ADVERTISEMENT

മധ്യകാല ഇംഗ്ലിഷ് നാടകത്തിൽ നിന്ന് ഇറങ്ങി വന്നതുപോലത്തെ വലിയ മജീഷ്യന്മാരുടെ തൊപ്പിയും തുണിസഞ്ചിയും ബെൽ ബോട്ടവും ഷൂസുമണിഞ്ഞ വിദേശികളായ രണ്ടുപേരെ കേരളത്തിൽ പലയിടത്തും കണ്ടേക്കാം. ഫോണും സുഖസൗകര്യങ്ങളും ഒഴിവാക്കി വ്യത്യസ്തമായ നാടോടി ജീവിതം നയിക്കുന്ന ജർമനി, സ്പെയിൻ എന്നിവിടങ്ങളിലെ ‘വാണ്ടർഗെസ്സെലെൻ’ എന്ന ജനവിഭാഗത്തിൽപെടുന്ന ഡയാനയും വെസ്‌ലിയുമാണത്. പഠനയാത്രയുടെ ഭാഗമായാണ് അവർ കേരളത്തിലെത്തിയിരിക്കുന്നത്. ജർമനിക്കാരിയായ ചിത്രകാരി ഡയാനയും ഫ്രഞ്ചുകാരനായ കൽപണിക്കാരൻ വെസ്‌ലിയും കണ്ടുമുട്ടിയതും ഒരു യാത്രയിലാണ്. പിന്നീട് ഇവർ ഒന്നിച്ചായി യാത്ര. വെസ്‌ലി ലോകയാത്ര തുടങ്ങിയിട്ട് 10 വർഷമായി, ഡയാന ഏഴും. വെസ്‌ലി 13 രാജ്യങ്ങൾ സന്ദർശിച്ചു കഴിഞ്ഞു. ഇവരുടെ ഇന്ത്യ സന്ദർശനം തുടങ്ങിയിട്ടു മാസങ്ങളായി, ഇപ്പോൾ കേരളത്തിന്റെ ഭംഗി ആസ്വദിച്ചാണ്  യാത്ര.

എന്താണ് വാണ്ടർഗെസ്സെലെൻ

മധ്യകാലഘട്ടത്തിൽ രൂപപ്പെട്ട ഒരു പ്രത്യേക ജീവിതശൈലിയാണു വാണ്ടർഗെസ്സെലെൻ. ഫ്രാൻസ്, സ്കാൻഡിനേവിയ, ജർമൻ സംസാരിക്കുന്ന രാജ്യങ്ങൾ എന്നിവിടങ്ങളിൽ ഇപ്പോഴും ഈ പാരമ്പര്യം സജീവമാണ്. കലാ, കരകൗശല ജോലികൾ ചെയ്താണ് ഇവർ പ്രധാനമായും ഉപജീവനം നടത്തുന്നത്. ഒരു കലാ, കരകൗശല അപ്രന്റിസ്ഷിപ് പൂർത്തിയാക്കിയതിനു ശേഷം മറ്റുള്ള രാജ്യങ്ങളിൽ പോയി അവിടത്തെ രീതി പഠിക്കണമെന്നാണ് അവരുടെ നിയമം. ഇങ്ങനെ യാത്ര പോകുന്നവരെ ‘ജേണിമാൻ’ എന്നാണു വിളിക്കുക. കുറഞ്ഞതു മൂന്ന് വർഷവും ഒരു ദിവസവും നീളുന്നതാണ് ഈ വിദേശപഠന കാലയളവ്.

ഒരാൾ ജേണിമാൻ ആയാൽ അപ്പോൾ മുതൽ പുതിയ പേരിലാകും അറിയപ്പെടുക. വിദേശയാത്ര കഴിഞ്ഞു തിരിച്ചെത്തി സാധാരണ ജീവിതത്തിലേക്കും പഴയ പേരിലേക്കും മടങ്ങും. പാസ്പോർട്ടിൽ വരെ വാണ്ടർഗെസ്സെലെൻ പേരാകും ഉണ്ടാകുക. വിദേശയാത്രയ്ക്കുള്ള അത്യാവശ്യച്ചെലവ് വാണ്ടർഗെസ്സെലെൻ കൂട്ടായ്മ നൽകും. എത്തുന്ന രാജ്യത്തു ജോലി ചെയ്തും കലാസൃഷ്ടികൾ നിർമിച്ചു വിൽപന നടത്തിയുമാണു ജീവിതച്ചെലവ് കണ്ടെത്തുന്നത്.

നാടോടി വസ്ത്രത്തിലെ സ്വർണം

വാണ്ടർഗെസ്സെലെൻകാരുടെ ജീവിതരീതി ലളിതമെന്നു തോന്നുമെങ്കിലും വസ്ത്രധാരണം അങ്ങനെയല്ല. സാധാരണ ജനങ്ങൾക്കിടയിൽ ഇവർ ‘ക്ലുഫ്ത്’ എന്നു വിളിക്കുന്ന പ്രത്യേകതരം വസ്ത്രം പെട്ടെന്നു തന്നെ തിരിച്ചറിയാൻ കഴിയും. ജോലികൾക്കനുസരിച്ചു വസ്ത്രത്തിന്റെ നിറത്തിനും മാറ്റമുണ്ട്. മരപ്പണിക്കാരന്റെ കറുത്ത തൊപ്പിക്കു വിശാലമായ അരികുണ്ട്; മരപ്പണിക്കാർക്കു കറുത്ത ബെൽ ബോട്ടവും അരക്കെട്ടുമുണ്ട്. കൂടെ ഒരു കോട്ടും ധരിക്കും. ചില തൊഴിലുകൾ ചെയ്യുന്നവർ കറുത്ത സ്റ്റൗപൈപ്പ് തൊപ്പി അല്ലെങ്കിൽ കോക്ക്ഡ് തൊപ്പി (മജീഷ്യന്മാർ ഉപയോഗിക്കുന്ന പോലത്തെ തൊപ്പി) ഉപയോഗിക്കുന്നു. ചിത്രകല അഭ്യസിക്കുന്നവരുടെ വസ്ത്രത്തിനു ചുവപ്പ് നിറമാണ്. കൽപ്പണിക്കാരുടെ വസ്ത്രത്തിനു ചാരനിറമാണ്. വസ്ത്രത്തിന്റെ നിറം കൊണ്ടുതന്നെ ഓരോ വ്യക്തിയുടെയും തൊഴിലും തിരിച്ചറിയാനാകും.

ഈ വസ്ത്രം ധരിച്ചാൽ മതപരമായ കാര്യങ്ങളോ രാഷ്ട്രീയ കാര്യങ്ങളോ സംസാരിക്കാൻ പാടില്ലെന്നാണു നിയമം. ഭക്ഷണം കഴിക്കുന്നതിലും പരിമിതികളുണ്ട്. മദ്യം, പുകവലി എന്നിവ പാടില്ല. എന്താണോ പഠിക്കാൻ വന്നത്, അതു കൃത്യമായി മനസ്സിലാക്കാൻ ഇത്തരം കാര്യങ്ങൾ തടസ്സമാണെന്നാണ് അവരുടെ നിയമം. നിലത്താണു രാത്രിയുറക്കം, മെത്ത ഉപയോഗിക്കാൻ പാടില്ല.സ്വർണക്കമ്മലും സ്വർണ വളകളും കൂടി ചേരുമ്പോഴാണു വസ്ത്രം പൂർണമാകുക. സ്വർണം ആഡംബരത്തിന്റെ ഭാഗമല്ല, പ്രയാസകരമായ സമയങ്ങളിൽ വിൽക്കാനും യാത്രയ്ക്കിടയിൽ മരിച്ചാൽ ശവക്കുഴിക്കു പണത്തിനായും ഉപയോഗിക്കാനാണ്. ഫെല്ലിസെൻ എന്നു വിളിക്കപ്പെടുന്ന തുകൽ ബാഗിലാണു യാത്രികർ തന്റെ സാധനങ്ങൾ കൊണ്ടുപോയിരുന്നത്. എന്നാൽ ചില മധ്യകാല യാത്രക്കാർ അവരുടെ സാധനങ്ങൾ പൊതിയുന്നതിനായി ഷാർലറ്റൻബർഗർ (‘ചാർലി’ എന്നു ചുരുക്കി വിളിക്കുന്നു) ഒരു നാടൻ തുണി ഉപയോഗിക്കാൻ തുടങ്ങി. ഇപ്പോഴും സാധനങ്ങൾ സൂക്ഷിക്കുന്നതു ഷാർലറ്റൻബർഗറിൽ തന്നെ.

നിയമങ്ങൾ വാമൊഴിയായി മാത്രം

ഇവരുടെ നിയമങ്ങൾ എവിടെയും എഴുതിവച്ചിട്ടില്ലാത്തതിനാൽ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിനായി വാമൊഴിയായി കൈമാറ്റം ചെയ്യപ്പെടുന്ന കർശനമായ, പലപ്പോഴും നിഗൂഢമായ നിയമങ്ങളാണു ഇവരുടേത്. പണ്ടുകാലത്തു ട്രേഡ് അസോസിയേഷന്റെ കീഴിലായിരുന്നു മിക്കവരും യാത്ര ചെയ്തിരുന്നത്. ഇന്നു പലരും സ്വന്തമായി യാത്ര ചെയ്യുന്നു. എന്നാൽ ചിലർ ലോകയാത്ര നടത്താനുള്ള സ്വാതന്ത്ര്യമായും ഇതിനെ കാണുന്നു.വീട്ടിൽ നിന്നു പുറപ്പെടുന്നതിനു മുൻപുള്ള രാത്രി കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും വിടപറയാനുള്ള ആഘോഷമാക്കും. യാത്രയിലുടനീളം കമ്മൽ ധരിക്കാനുള്ള കാതുകുത്തൽ നടത്തുന്നതും ആ രാത്രിയിലാണ്. യാത്രാ കാലയളവിൽ എപ്പോൾ വേണമെങ്കിലും ഏതൊരാൾക്കും കമ്മൽ കീറിക്കളഞ്ഞ ശേഷം നിയമം ലംഘിക്കാം. ആ വ്യക്തി പിന്നീട് ‘സ്പ്ലിറ്റ് ഇയർ’ എന്നറിയപ്പെടും. ജർമൻ ഭാഷയിൽ വഞ്ചകനെന്നർഥം.

ഇന്ത്യ തിരഞ്ഞെടുക്കാൻ കാരണം

നിറങ്ങളുടെയും വൈവിധ്യത്തിന്റെയും നാടാണെന്നാണ് ഒറ്റ വാചകത്തിൽ വെസ്‌ലി പറഞ്ഞത്. വ്യത്യസ്ത സംസ്കാരങ്ങൾ വഴി പലതരം കലകളെ പരിചയപ്പെടാനും സാധിക്കും. ഇന്ത്യയിൽ എത്തിയിട്ടു മാസങ്ങളായി. എന്നു തിരിച്ചുപോകുമെന്നു തീരുമാനിച്ചിട്ടില്ല. വെസ്‌ലിക്ക് ഇന്ത്യയുമായുള്ള ബന്ധം കുഞ്ഞിലേ മുതൽ ഉള്ളതാണ്.  കുട്ടിയായിരിക്കുമ്പോൾ അമ്മയുടെ കൂടെ പലപ്പോഴും ഇന്ത്യയിൽ വന്നിട്ടുണ്ട്. അമ്മ വാണ്ടർഗെസ്സെലെൻ വിഭാഗത്തിൽപെട്ടയാൾ അല്ലെങ്കിലും ഒട്ടേറെ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. കേരളത്തിലെ കലകളും ജീവിതവും പരിചയപ്പെട്ട് അറിവു സമ്പാദിച്ചു തിരികെ മടങ്ങുക എന്നതാണ് ഉദ്ദേശ്യം. ആലപ്പുഴയിലെ കായൽ യാത്രയും വഞ്ചിവീടുകളുടെ ഭംഗിയുമെല്ലാം ആസ്വദിച്ചാണു യാത്ര. കേരളത്തിലെ ബീച്ചുകൾ സുന്ദരമാണെങ്കിലും ചൂട് അസഹനീയമാണെന്നാണ് ഇവർ പറയുന്നത്. പ്രത്യേകിച്ചും ക്ലുഫ്ത് ധരിച്ചു നടക്കാൻ. മൂന്നാറുൾപ്പെടെ സംസ്ഥാനത്തെ പ്രധാനപ്പെട്ട എല്ലാ സ്ഥലങ്ങളും സന്ദർശിക്കണമെന്നു ഡയാന പറയുന്നു. ‘ഞങ്ങളുടെ രീതിയറിഞ്ഞു ചിലർ സൗജന്യമായി താമസിക്കാൻ ഇടം തരും. പക്ഷേ, വിദേശികളായുകൊണ്ടു ഞങ്ങളെ പറ്റിക്കാൻ ശ്രമിച്ച സംഭവങ്ങളും പലയിടത്തും ഉണ്ടായിട്ടുണ്ട്’ വെസ്‌ലി പറഞ്ഞു. 

English Summary : Sunday Special about study trip of Diana and Wesley

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com