ADVERTISEMENT

‘നിങ്ങൾ മാവോയിസ്റ്റാണ്’

‘ അല്ല’

‘ പിന്നെ നിങ്ങളെന്തിനാണ് ആദിവാസികൾക്കുവേണ്ടി സംസാരിക്കുന്നത്? പിന്നെ എന്തിനാണ് ആദിവാസി ഊരുകളിൽ നിരന്തരം കയറിയിറങ്ങുന്നത്? പിന്നെ ആർക്കുവേണ്ടിയാണ് അവരുടെ അവകാശങ്ങളെക്കുറിച്ചു സംസാരിക്കുന്നത്?’

‘‘ ഒരു മാവോയിസ്റ്റിനു മാത്രമേ ആദിവാസികൾക്കു വേണ്ടി സംസാരിക്കാൻ കഴിയൂ എന്നുണ്ടോ? ഞാനുമൊരു ആദിവാസിയാണ്. അതുകൊണ്ടുതന്നെയാണ് അവർക്കു വേണ്ടി സംസാരിക്കുന്നത്’’. മാവോയിസ്റ്റ് എന്ന മുദ്രകുത്തി തന്റെ ശബ്ദം കൊട്ടിയടയ്ക്കാൻ ശ്രമിച്ചവരോടു ചിത്രയ്ക്കു പറയാനുള്ളത് ഇതാണ്. 

സ്വന്തം ആളുകൾക്കുവേണ്ടി സംസാരിച്ചതിനു ഭരണകൂടവും രാഷ്ട്രീയക്കാരുമെല്ലാം മാവോയിസ്റ്റ് എന്നാക്ഷേപിക്കുമ്പോൾ ചിത്ര പറയുന്ന മറ്റൊന്നു കൂടിയുണ്ട്– ‘‘ ഞാനിതുവരെ ഒരു മാവോയിസ്റ്റിനെ കണ്ടിട്ടുപോലുമില്ല’’.

ആദിവാസി ഐക്യവേദി സംസ്ഥാന അധ്യക്ഷയാണു ചിത്ര നിലമ്പൂർ. ആദിവാസി ഗോത്രവിഭാഗങ്ങളുടെ പ്രശ്നങ്ങൾക്കു നിയമ പോരാട്ടങ്ങളിലൂടെ പരിഹാരം കാണാൻ മുന്നിട്ടിറങ്ങിയതിലൂടെയാണു ചിത്ര പൊലീസിന്റെയും ഉദ്യോഗസ്ഥരുടെയും നോട്ടപ്പുള്ളിയായത്. പതിവുപോലെ അവളെ അവർ മാവോയിസ്റ്റെന്ന മുദ്രകുത്തി. പോകുന്ന സ്ഥലങ്ങളിലെല്ലാം നിരന്തരം പിൻതുടർന്നു. ചിത്ര മുൻകൈയെടുത്തു നടത്തുന്ന സൊസൈറ്റി ഓഫിസിലും വീട്ടിലുമെല്ലാം ‘രഹസ്യങ്ങൾ’ തേടി പരിശോധന നടത്തി. ആളുകൾക്കു മുന്നിൽ വച്ചു മാവോയിസ്റ്റെന്നു വിളിച്ചു. എന്നിട്ടും ചിത്ര പിൻമാറിയില്ല. കനലെരിയുന്ന ജീവിതവഴികളിലൂടെ കടന്നുവന്ന ചിത്രയെ സംബന്ധിച്ചിടത്തോളം ആ വാക്കുകൾ ആഴത്തിൽ മുറിവേൽപിക്കുന്നതായിരുന്നില്ല. കാരണം അതിലും വലിയ, ചോരപൊടി​ഞ്ഞ അനുഭവച്ചൂളയിലൂടെയാണ് ഈ നാൽപതുകാരി കടന്നുവന്നത്.

മലപ്പുറം പോത്തുകല്ല് അപ്പൻകാപ്പ് ആദിവാസി കോളനിയിൽ രവി– ശാന്ത ദമ്പതികളുടെ മകളായ ചിത്രയുടെ പോരാട്ടങ്ങൾക്കൊരു പ്രത്യേകതയുണ്ട്. കൊടിപിടിച്ചോ, മുദ്രാവാക്യം വിളിച്ചോ ആയിരുന്നില്ല ചിത്രയുടെ മുന്നേറ്റം. പ്രശ്നങ്ങളുടെ നിയമവശം പഠിച്ചുകൊണ്ടാണ് ഓരോ വിഷയത്തിലും ഇടപെടുന്നത്. താൻ ഉൾപ്പെടുന്ന ആദിവാസി സമൂഹം വഞ്ചിക്കപ്പെടുന്നത് അറിവില്ലായ്മകൊണ്ടാണെന്നും, ആ അറിവു നേടിക്കൊണ്ടു മുന്നേറുക എന്നതാണു പോംവഴിയെന്നും ചിത്ര പറയുന്നു.

പത്താം ക്ലാസ് ജയിച്ച ആദ്യപെൺകുട്ടി

‘‘ ഏഴാംക്ലാസ് വരെയുള്ള എന്റെ വിദ്യാഭ്യാസം ശരിക്കും വെല്ലുവിളി നിറഞ്ഞതായിരുന്നു. കാട്ടുനായ്ക്ക വിഭാഗത്തിൽപെട്ട ഞങ്ങളുടെ സമുദായം കാടുവിട്ടു പുറത്തിറങ്ങാൻ മടികാണിക്കുന്നവരായിരുന്നു. ഗോത്രഭാഷ സംസാരിക്കാനാണ് അധികം പേരും ഇഷ്ടപ്പെട്ടത്. ഇവിടെനിന്ന് ആദ്യമായി പത്താംക്ലാസ് ജയിക്കുന്നതു ഞാനാണ്.

കാട്ടുമൃഗങ്ങൾ നിറഞ്ഞ വഴികളിലൂടെ കിലോമീറ്ററുകൾ നടന്നുവേണം സ്കൂളിലെത്താൻ. പോത്തുകല്ല് കാതോലിക്കേറ്റ് സ്കൂളിൽ എട്ടാം ക്ലാസിൽ ചേർന്നപ്പോൾ മുണ്ടേരിയിലുള്ള ഒരാളുടെ വീട്ടിൽ നിന്നാണു പഠിച്ചത്. ആ വീട്ടിലെ മറ്റു കുട്ടികളെപ്പോലെയാണ് അവർ എന്നെയും പരിഗണിച്ചത്.

ഒൻപതിലെത്തുമ്പോഴാണു പോത്തുകല്ലിൽ ട്രൈബൽ ഹോസ്റ്റൽ വരുന്നത്. ആദ്യവർഷം ഞാൻ മാത്രമേ ഹോസ്റ്റലിൽ ഉണ്ടായിരുന്നുള്ളൂ. പത്താം ക്ലാസിൽ നല്ല മാർക്കോടെ ജയിച്ചെങ്കിലും പഠനം തുടരാൻ സാധിച്ചില്ല.

ഊരിലെ മറ്റുള്ളവരെപ്പോലെ പതിനാറാം വയസ്സിൽ ഞാനും വിവാഹിതയായി. രണ്ടു മക്കളുടെ അമ്മയായി ജീവിതം കാട്ടിനുള്ളിൽ ഒതുങ്ങിപ്പോകുമെന്നു കണ്ടപ്പോഴാണ് ഇങ്ങനെയായാൽ പോരാ എന്നൊരു തോന്നലുണ്ടായത്. 

നമ്മുടെ ജീവിതത്തിലും പുരോഗതി വേണമല്ലോ എന്നായിരുന്നു എന്റെ കാഴ്ചപ്പാട്. ഞാൻ മാത്രമല്ല, ഊരിലെ മറ്റുള്ളവരും മാറണം. അതിനു വിദ്യാഭ്യാസം വേണം. ഞാൻ മുന്നിട്ടിറങ്ങിയാലേ അങ്ങനെയൊരു മാറ്റം വരൂ എന്നു മനസ്സിലായപ്പോൾ ട്രൈബൽ വകുപ്പുമായി ബന്ധപ്പെട്ടു. അവരാണ് കോളനികളിൽ ബാലവിജ്ഞാനകേന്ദ്രം തുടങ്ങാൻ ആവശ്യപ്പെട്ടത്. ചെറിയ ഷെഡുകളുണ്ടാക്കി കുട്ടികളെ പഠിപ്പിക്കാൻ തുടങ്ങി. പലരും കുട്ടികളെ  വിടാൻ തയാറായിരുന്നില്ല. അവരെയെല്ലാം പറഞ്ഞു ബോധ്യപ്പെടുത്തി സ്കൂളിലെത്തിക്കാൻ ഏറെ പ്രയാസപ്പെട്ടു. അളയ്ക്കൽ കോളനിയിലും തണ്ടൻകല്ല് കോളനിയിലും വിജ്ഞാനകേന്ദ്രം തുറന്ന് അധ്യാപികയായി. ഒത്തിരി കുട്ടികളെ അറിവിന്റെ ലോകത്തേക്കു കൊണ്ടുവരാൻ സാധിച്ചു.

കുറച്ചു കഴിഞ്ഞപ്പോൾ എസ്ടി പ്രമോട്ടറായി. പോത്തുകല്ല് പഞ്ചായത്തിൽ കുടുംബശ്രീ സിഡിഎസ് അംഗമായി പ്രവർത്തിക്കാൻ തുടങ്ങിയതോടെയാണ് കൂടുതൽ വിദ്യാഭ്യാസം ഉണ്ടെങ്കിലേ മുന്നേറാൻ സാധിക്കൂ എന്നു മനസ്സിലായത്. അറിവുള്ളവർക്കേ എവിടെയും സ്ഥാനമുള്ളൂ. ആദിവാസി സമൂഹം എന്നും പിന്നാക്കമാകുന്നത് വിദ്യാഭ്യാസം കുറവായതുകൊണ്ടാണ്. നിലമ്പൂർ മുനിസിപ്പാലിറ്റിയുടെ സമീക്ഷ എന്ന തുടർവിദ്യാഭ്യാസ പദ്ധതിയിൽ ചേർന്നു ഞാൻ വീണ്ടും പഠനം തുടങ്ങി. പ്ലസ് ടു നല്ല മാർക്കോടെ ജയിച്ചതോടെ ആത്മവിശ്വാസമായി. തുടർന്നു ചരിത്രത്തിൽ ഡിഗ്രിയെടുത്തു. വായനയും യാത്രയും എന്നെ ശരിക്കും മാറ്റിയെടുത്തു. ‍ഞാൻ പറയുന്നതും കേൾക്കാൻ ആളുണ്ടെന്നു വന്നതോടെ എന്റെ കൂടെയുള്ളവരുടെ പ്രശ്നങ്ങൾ ഞാൻ പല വേദികളിലും അവതരിപ്പിച്ചു.

നീതിവേദി എന്ന എൻജിഒയിൽ ചേർന്നു പ്രവർത്തിക്കാൻ തുടങ്ങിയതോടെ പ്രശ്നങ്ങളുടെ നിയമവശങ്ങളെക്കുറിച്ചു പഠിക്കാൻ തുടങ്ങി. അഭിഭാഷകർ നേതൃത്വം നൽകുന്ന സംഘടനയാണു നീതിവേദി. അഡ്വ. സ്റ്റീഫൻ മാത്യുവിനെ പോലെയുള്ളവർ എന്നെ കാര്യമായി സഹായിച്ചു. 

അന്നു മുതലാണ് ഏതു പ്രശ്നത്തിന്റെയും നിയമവശം പഠിച്ചു സംസാരിക്കാൻ തുടങ്ങിയത്. അതോടെ ഞാൻ ചിലരുടെ കണ്ണിലെ കരടായി മാറി. ആദിവാസികളുടെ നിയമത്തെക്കുറിച്ചു സംസാരിക്കുന്ന ചിത്രയെ പൊലീസുകാരും  ഉദ്യോഗസ്ഥരും മാവോയിസ്റ്റ് എന്നു വിശേഷിപ്പിച്ചു

ആടുജീവിതത്തിൽ നിന്നു മനുഷ്യനിലേക്ക്

ചെറുപ്പത്തിൽ നിലമ്പൂരിലെ ആ വീട്ടിൽ ജോലിക്കെത്തിയ യുവാവിന് സംസാരശേഷില്ലായിരുന്നു. ചെവിയും കേൾക്കില്ല. ഉടുക്കാൻ നല്ലൊരു വസ്ത്രം പോലുമില്ല. പിന്നീട് നമ്മളൊക്കെ പറഞ്ഞുകേട്ടിട്ടുള്ള ‘ആടുജീവിതം’ നയിക്കുകയായിരുന്നു ശരിക്കും അയാൾ. കാലികളെ മേയ്ക്കലായിരുന്നു ജോലി. വൈകിട്ടു തിരിച്ചെത്തിയാൽ വീട്ടിലെ ജോലി. തൊഴുത്തിലാണ് ഉറക്കം. കീറിപ്പറിഞ്ഞ വസ്ത്രം, കുളിച്ചിട്ടു നാളുകളായി. ആദിവാസി വിഭാഗത്തിൽപ്പെട്ട അയാൾ ജീവിച്ചിരിക്കുന്നതിന് ഒരു തെളിവുമില്ലായിരുന്നു.

ഇങ്ങനെയൊരാൾ പ്രാകൃത ജീവിതം നയിക്കുന്നതിനെക്കുറിച്ചറിഞ്ഞപ്പോൾ ഞാൻ അന്വേഷിക്കാൻ ചെന്നു. അയാളെ അപ്പോൾ കണ്ടാൽ ആരും ഞെട്ടിപ്പോകും. ഞാനയാളുടെ സഹോദരിമാരെ ചെന്നുകണ്ട് അയാളെ മോചിപ്പിക്കാൻ പരാതി കൊടുക്കാൻ പറഞ്ഞു. ആദ്യം അവർ തയാറായില്ല. പിന്നീടൊരാൾ എന്നോടൊപ്പം പൊലീസ് സ്റ്റേഷനിൽ വന്നു. പരാതി നൽകി കുറച്ചു കഴിഞ്ഞപ്പോഴേക്കും ആ വീട്ടുകാർക്കു വിവരം ലഭിച്ചു. ഭീഷണിക്കു മുന്നിൽ പേടിച്ചു പോയ അയാളുടെ സഹോദരി പരാതി പിൻവലിച്ചു. ഞാൻ എന്റേതായൊരു പരാതി നൽകി. അങ്ങനെ അന്വേഷണമായി. ട്രൈബൽ വകുപ്പും തൊഴിൽ വകുപ്പും അന്വേഷണം നടത്തി. ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമൊക്കെ ആ വീട്ടുകാർക്കൊപ്പമായിരുന്നു. പരാതി പിൻവലിക്കാൻ എന്നോടു പലരും പറഞ്ഞു. പക്ഷേ, ഞാൻ തയാറായില്ല. ഞാൻ മാവോയിസ്റ്റാണെന്നു പറഞ്ഞുപരത്തി. മാനസികമായി എന്നെ തളർത്തുകയായിരുന്നു അവരുടെ ലക്ഷ്യം. അന്നത്തെ മലപ്പുറം കലക്ടർ ജാഫർ മാലിക് ഈ വിഷയത്തിൽ ഇടപെട്ടു. തൊഴിൽ വകുപ്പിന്റെ അന്വേഷണത്തിൽ അയാൾ തൊഴിൽപരമായി പീഡിപ്പിക്കപ്പെട്ടെന്നു കണ്ടെത്തി.

ഒടുവിൽ അയാൾക്കു വീടുവച്ചു കൊടുക്കാനും അതുവരെ ജോലി ചെയ്തതിന് ഏഴു ലക്ഷം രൂപ നഷ്ടപരിഹാരവും മാസവേതനം എണ്ണായിരം രൂപയും നൽകാൻ ലേബർ കമ്മിഷണർ വിധിച്ചു. അയാൾക്കു താമസിക്കാൻ ഒരു ഷെഡ് ഉണ്ടാക്കിക്കൊടുത്തു. നഷ്ടപരിഹാരം അയാളുടെയും ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസറുടെയും പേരിൽ നിക്ഷേപിക്കാനായിരുന്നു ഉത്തരവ്. ഇപ്പോൾ അയാൾ ശരിക്കുമൊരു മനുഷ്യനായി. തിരിച്ചറിയൽ രേഖകളായി. ഒരു പേരും കിട്ടി, വെള്ളൻ.

ആത്മഹത്യയുടെ വക്കിൽ വരെ ഞാനെത്തിയ പോരാട്ടമായിരുന്നു വെള്ളനു വേണ്ടിയുള്ളത്. ഞാൻ വാടകയ്ക്കു താമസിച്ചിരുന്ന വീട്ടിൽ നിന്നിറക്കിവിടാൻ വരെ ശ്രമമുണ്ടായി. പക്ഷേ, നിയമത്തിന്റെ വഴിയിലൂടെ സഞ്ചരിച്ചാൽ ആരൊക്കെ എതിരു നിന്നാലും വിജയം കണ്ടെത്താനാവുമെന്ന് വെള്ളന്റെ പോരാട്ടത്തിലൂടെ എനിക്കു മനസ്സിലായി.

ഞങ്ങളുടെ ജീവിതം തിരിച്ചുതരൂ

താമസിക്കാനൊരു ഭൂമി, ഇതാണിന്ന് ആദിവാസി സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. എല്ലായിടത്തും ആദിവാസികൾ കുടിയിറക്കപ്പെടുകയാണ്. ഭൂമി പ്രശ്നത്തിൽ ഇടപെടാൻ വേണ്ടിയാണ് 2017ൽ ആദിവാസി ഐക്യവേദി എന്ന സംഘടന രൂപീകരിക്കുന്നത്. ഞാനാണു സംസ്ഥാന അധ്യക്ഷ. ബിനു പുത്തൻപുരയ്ക്കൽ ജനറൽ സെക്രട്ടറിയും. ഇടുക്കി, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണു ഞങ്ങളുടെ പ്രവർത്തനം.

ആദിവാസികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയാണു ഞങ്ങളുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി കേരളത്തിലെ വനാന്തരങ്ങളിൽ ജീവിക്കുന്ന ആദിവാസി ഗോത്രവിഭാഗങ്ങളുടെ കോളനികളിലൊക്കെ ഞങ്ങൾ സഞ്ചരിച്ചു.

മലക്കപ്പാറയിലെ ആദിവാസികളുടെ ഭൂമി പ്രശ്നത്തിൽ ഇടപെട്ടപ്പോൾ ഒരുദ്യോഗസ്ഥൻ ആൾക്കൂട്ടത്തിൽ വച്ച് എന്നെ മാവോയിസ്റ്റെന്നു വിളിച്ചു. മലക്കപ്പാറയിലെ താമസ സ്ഥലത്തു നിന്നു കുടിയിറക്കപ്പെട്ട്, ഒന്നരവർഷമായി 13 കുടുംബങ്ങൾ ഇടമലയാർ ട്രൈബൽ ഹോസ്റ്റലിൽ കഴിയുകയാണ്. അവർക്ക് അവകാശപ്പെട്ട ഭൂമി നൽകണമെന്നു പറഞ്ഞപ്പോഴാണ് ഈ മാവോയിസ്റ്റ് വിളി. വയനാട്ടിലെ ചെട്ട്യാലത്തൂർ കോളനിയിൽ പോയപ്പോൾ പൊലീസ് ഞങ്ങളെ പിൻതുടരുന്നുണ്ടായിരുന്നു. മാവോയിസ്റ്റുകൾ കോളനിയിലേക്കു വരുന്നുണ്ടെന്ന സന്ദേശം ലഭിച്ചതിനെ തുടർന്നായിരുന്നു ഇത്.

എവിടെ പോയാലും ഇങ്ങനെയൊരു ചോദ്യം ചെയ്യലുണ്ടാകും. ഒരിക്കൽ തിരുവനന്തപുരത്തുള്ള ഇന്റലിജൻസ് ഓഫിസർ എന്റെ വീട്ടിലെത്തി രേഖകളൊക്കെ പരിശോധിച്ചു. ബാങ്ക് പാസ് ബുക്ക് വരെ പരിശോധിച്ചു. ചാനൽ തുടങ്ങാൻ എനിക്ക് ആരോ 50 കോടി രൂപ തന്നു എന്നായിരുന്നുവത്രെ അവർക്കു ലഭിച്ച രഹസ്യ സന്ദേശം. ഒരിക്കൽ, അർധരാത്രിയിൽ പൊലീസ് വീട്ടിൽ പരിശോധനയ്ക്കെത്തി. ആരാണ് അകത്തെന്നു ചോദിച്ചു. ആരുമില്ലെന്നു പറഞ്ഞപ്പോൾ, വഴിക്കടവിൽ മാവോയിസ്റ്റുകൾ വന്നിട്ടുണ്ടെന്ന വിവരം ലഭിച്ചപ്പോൾ എത്തിയതാണെന്നു പറഞ്ഞു. വഴിക്കടവിൽ മാവോയിസ്റ്റു വന്നാൽ ഞാൻ താമസിക്കുന്ന വാടകവീട്ടിൽ എന്തിനു പൊലീസ് അന്വേഷിച്ചെത്തണം?

ചിത്രയ്ക്കെന്താ വരുമാനം?

എനിക്കു ജീവിക്കാനുള്ള വരുമാനം എവിടെ നിന്നാണെന്നതു പലരുടെയും ചോദ്യമാണിത്. കാട്ടുനായ്ക്കർ, ചോലനായ്ക്കർ എന്നീ വനത്തോടു ചേർന്നു ജീവിക്കുന്ന ആദിവാസി വിഭാഗങ്ങളുടെ പ്രധാന വരുമാനം വനവിഭവങ്ങൾ ശേഖരിച്ചു നഗരത്തിൽ വിൽപന നടത്തുകയാണ്. അങ്ങനെ വിൽപന നടത്താനായി നിലമ്പൂർ കേന്ദ്രീകരിച്ചൊരു സൊസൈറ്റി ഞങ്ങൾ രൂപീകരിച്ചിട്ടുണ്ട്. ഞങ്ങൾ ശേഖരിക്കുന്ന വനവിഭവങ്ങൾ ട്രൈബൽ വകുപ്പു വഴി വിൽപന നടത്തും. 240 സ്ത്രീകളാണ് ഈ സൊസൈറ്റിയിലുള്ളത്. ഞാനും അതിൽ ജോലി ചെയ്യുന്നുണ്ട്. അവിടെ നിന്നുള്ള വരുമാനം കൊണ്ടാണു ഞാൻ ജീവിക്കുന്നത്. എന്റെ മകൾ ഗോപിക എംഎ കഴിഞ്ഞു. മകൻ ഗോകുൽ മഹാരാജാസ് കോളജിൽ പഠിക്കുന്നു. വിദ്യാഭ്യാസത്തിലൂടെ മാത്രമേ മുന്നേറാൻ കഴിയൂ എന്നു വിശ്വസിക്കുന്ന ആളാണു ഞാൻ. അതുകൊണ്ടാണു മക്കൾക്കു നല്ല വിദ്യാഭ്യാസം നൽകുന്നത്. അതും സർക്കാർ ചെലവിൽ. വിദ്യാഭ്യാസം ഉണ്ടെങ്കിൽ മാത്രമേ ഞങ്ങളുടെ ആളുകൾക്ക് അവരുടെ അവകാശങ്ങൾ ചോദിച്ചു വാങ്ങാൻ കഴിയൂ. അല്ലെങ്കിൽ മറ്റുള്ളവർ നൽകുന്നതിനു കൈ നീട്ടണം. അങ്ങനെയൊരു കൈനീട്ടൽ ഞാൻ  ആഗ്രഹിക്കുന്നില്ല.

English Summary : Sunday Special about Chithra Nilamboor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com