെല്ലാം പുറത്തു വന്നു. അവിടെ പതാകയുയർത്തി. ഞാൻ നാലോ അഞ്ചോ മിനിറ്റു നേരം സംസാരിച്ചു. ജയിൽ അധികാരികൾക്ക് അതിഷ്ടപ്പെട്ടില്ല. അന്ന് ഒരു ലാത്തിച്ചാർജ് നടത്താൻ അവർ തയാറായില്ല. ചക്രവർത്തിക്കെതിരായി ജനങ്ങളെ ഇളക്കിവിട്ടു എന്ന കുറ്റത്തിന് ഓഗസ്റ്റ് 15നു ശേഷം എന്നെ കോഴിക്കോട് അഡീഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേട്ടിന്റെ മുന്നിലേക്കു കൊണ്ടുപോയി. ഓഗസ്റ്റ് 15നു സ്വാതന്ത്ര്യം നേടിക്കഴിഞ്ഞു. അതിനുശേഷം ബ്രിട്ടിഷുകാരുണ്ടാക്കിയ 124 എ എന്ന നിയമത്തിനു കീഴിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി എന്നെ കൊണ്ടുപോകുന്നു. ജനങ്ങൾ അദ്ഭുതപ്പെട്ടു. ഇത് എന്തുതരം ഗവൺമെന്റാണ്?
നാലുവയസ്സുകാരിക്കൊപ്പം റിക്ഷയിൽ അഞ്ചലാഫീസ് മൈതാനത്തേക്ക് : കെ.ആർ.ഗൗരിയമ്മയുടെ ‘ആത്മകഥ’യിൽനിന്ന്
ഇന്ത്യയിൽ ബ്രിട്ടിഷ് ഭരണത്തിന്റെ കൊടി താഴ്ത്തി. ഇന്ത്യൻ ദേശീയപതാക ഉയർത്തുന്ന ദിവസം 1947 ഓഗസ്റ്റ് മാസം 15 ആയി പ്രഖ്യാപിച്ചു.
തിരുവിതാംകൂർ സ്വതന്ത്രരാജ്യമായെന്നു രാജാവിന്റെ വിളംബരം വന്നു. എന്നാൽ, ബാർ അസോസിയേഷൻ ഹാളിൽ കൂടിയ യോഗത്തിൽ തിരുവിതാംകൂർ ഇന്ത്യയുടെ ഭാഗമാണെന്നും ഓഗസ്റ്റ് 15ന് ഇന്ത്യൻ യൂണിയന്റെ കൊടി ചേർത്തലയിൽ ഉയർത്തണമെന്നും തീരുമാനിച്ചു. ഒടുവിൽ നോട്ടിസ് ആരുടെ പേരിൽ അടിക്കുമെന്നു ചർച്ചയായി. ചേർത്തല താലൂക്ക് സ്റ്റേറ്റ് കോൺഗ്രസ് പ്രസിഡന്റ് ചങ്കരത്തു കരുണാകരപ്പണിക്കർക്ക്, അദ്ദേഹം പ്രസിഡന്റാണെങ്കിലും ഒറ്റയ്ക്കു പേരുവച്ച് നോട്ടിസ് അടിക്കുവാൻ മടി. ആരും പേരു കൊടുക്കാനില്ലാതെ വന്നപ്പോൾ ഞാൻ എന്റെ പേരുവച്ച് നോട്ടിസ് അടിക്കുവാൻ സമ്മതം കൊടുത്തു. അങ്ങനെ ചങ്കരത്ത് കരുണാകരപ്പണിക്കരുടെയും എന്റെയും പേരുവച്ചു നോട്ടിസടിച്ചു.
സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ പതാക ഉയർത്തി. ചേർത്തല കാർത്യായനീക്ഷേത്രത്തിനു തെക്കുവശം അഞ്ചലാഫീസ് മൈതാനത്തായിരുന്നു അത്. തിരുവിതാംകൂർ ഇന്ത്യയുടെ ഭാഗമാണെന്നു പ്രഖ്യാപിക്കുവാൻ തീരുമാനിച്ചു. നോട്ടിസ് പുറത്തുവന്ന ഉടൻ സിഐഡി കുട്ടപ്പപ്പണിക്കർ വന്ന് ചേച്ചിയുടെ ഭർത്താവ് കെ.ജി.കുമാരൻ വക്കീലിനോടു ചട്ടംകെട്ടി, എന്നെ ഇതിന് ഒരു കാരണവശാലും വിടരുതെന്ന്. ഞാൻ തർക്കം പറയാൻ നിന്നില്ല. എന്നാൽ എന്റെ പേര് നോട്ടിസിൽ വന്ന സ്ഥിതിക്കു ഞാൻ പോകുമെന്നും എന്തുവന്നാലും സഹിക്കാൻ തയാറാണെന്നും പറഞ്ഞു. 15–ാം തീയതി രാവിലെ അഞ്ചലാഫീസ് മൈതാനത്തു ദേശീയപതാക ഉയർത്താൻ പോകുകയാണ്. തിരുവിതാംകൂർ സ്വതന്ത്രമായി നിൽക്കുകയില്ല. ഇന്ത്യയുടെ ഭാഗമായിരിക്കും. ഞാൻ ഒരുങ്ങിപ്പോകാറായപ്പോൾ ചേച്ചിയുടെ ഇളയ മകളും ഉടുപ്പിട്ടു കൂടെ വരാൻ തുടങ്ങി. അവൾക്കന്നു നാലു വയസ്സു കാണും. കൊണ്ടുപോകാൻ ഞാൻ മടിച്ചു. ലാത്തിച്ചാർജ് ഉണ്ടാകും, വെടിവയ്ക്കും, കുതിരപ്പട്ടാളത്തെ ഇറക്കും. കൊച്ചിനെന്തെങ്കിലും വന്നാലുള്ള വിഷമം ഞാൻ പറഞ്ഞു. എന്തു പറഞ്ഞിട്ടും കൊച്ച് സമ്മതിക്കുന്നില്ല. കരച്ചിലായി. ഒടുവിൽ ചേച്ചി പറഞ്ഞു, ലാത്തിവീശിയാലും വെടിവച്ചാലും നിനക്കു കിട്ടുമെങ്കിൽ അവൾക്കും കിട്ടട്ടേ, സാരമില്ലായെന്ന്. ഒടുവിൽ റിക്ഷാക്കാരൻ കേശവൻ പറഞ്ഞു, അവനും വരുന്നെന്ന്. റിക്ഷയിൽ ഞങ്ങൾ സ്ഥലത്തു ചെന്നിറങ്ങി. യോഗത്തിൽ കഷ്ടിച്ച് 150 പേർ കാണും. രണ്ടുമൂന്നു പൊലീസേ ഉള്ളൂ. അവർ അനങ്ങിയില്ല. നോക്കി നിൽക്കുകയായിരുന്നു. വി.സി.ചാണ്ടി വക്കീൽ പതാകയുയർത്തി. അവിടെ നിന്നിരുന്ന ഞങ്ങളെല്ലാം പതാകയ്ക്കു സല്യൂട്ട് ചെയ്തു. അനിഷ്ട സംഭവങ്ങൾ ഒന്നുമില്ലാതെ യോഗം പിരിഞ്ഞു.