ADVERTISEMENT

പാലക്കാട് മനിശേരി തെക്കേപ്പാട്ട് വാരിയത്തെ ടി.വി.കെ.വാരിയർക്ക് 96-ാം വയസ്സിലും ഓർമയിലുണ്ട് നെഹ്റുവിന്റെ ഓറഞ്ച് നിറമുള്ള മുഖം. കാതിൽ മുഴങ്ങുന്നുണ്ട് മധുരമുള്ള ആ ശബ്ദം. ഒന്നാം പാർലമെന്റിൽ സ്റ്റെനോഗ്രഫറായി ജോലി തുടങ്ങിയ വാരിയർക്ക് നെഹ്റുവും ഇന്ദിരയും രാജീവ് ഗാന്ധിയുമടക്കമുള്ള പ്രധാനമന്ത്രിമാരുടെ കാലത്ത് പാർലമെന്റ് നടപടികളും പ്രസംഗങ്ങളും പകർത്തിയെഴുതിയതിന്റെയും റിപ്പോർട്ട് ചെയ്തതിന്റെയും നീണ്ട നാളത്തെ ഓർമകളുണ്ട്; വിലമതിക്കാനാവാത്ത അനുഭവങ്ങളും.

‘ജനാധിപത്യം നിറഞ്ഞു നിൽക്കുന്ന വാക്കുകൾ, വിമർശനങ്ങൾക്കു കൃത്യവും വ്യക്തവുമായ മറുപടി, നൂറ്റാണ്ടുകൾ മുന്നിലുള്ള ഇന്ത്യയെ മനസ്സിൽ കണ്ട് രാജ്യത്തിനായി വികസന രൂപരേഖ തയാറാക്കുന്ന വ്യക്തി’ വാരിയർക്ക് നെഹ്റു എന്നാൽ ഇതൊക്കെയാണ്. അദ്ദേഹത്തിന്റെ മുഖത്തു നിന്നു കണ്ണെടുക്കാൻ തോന്നില്ല. ആശയങ്ങളുടെ ആഴക്കടലിലേക്കു കേൾവിക്കാരെ തള്ളിയിടാൻ കെൽപുള്ള വാക്കുകൾ. നെഹ്റുവിനെക്കുറിച്ച് ചോദിച്ചപ്പോൾ ടി.വി.കെ.വാരിയരുടെ വാക്കുകളിൽനിന്നു പ്രായത്തിന്റെ ബുദ്ധിമുട്ടുകൾ മാഞ്ഞു.
ജോലിക്കാരനായി എത്തുമ്പോൾ നെഹ്റുവിന്റെ ശബ്ദം റേഡിയോയിൽ മാത്രം കേട്ടുള്ള പരിചയമേ ഉള്ളൂ. ഇന്ത്യക്കാരെ കരയിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ ഇനി നേരിട്ടു കേൾക്കാം. അതിനിടെ തെറ്റില്ലാതെ അദ്ദേഹം പറയുന്ന വാക്കുകൾ വാരിയർ രേഖപ്പെടുത്തിക്കൊണ്ടേയിരുന്നു.

മിനിറ്റിൽ 60-100 വാക്കുകളായിരുന്നു നെഹ്റുവിന്റെ വേഗം. ഇവ ശ്രദ്ധയോടെ കേട്ട് ടൈപ്പ് ചെയ്തു നൽകണം. ഇന്നത്തെപ്പോലെ സഭാനടപടികൾ റിക്കോർഡ് ചെയ്ത് കേട്ടെഴുതാനുള്ള സൗകര്യം അന്നില്ല. പറഞ്ഞത് പിന്നീട് തിരുത്തണമെന്ന് നെഹ്റു ആവശ്യപ്പെടാറില്ല. ടൈപ്പ് ചെയ്തു നൽകുന്നത് രണ്ടു ദിവസത്തിനുള്ളിൽ തന്നെ അദ്ദേഹം നോക്കി അംഗീകരിച്ചു തന്നിരുന്നു.

വിമർശനങ്ങളെ അദ്ദേഹം ഇഷ്ടപ്പെട്ടു. സഭയിൽ ആർക്കും അദ്ദേഹത്തെ വിമർശിക്കാം. മറുപടികളിൽ അസഹിഷ്ണുത തെല്ലുമില്ല. അദ്ദേഹത്തെ പരിഹസിച്ചു കാർട്ടൂൺ വരച്ചാൽ പോലും ചിരിച്ചുകൊണ്ട് ആസ്വദിക്കും. നെഹ്റുവിന്റെ ആശയങ്ങൾ പിഴുതെറിയാൻ കഴിയുന്നവയല്ലായിരുന്നു. അണക്കെട്ടുകൾ നിർമിച്ച് കൃഷിക്ക് വെള്ളം എത്തിക്കാനും ആധുനിക കൃഷിക്കാവശ്യമായ രാസവളം ഉൽപാദിപ്പിക്കാൻ വൻകിട ഫാക്ടറികൾ ഉണ്ടാക്കാനും പ്രത്യേകം ശ്രദ്ധിച്ചു. യുക്തിയെയും ശാസ്ത്രത്തെയും കൂടെ നിർത്തി. സയന്റിഫിക് ടെമ്പർ എന്ന വാക്കുപോലും അദ്ദേഹത്തിന്റെ സംഭാവനയായിരുന്നല്ലോ. പ്രസംഗങ്ങൾ ആരും തയാറാക്കി കൊടുക്കേണ്ടതില്ല. സ്വയം തയാറാക്കും. നോക്കി വായിക്കുന്ന ശീലവുമില്ല.

ചേഞ്ച് ആൻഡ് കണ്ടിന്യൂവിറ്റി

കാലാവധി പൂർത്തിയാക്കി രാജ്യസഭയിൽ നിന്നു വിരമിക്കുന്നവരോടു നെഹ്റു പ്രസംഗിച്ച വാക്കുകൾ ടൈപ്പ് റൈറ്ററിൽ മാത്രമല്ല വാരിയർ പകർത്തിയത്. അത് മനസ്സിലുണ്ട്. സാഹചര്യങ്ങൾക്കനുസരിച്ച് മാറണമെന്ന ഉപദേശവും പിരിഞ്ഞു പോകുമ്പോഴും ചുറുചുറുക്ക് കാത്തുസൂക്ഷിക്കണമെന്ന ആശയവും ജീവിതത്തിലേക്കു വാരിയർ പകർന്നു.

മാധ്യമങ്ങളെ കാണുന്നത് സന്തോഷം

നെഹ്റു മാസത്തിൽ ഒരിക്കൽ പത്രസമ്മേളനം നടത്തും. അന്നു വിജ്ഞാൻ ഭവൻ ഹാൾ നിറഞ്ഞിരിക്കും. ഉത്സവ സമാനമായ അന്തരീക്ഷം. നേരെ ചോദ്യത്തിലേക്കു കടക്കാൻ കഴിയില്ല. ആദ്യം പേര്, രാജ്യം,പത്രത്തിന്റെ പേര് തുടങ്ങിയവ എല്ലാം പറയണം. മാധ്യമപ്രവർത്തകരോടു കുശലം പറഞ്ഞാണ് പത്രസമ്മേളനം ആരംഭിക്കുന്നത്. എത്ര വിമർശനകരമായ ചോദ്യം ഉണ്ടായാലും ചിരിച്ചു കൊണ്ട് കൃത്യമായ ഉത്തരം നൽകും . മാധ്യമങ്ങളെ കാണുന്നതിലും അവരോട് സംസാരിക്കുന്നതിലും സന്തോഷം കണ്ടെത്തിയ പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം. ഒരിക്കൽ സഹോദരി വിജയലക്ഷ്മി പണ്ഡിറ്റ് നെഹ്റുവിന്റെ പത്രസമ്മേളനം കേൾക്കാൻ വേണ്ടി മാത്രം എത്തിയിരുന്നു. പത്രസമ്മേളനങ്ങളുടെ പൂർണരൂപം ടൈപ്പ് ചെയ്തു നൽകണം. അദ്ദേഹത്തിന്റെ ടേബിളിന്റെ താഴെയാണ് ഞങ്ങൾക്കുള്ള ഇരിപ്പിടം ഒരുക്കുന്നത്. 4 പേരെ റിപ്പോർട്ട് ചെയ്യാൻ ഇരുത്തും. ഒരാൾ നെഹ്റുവിന്റെ സുരക്ഷാ ഭടനായിരിക്കും.

റോസാപ്പൂവ് അണിഞ്ഞവർ ഒന്നല്ല രണ്ടു പേർ

കോട്ടിൽ ചുവന്ന റോസാപ്പൂവ് അണിഞ്ഞ് പാർലമെന്റിൽ എത്തുന്നത് ജവാഹർലാൽ നെഹ്റു മാത്രമായിരുന്നില്ല. ബിഹാറിൽ നിന്നുള്ള സത്യനാരായണ സിൻഹയും റോസാപ്പൂവ് അണിഞ്ഞിരുന്നു. ഇരുവർക്കും രൂപ സാദൃശ്യവുമുണ്ടായിരുന്നു.

ഹിന്ദിയും നെഹ്റുവും പിന്നെ ഞാനും

ഹിന്ദി പഠിക്കാനായിരുന്നു കുട്ടിക്കാലത്ത് ഏറെ ബുദ്ധിമുട്ട്. 10–ാം ക്ലാസിനു ശേഷം ഹിന്ദി ഇല്ലാതെ എങ്ങനെ പഠിക്കാമെന്ന ചിന്ത എന്നെ അജ്മേറിൽ എത്തിച്ചു. അവിടെ ഹിന്ദിയില്ലാതെ ഇന്റർമീഡിയറ്റ് പഠിക്കാം. ഡിഗ്രി പൊളിറ്റിക്കൽ സയൻസായിരുന്നു. നേപ്പാളിൽ പോയാണ് പഠിച്ചത്. ഹിന്ദി ഒഴിവാക്കാനാണ് അങ്ങനെ ചെയ്തത്. ഷോർട്ട് ഹാൻഡ് പഠിച്ചതോടെ മദ്രാസ് സെക്രട്ടേറിയറ്റിൽ ജോലി കിട്ടി. 1954 ൽ
പാർലമെന്റിലേക്ക് ജീവനക്കാരെ തിരഞ്ഞെടുക്കുന്നു എന്ന് അറിഞ്ഞാണ് പരീക്ഷ എഴുതിയത്. പാർലമെന്റിൽ ഭൂരിപക്ഷം അംഗങ്ങളും സംസാരിക്കുന്നത് ഹിന്ദിയിൽ. ആദ്യമൊക്കെ പ്രയാസമായിരുന്നു. പിന്നെപ്പിന്നെ ഹിന്ദി പഠിച്ചു.

നെഹ്റുവിനോട് അന്നു പലരും ഹിന്ദി രാഷ്ട്ര ഭാഷയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഹിന്ദി ആരിലും അടിച്ചേൽപ്പിക്കേണ്ടതില്ലെന്ന നിലപാടാണ് അദ്ദേഹം എടുത്തത്. അക്കാലത്തു തന്നെ സഭയിൽ സ്വന്തം ഭാഷ സംസാരിക്കുന്നവർക്കു വേണ്ടി പരിഭാഷിയെ നിയമിച്ചിരുന്നു. മലയാളത്തിൽ സംസാരിക്കുന്നവരുടെ ദ്വിഭാഷിയായും പ്രവർത്തിച്ചിരുന്നു. അന്നൊക്കെ കേരളത്തിൽ നിന്നുള്ള എംപിമാരിൽ പലരും ഇംഗ്ലിഷിൽ സംസാരിക്കുമെങ്കിലും അവരോട് മലയാളത്തിൽ സംസാരിച്ചാൽ മതിയെന്നു തമാശ രൂപത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഞങ്ങൾക്കും ജോലി വേണ്ടേ. ഹിന്ദിയും ഇംഗ്ലിഷും അറിയാത്തവരും സഭയിൽ എത്തണ്ടേ?

ഇന്ദിരയും രാജീവും

പാർലമെന്റിൽ കണ്ട ഏറ്റവും ശക്തമായ നിലപാടുകൾ ഉള്ള പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ആയിരുന്നു. എന്നാൽ വേണ്ടായിരുന്നു എന്നു തോന്നുന്ന പല തീരുമാനങ്ങളും അവർ എടുത്തു. ഇന്ദിര പ്രധാനമന്ത്രിയായി വന്നപ്പോൾ പ്രസംഗങ്ങൾ എഴുതി വായിക്കുന്ന രീതിയായിരുന്നു. പിന്നെ പതുക്കെ പ്രസംഗിക്കാൻ പഠിച്ചു. അടിയന്തരാവസ്ഥക്കാലം പാർലമെന്റിലെ സുപരിചിതമായ പല മുഖങ്ങളും ജയിലായി. ഇന്ത്യൻ ചരിത്രത്തിൽ പാഴായി പോയ നാളുകളായിരുന്നു അത്. രാജീവ് ഗാന്ധി രാഷ്ട്രീയത്തിലേക്കു വരാൻ താൽപര്യം കാട്ടിയിരുന്നില്ലെങ്കിലും പിന്നീടു കരുത്തു തെളിയിച്ചു. എന്നാൽ തുടക്ക കാലത്ത് പക്വതക്കുറവ് ഉണ്ടായിരുന്നെങ്കിലും മുത്തശ്ശനേപ്പോലെ ദീർഘവീക്ഷണം അദ്ദേഹത്തിനുണ്ടായിരുന്നു.

1985ൽ രാജ്യസഭയിൽ നിന്നു സീനിയർ റിപ്പോർട്ടറായി പടിയിറങ്ങുന്ന ദിവസം വീണ്ടും കാതിൽ മുഴങ്ങിയത് നെഹ്റുവിന്റെ ചേഞ്ച് ആൻഡ് കണ്ടിന്യൂവിറ്റി പ്രസംഗമായിരുന്നെന്നു ടി.വി.കെ.വാരിയർ ഓർമിക്കുന്നു. മകനും കോംഗോ മുൻ അംബാസഡറുമായ അശോക് വാരിയർക്കും കുടുംബത്തിനും ഒപ്പമാണ് ടി.വി.കെ.വാരിയർ ഇപ്പോൾ കഴിയുന്നത്.

Content Highlight: TVK Warrier remembers Jawaharlal Nehru

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com