ADVERTISEMENT

വെയിലേറെ കൊണ്ടവരാണ്; സൗഹൃദം മാത്രം തണലായവർ. അതുകൊണ്ടാണു പടവുകൾക്കു മുന്നിൽ തടഞ്ഞുനിൽക്കുന്ന കണ്ണന്റെ വീൽചെയറിൽ പിടിച്ചുകൊണ്ട് അനുപമ പറയുന്നത്: ‘ഇവനോട് എനിക്കു സഹതാപമല്ല. നമ്മൾ ഒരു കൈ നീട്ടിക്കൊടുത്താൽ മതി. അവനു പിടിച്ചുകയറാനുള്ള കഴിവുണ്ട്’ എന്ന്. പുലർച്ചെ ജോലിക്കു പോയശേഷം കോളജിലേക്കു തന്റെ പഴഞ്ചൻ സൈക്കിൾ ചവിട്ടി വരുന്ന അനുപമയ്ക്ക് ഉച്ചഭക്ഷണവുമായി കണ്ണൻ വീട്ടിൽനിന്നു പുറപ്പെടുന്നതും അതുകൊണ്ടാണ്. കഠിനവഴികൾ പൊരുതിക്കയറിയ രണ്ടുപേർ ഉറ്റസുഹൃത്തുക്കളാകാതിരിക്കുന്നതെങ്ങനെ.

കൊല്ലം എസ്എൻ കോളജിലേക്കുള്ള വഴിയിലൂടെ ഇലക്ട്രിക് വീൽചെയറിൽ നീങ്ങുന്ന കണ്ണനും ഒപ്പം സൈക്കിളിൽ അനുപമയും. കോളജിൽ ഒന്നാം വർഷ മലയാളം ബിരുദാനന്തര ബിരുദ ക്ലാസിലെ ഈ സഹപാഠികൾ ഇന്നു നഗരത്തിനു പരിചിതരാണ്. ഇതൊരു സൗഹൃദക്കാഴ്ച മാത്രമല്ല; അതിജീവനം കൂടിയാണ്.

അനുപമം

ഗുസ്തി, ബോക്സിങ്, വെയ്റ്റ് ലിഫ്റ്റിങ്, പിന്നെ മോഹിനിയാട്ടവും– കൊല്ലം കടപ്പാക്കട സ്വദേശി അനുപമ രാജൻലാലിന്റെ വഴിയിങ്ങനെ. ജീവിതസാഹചര്യങ്ങൾ പിടിച്ചുമുറുക്കിയിട്ടും സ്വപ്നങ്ങളെ മലർത്തിയടിക്കാൻ അനുവദിച്ചില്ല അവൾ. ഡിഗ്രി കാലം മുതൽ വെയ്റ്റ് ലിഫ്റ്റിങ്ങിലും ഗുസ്തിയിലും ഒട്ടേറെ മത്സരങ്ങളിൽ പങ്കെടുത്തു. 2022 ഓഗസ്റ്റിൽ ഹരിയാനയിൽ നടന്ന ദേശീയ ഗ്രാപ്‍ലിങ് (ഗുസ്തി) ചാംപ്യൻഷിപ്പിൽ പങ്കെടുത്തു വെങ്കല മെഡൽ നേടി. സ്റ്റേറ്റ് ചാംപ്യൻഷിപ്പിൽ റഫറി ആയിട്ടുമുണ്ട്. കോളജിലെ വെയ്റ്റ് ലിഫ്റ്റിങ്, പവർ ലിഫ്റ്റിങ് താരമായ അനുപമ ജിം ട്രെയിനറുമാണ്. പുലർച്ചെയും വൈകിട്ടും 5 മുതൽ 9 വരെ നീളും ജിമ്മിലെ ജോലി. പഠനത്തിലേക്കുള്ള ഏകവഴി ആ വരുമാനമാണ്.

കാലിനു സ്വാധീനക്കുറവുണ്ടായിരുന്ന അച്ഛൻ രാജൻലാൽ നാലുവർഷം മുൻപാണ് അനുപമയെയും അമ്മ ബിന്ദുവിനെയും വിട്ടുപിരിഞ്ഞത്. ലോട്ടറിക്കച്ചവടക്കാരനായിരുന്ന അച്ഛന്റെ മരണത്തോടെ 17ാമത്തെ വയസ്സിൽ ജോലിക്കിറങ്ങേണ്ടിവന്നു അനുപമയ്ക്ക്. ഓൺലൈൻ വ്യാപാര ശൃംഖലയുടെ ഭാഗമായും പല ജിമ്മുകളിലും ചെറിയ ജോലികൾ ചെയ്തു. ഇതിനിടെ കൊല്ലം എസ്എൻ വിമൻസ് കോളജിൽനിന്നു ഡിഗ്രി പഠനം പൂർത്തിയാക്കി. പക്ഷേ, തുടർപഠനം മുടങ്ങി. ‘അമ്മയുടെ രോഗം, ചികിത്സ.. ഇതിനെല്ലാം ഒരു ജോലി വേണമായിരുന്നു. ചെറിയ തുകകൾ കൂട്ടിവച്ചാണ് അമ്മയുടെ ശസ്ത്രക്രിയ നടത്തിയത്. തുടർന്നു പഠിക്കണമെന്ന ആഗ്രഹം കാരണം മുഴുവൻ സമയ ജോലി നിർത്തി.– അനുപമ പറയുന്നു.

ചീരാഞ്ചേരിയെന്ന വീട്ടിൽനിന്നു 3 കിലോമീറ്റർ അകലെ കോളജ് ജംക്‌ഷനിലുള്ള സ്മാർട് ജിമ്മിലേക്ക് ഇപ്പോൾ സൈക്കിളിലാണു യാത്ര. പകൽസമയത്തു കോളജിലെ ജിമ്മിൽ വെയിറ്റ്ലിഫ്റ്റിങ് വർക്കൗട്ടുമുണ്ട് അനുപമയ്ക്ക്. സ്കൂളിൽ പഠിക്കുമ്പോൾ ഹൈജംപിലായിരുന്നു താൽപര്യം. പക്ഷേ, മത്സരത്തിനിടെ പരുക്കേറ്റു. ബെഞ്ചിലിരുന്നു പഠിക്കാൻ പോലുമാകാത്ത വേദനയുടെ കാലം പിന്നിട്ടു യോഗ പരിശീലിച്ചു. കായികാധ്വാനത്തിലൂടെ ഭാരം കുറച്ചു. പതിയെ ഗുസ്തി, വെയ്റ്റ് ലിഫ്റ്റിങ് പരിശീലനം തുടങ്ങി. കോളജിലെ കായികാധ്യാപകനായ ഗിരീഷ് ഗോപാലകൃഷ്ണനാണു പിന്തുണയേകിയത്. 2020 ൽ ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ടു എസ്എൻഡിപി യോഗം നടത്തിയ മോഹിനിയാട്ടം പരിപാടിയിൽ പരിശീലിച്ചതും പങ്കെടുത്തതും മറ്റൊരു വാശി. 

കായികം മാത്രമല്ല, കുട്ടിക്കാലത്തു പഠിച്ച നൃത്തവും വഴങ്ങുമെന്നു സ്വയം ബോധ്യപ്പെടുത്തി.  ‘കളിയാക്കിയവർക്കു മുന്നിൽ ഒന്നു ജയിക്കണമായിരുന്നു’–    അനുപമ ചിരിക്കുന്നു. മെഡലുകളുടെ നിറമേറെയുള്ള ജീവിതത്തിനു കൂട്ട് മുന്നോട്ടു പോകണമെന്ന ഈ നിശ്ചയദാർഢ്യം മാത്രം.

കണ്ണാണ്, കവിത!

ചലനശേഷി നഷ്ടമാക്കിയ സ്പൈനൽ ബൈഫിഡ എന്ന രോഗത്തെ തോൽപ്പിച്ചാണു കണ്ണൻ ബിരുദാനന്തര ബിരുദ ക്ലാസ് വരെയെത്തിയത്. ‌കവിത പ്രാണനാണ്; ഏറ്റവും വലിയ സ്വപ്നം, തന്റെ കവിതകൾ പുസ്തകമാക്കണമെന്നതും. അയത്തിൽ ഗോപാലശേരി വയലിൽ പുത്തൻവീട്ടിൽ മണികണ്ഠന്റെയും വിജയശ്രീയുടെയും മകനായ കണ്ണൻ എസ്എൻ കോളജിൽതന്നെയാണു ബിരുദത്തിനു പഠിച്ചത്. അന്നൊക്കെ ഓട്ടോയിൽ സാധാരണ വീൽചെയർ കയറ്റിവച്ച് അമ്മയ്ക്കൊപ്പമായിരുന്നു യാത്ര. പച്ചിലക്കൂട്ടം എന്ന സുമനസ്സുകളുടെ കൂട്ടായ്മ ഇലക്ട്രിക് വീൽചെയർ നൽകിയതുകൊണ്ട് ഇപ്പോൾ കോളജിലേക്ക് ഒറ്റയ്ക്കാണു യാത്ര. ഗോപാലശ്ശേരിയിൽനിന്നു 4 കിലോമീറ്ററുണ്ട് കോളജിലേക്ക്. അനുപമയ്ക്കുള്ള ഭക്ഷണപ്പൊതിയും കയ്യിൽ കരുതും. നഗരത്തിലെത്തി ഇരുവരും ഒന്നിച്ചു കോളജിലേക്ക്. സ്വന്തമായൊരു ജോലിയെന്ന ആഗ്രഹത്തിലേക്കാണ് ആ യാത്ര. വീട്ടിൽ വിവാഹാലോചനകൾ എത്തിയപ്പോഴും അനുപമ പറഞ്ഞു; ജോലി കിട്ടിയിട്ടാവാം. കണ്ണനും പിന്തുണയ്ക്കുന്നു: സ്ത്രീകൾക്ക് ആദ്യം സാമ്പത്തിക സ്വാതന്ത്ര്യം വേണം.

സൗഹൃദം

‘അച്ഛന് എന്നെ ബീച്ചിലൊക്കെ കൊണ്ടു പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ കാലിനു സ്വാധീനക്കുറവുള്ളതു കൊണ്ടു നടക്കാനാവില്ലല്ലോ. ക്ലാസിലെത്തിയപ്പോൾ കണ്ണനെ ആദ്യമായി കണ്ടതും എനിക്ക് അച്ഛന്റെ കാര്യമാണ് ഓർമ വന്നത്. അതുകൊണ്ട് എനിക്ക് കണ്ണന്റെ ചെറിയ സ്വപ്നങ്ങളൊക്കെ മനസ്സിലാവും’– അനുപമയുടെ വാക്കുകൾ. ഭക്ഷണം കൈകൊണ്ടെടുത്തു കഴിക്കാൻ ബുദ്ധിമുട്ടുള്ള കണ്ണനു വാരിക്കൊടുക്കുന്നതും അനുപമ തന്നെ. ഇരുവരും മറ്റു സുഹൃത്തുക്കളുമൊക്കെ ചേർന്നു നഗരത്തിൽ മേളകൾ കാണാനും ബീച്ചിലുമൊക്കെ പോകാറുണ്ട്. ഒറ്റ വിഷമമേയുള്ളൂ. എവിടെയും പടികൾ മാത്രം. ചിലയിടങ്ങളിലെ റാംപുകൾ കുത്തനെയും. പക്ഷേ, അവിടെയും അനുപമ ശരിക്കും ‘വെയ്റ്റ് ലിഫ്റ്റർ’ ആകും. കണ്ണനെ എടുത്തു പടികയറും!

‘അവനു സ്പീഡിൽ എഴുതാൻ പറ്റില്ല. കൈക്കു ബലക്കുറവുണ്ട്. അതുകൊണ്ടു കോളജിലെ ജിമ്മിൽ ചെറിയ പരിശീലനവും നൽകിത്തുടങ്ങിയിട്ടുണ്ട്’ – അനുപമ പറയുന്നു. കായികപരിശീലനത്തിനു സ്പോൺസർ, കവിതാപുസ്തകം പ്രസിദ്ധീകരിക്കാനൊരു തുണ– ഈ സ്വപ്നങ്ങളുടെ ഓരത്തുകൂടി സുഹൃത്തുക്കൾ യാത്ര തുടരുന്നു. 

English Summary : Sunday Special about Kollam SN College Students Kannan and Anupama

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com