ADVERTISEMENT

സ്വാതന്ത്ര്യവേളയിൽ വിഭജന മുറിവുണക്കാൻ ഗാന്ധിജി മാറി നിന്നതുപോലെ അന്ന്തലസ്ഥാനത്തില്ലാത്തവർ വേറെയുമുണ്ട്.

ഓഗസ്റ്റ് 14നു നടന്ന അധികാരക്കൈമാറ്റത്തിന്റെ ചിത്രങ്ങളിൽ കാണുന്ന മുഖങ്ങൾ പോലെ തന്നെ പ്രധാനമാണ് ചില കാണാത്ത മുഖങ്ങളും. കാരണം, ആ നിമിഷത്തിലേക്കുള്ള ഇന്ത്യയുടെ കഠിനയാത്രയിൽ ശക്തമായി നിലയുറപ്പിച്ച ചിലർ അന്നു ഡൽഹിയിൽ ഉണ്ടായിരുന്നില്ല. ആ കൂട്ടത്തിൽ ഗാന്ധിജിയുടെ കഥ നാം കേട്ടിരിക്കും. വിഭജനവും അതിനു പിന്നാലെയുണ്ടായ കലാപങ്ങളും തീർത്ത മുറിവുണക്കാൻ കൽക്കട്ടയിൽ പോയ ഗാന്ധിജി മാത്രമല്ല, പിന്നെയുമുണ്ട് ആ ചരിത്ര നിമിഷത്തിനു സാക്ഷിയാകാതെ പോയ സ്വാതന്ത്ര്യസമര പോരാളികൾ.

മാറിനിന്ന പ്രസിഡന്റ്

ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പ്രസിഡന്റായിരുന്നു ജെ.ബി. കൃപലാനിയെന്ന ആചാര്യ കൃപലാനി. ബിഹാറിലെ ചമ്പാരൻ സമരകാലം മുതൽ ഗാന്ധിജിക്കൊപ്പം സജീവമായുള്ള അദ്ദേഹം, സ്വാതന്ത്ര്യം പിറന്ന അർധരാത്രിയിലും ഗാന്ധിജിക്കൊപ്പം കൽക്കട്ടയിലായിരുന്നു. രാജ്യവിഭജനത്തിൽ ദുഃഖിതനായി ഓഗസ്റ്റ് 14ന് കൽക്കട്ടയിൽ നിന്നൊരു പത്രക്കുറിപ്പ് കൃപലാനി പുറത്തിറക്കി. രാജ്യത്തിനു സങ്കടത്തിന്റെയും നാശത്തിന്റെയും ദിനമാണിതെന്നായിരുന്നു ആ കുറിപ്പിൽ അദ്ദേഹം പറഞ്ഞത്. അതേസമയം, അധികാരക്കൈമാറ്റത്തിന്റെ വേദിയിൽ വന്ദേമാതരവും സാരേ ജഹാം സെ അച്ഛയും പാടിയതു ജെ.ബി. കൃപലാനിയുടെ ഭാര്യ സുചേതാ കൃപലാനിയായിരുന്നുവെന്നതു മറ്റൊരു കൗതുകം.

അതിർത്തിയുടെ സങ്കടം

അതിർത്തി ഗാന്ധിയെന്നു വിളിക്കപ്പെട്ട ഖാൻ അബ്ദുൽ ഗാഫർ ഖാനും ഡൽഹിയിലെ ചടങ്ങുകളിൽ നിന്ന് അകലം പാലിച്ചു. വിഭജനത്തോടൊപ്പം അദ്ദേഹം ഉൾപ്പെട്ട വടക്കുപടിഞ്ഞാറൻ പ്രവിശ്യ പാക്കിസ്ഥാന്റെ ഭാഗമായതായിരുന്നു കാരണം. ഖിലാഫത്ത് പ്രസ്ഥാനത്തിലൂടെ സ്വാതന്ത്ര്യ സമരരംഗത്തെത്തിയ അദ്ദേഹം പാക്കിസ്ഥാൻ വാദത്തെയും ഇന്ത്യാ വിഭജനത്തെയും എതിർത്ത നേതാവാണ്. ബ്രിട്ടിഷ് ഇന്ത്യയിൽ ജനിച്ച പാക്കിസ്ഥാൻ പൗരനായ ഖാൻ അബ്ദുൽ ഗാഫർ ഖാനു 1987ൽ ഇന്ത്യ ഭാരതരത്നം സമ്മാനിച്ചുവെന്ന കൗതുകവുമുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി മുന്നിൽ നിന്ന അദ്ദേഹം ഈ ബഹുമതി നേടിയ ആദ്യ വിദേശിയായി മാറിയതു ചരിത്രത്തിലെ വൈരുധ്യം !

ഇംഗ്ലണ്ടിലെ ജീവിതം ഉപേക്ഷിച്ചു ഇന്ത്യയിൽ ഗാന്ധി ശിഷ്യയായി എത്തി സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത മാഡെലിൻ സ്ലെയിഡ് എന്ന മീരാബെൻ ഓഗസ്റ്റ് 14ന്റെ ആഘോഷം തീരാതെ സമതലത്തിലേക്കില്ലെന്നു പറഞ്ഞ് ഋഷികേശിലെ കുന്നുകളിൽ തുടർന്നയാളായിരുന്നു. ഇതുപോലെ ആ സുദിനത്തിൽ പല കാരണങ്ങൾ കൊണ്ട് ഡൽഹിയോട് അകലം പാലിച്ചു നിന്നവർ വേറെയും അനേകായിരമുണ്ട്. 

ഇന്ത്യയുടെ സ്വാതന്ത്ര്യം മോഹിച്ചുള്ള സുദീർഘമായ സമര പോരാട്ടം ലക്ഷ്യദിനത്തിലേക്ക് എത്തുംമുൻപു ജീവൻ നഷ്ടമായി പോയവരും ഏറെ. ഇന്നും അവ്യക്തതകൾ ബാക്കി നിൽക്കുന്ന, നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജീവിതം അതിലൊന്നു മാത്രം.  

സ്വാതന്ത്ര്യത്തിനു മുൻപു തന്നെ അദ്ദേഹം കാണാമറയത്തായി; മരിച്ചുവെന്ന റിപ്പോർട്ടുകളും.

English Summary: JB Kripalani, Khan Abdul Ghaffar Khan, missing names from Indian independence celebrations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com