ADVERTISEMENT

ഒരേ കടലിൽ ഒന്നിലേറെത്തവണ വഞ്ചിയിറക്കാനാവില്ല. കാരണം, ഓരോ നിമിഷവും കടൽ മാറിക്കൊണ്ടിരിക്കുന്നു. 2013ൽ സാഗർ പരിക്രമ -2ന്റെ ഭാഗമായി ഞാൻ ചുറ്റിവന്ന കടലായിരുന്നില്ല 2018ൽ എനിക്കു മുന്നിലുണ്ടായിരുന്നത്. നാലു വർഷത്തിനു ശേഷം അതേ കടൽമേഖലയിലൂടെ സഞ്ചരിക്കുമ്പോൾ നേരിൽ കണ്ട മാറ്റങ്ങൾ ചിന്തിക്കാവുന്നതിനും അപ്പുറമാണ്. കരയിലേതു പോലെ കാലാവസ്ഥാ വ്യതിയാനം  കടലിലുമുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിൽവച്ച് സൂര്യാതപമേൽക്കാതെ രക്ഷപ്പെട്ടത് പലതവണയാണ്. ഉച്ചനേരത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കാൻ പറ്റാത്തത്ര വെയിൽ. 

ആർട്ടിക്– അന്റാർട്ടിക്ക് മേഖലയിലെ മഞ്ഞുമലകൾ ഉരുകുന്നതിനെക്കുറിച്ചു നാം കുറെക്കാലമായി അറിയുന്നുണ്ട്. കടൽ ജലത്തിന്റെ താപനിലയിലുണ്ടായ വ്യതിയാനമാണ് ഇതിനു കാരണമെന്നു പറയാം. പക്ഷേ, കരയിൽനിന്ന് ആയിരക്കണക്കിനു കിലോമീറ്റർ അകലെ നടുക്കടലിൽ കാണുന്ന പ്ലാസ്റ്റിക് കുപ്പികൾക്കും മാലിന്യങ്ങൾക്കും കാലാവസ്ഥാ വ്യതിയാനമാണോ ഉത്തരവാദി? 2013ൽ ഞാൻ കണ്ട കടലല്ല 10 വർഷത്തിനു ശേഷം എനിക്കു മുന്നിലുള്ളത്. കരയുടെ ഏറ്റവും വലിയ ചവറ്റുകൊട്ടയായി കടൽ മാറിയതിന്റെ അടയാളങ്ങൾ എല്ലായിടത്തുമുണ്ട്. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ, ഇലക്ട്രോണിക്സ് അവശിഷ്ടങ്ങൾ, ജലത്തിൽ ഒരിക്കലും ലയിച്ചു ചേരില്ലാത്ത അപകടകരമായ മാലിന്യങ്ങൾ... വേറെയുമെത്രയോ! 

ഗോൾഡൻ ഗ്ലോബ് റേസിൽ എന്റെ സ്പോൺസർമാരായ ബയാനത് ഏൽപിച്ചിരുന്ന മറ്റൊരു ദൗത്യം കൂടിയുണ്ടായിരുന്നു. അതു വിവിധ മേഖലകളിലെ കടൽ ജലത്തിന്റെ സാംപിൾ എടുക്കുകയെന്നതായിരുന്നു. ഓരോ തവണ സാംപിളെടുക്കാൻ കടലിൽ കൈ തൊട്ടപ്പോഴും മനസ്സിനെ പൊള്ളിക്കുന്ന നൊമ്പരം ഞാനറിഞ്ഞു. കടലില്ലാതെ കരയ്ക്കു നിലനിൽപില്ലെന്നു നാം എന്നാണു മനസ്സിലാക്കുക? 

അദ്ദേഹം റേസ് അവസാനിപ്പിക്കുകയാണ്! 

ഇന്ത്യൻ മഹാസമുദ്രത്തിൽ 2018ൽ അപകടം സംഭവിച്ച മേഖല പിന്നിട്ടതോടെ ഞാൻ മനസ്സുകൊണ്ട് സ്വതന്ത്രനായി. അതുവരെ എന്നെ പിടികൂടിയിരുന്ന  പേടികളും വിഷാദങ്ങളുമെല്ലാം കടലിൽ ഉപേക്ഷിക്കപ്പെട്ടു. ഇന്ത്യൻ മഹാസമുദ്രത്തിൽനിന്ന് പസിഫിക് സമുദ്രത്തിലേക്കു കടന്നതോടെ ചൂടിൽനിന്ന് അൽപം മോചനം ഞാൻ പ്രതീക്ഷിച്ചു. പക്ഷേ, പസിഫിക്കിലും കുറച്ചുകാലത്തേക്കു ചൂടിനു കുറവൊന്നുമുണ്ടായില്ല. ഇതിനിടെയും കടൽ ചില പരീക്ഷണങ്ങളുമായി എന്നെ വെല്ലുവിളിക്കാൻ നോക്കി. അതിലൊന്നായിരുന്നു അപ്രതീക്ഷിതമായി ആഞ്ഞടിച്ച ആ വൻതിരകൾ. പസിഫിക് സമുദ്രത്തിലെ ഏറ്റവും അപകടകരമായ മേഖലയായ ചിലെയിലെ കേപ് ഹോണിനോട് അടുക്കുന്ന നേരത്തായിരുന്നു അത്. 

നോക്ക്ഡൗൺ എന്നു നാവികർ വിളിക്കുന്ന കടൽക്ഷോഭത്തിൽ വഞ്ചി അപകടകരമായി ചെരിഞ്ഞു. ഏകദേശം 90 ഡിഗ്രിയോളം ചെരി‍ഞ്ഞ വഞ്ചിയുടെ പായ്മരം കടലിൽ തൊട്ടുതൊട്ടില്ല എന്ന മട്ടിലാണ്. വഞ്ചിക്കുള്ളിലാകെ കടൽവെള്ളം ഇരച്ചുകയറി. ഞാൻ ഡെക്കിലേക്ക് ഇറങ്ങാതെ അകത്തുതന്നെ പിടിച്ചുനിന്നു. 2018ലെ അപകടം നൽകിയ അനുഭവം എനിക്കു നൽകിയ ധൈര്യം ചില്ലറയല്ല. 8 മീറ്ററിലേറെ ഉയരത്തിലുള്ള തിരകൾ. അൽപനേരം കഴിഞ്ഞപ്പോൾ കടൽ കുറച്ചൊന്നു ശാന്തമായി. ബോട്ടിനു സാരമായ കേടുപാടുകൾ സംഭവിച്ചു കഴിഞ്ഞിരുന്നു. ഞാൻ ഇക്കാര്യം അപ്പോൾത്തന്നെ സാറ്റലൈറ്റ് ഫോണിൽ സംഘാടകരെ അറിയിച്ചു. അവർ  ഗോവയിലുള്ള എന്റെ ഭാര്യയെ വിളിച്ചു പറഞ്ഞു: അഭിലാഷിന്റെ ബോട്ടിന് അപകടമുണ്ടായി. അദ്ദേഹം റേസ് അവസാനിപ്പിക്കുകയാണ്! 

എല്ലാവരും അങ്ങനെയാണു കരുതിയത്. പക്ഷേ,  വിട്ടുകൊടുക്കാൻ ഞാനൊരുക്കമായിരുന്നില്ല. ബോട്ടിന്റെ സെൽഫ് സ്റ്റീയറിങ് അടക്കമുള്ള സംവിധാനങ്ങൾ കേടായി. റേസിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ബ്രിട്ടിഷ് നാവികൻ സൈമൺ കർവൈൻ പിന്മാറാനുണ്ടായ കാരണം സമാനമായ തകരാറായിരുന്നു. ഞാനും റേസ് അവസാനിപ്പിക്കുമെന്നു സംഘാടകർ വിചാരിച്ചത് അതുകൊണ്ടാണ്. 

പക്ഷേ, ഞാൻ ഇന്ത്യൻ നാവികസേനയിലെ ഉദ്യോഗസ്ഥനായിരുന്നു എന്നത് അവർ മറന്നുപോയിക്കാണും!. കടലിൽ പരിമിതമായ സാഹചര്യങ്ങളിൽ യുദ്ധം ചെയ്യാൻ പരിശീലനം നേടിയിട്ടുണ്ട് ഞങ്ങൾ നാവികസേനാംഗങ്ങൾ. എന്റെ ചെറിയ ബോട്ടിൽ ലഭ്യമായ വസ്തുക്കളിൽനിന്ന് എങ്ങനെ സെൽഫ് സ്റ്റിയറിങ്ങിനു സ്പെയർ പാർട്സ് ഉണ്ടാക്കാമെന്നു ഞാൻ ചിന്തിച്ചു. ബോട്ടിന്റെ ടോയ്‌ലറ്റിന്റെ വാതിൽ ഇളക്കിയെടുത്ത് അതു ചെറുതായി അറുത്തെടുത്തു. തടിക്കഷ്‌ണം മാത്രം പോരാ, കട്ടികൂടിയ വസ്തു വേണമെന്നു മനസ്സിലായപ്പോൾ ഞാൻ ബോട്ടിന്റെ നങ്കൂരത്തിന്റെ ചില പാർട്സുകൾ തന്നെ അതിനായി ഉപയോഗിക്കാൻ തീരുമാനിച്ചു. 

നോക്ക്ഡൗൺ എനിക്ക് ഒരുപാട് നഷ്ടമുണ്ടാക്കി. അതിൽ പ്രധാനപ്പെട്ടത് അതുവരെ റേസിൽ എനിക്കുണ്ടായിരുന്ന മേധാവിത്വം നഷ്ടമായതാണ്.  ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാൻ  സാധിക്കുന്ന നേരത്തായിരുന്നു നോക്ക്ഡൗൺ. ബോട്ടിന്റെ തകരാറുകൾ പരിഹരിക്കാൻ വേണ്ടിവന്ന സമയത്ത് ദക്ഷിണാഫ്രിക്കൻ വനിത കിഴ്സ്റ്റൻ നോയിഷെയ്ഫർ ലീഡെടുത്തു. (ഇതു കരയിലെത്തിയ ശേഷമാണ് ഞാൻ അറിയുന്നത്.)  

വെള്ളം വെള്ളം സർവത്ര... 

രണ്ടാമതൊരിക്കൽ കൂടി ഞാൻ കേപ് ഹോൺ മുനമ്പ് കടന്നു. പസിഫിക്കിൽനിന്ന് അറ്റ്ലാന്റിക് സമുദ്രത്തിലേക്കുള്ള പുനഃപ്രവേശം കൂടിയാണിത്. നാവികരുടെ എവറസ്റ്റ് കൊടുമുടി എന്നു വിശേഷിപ്പിക്കുന്ന കേപ് ഹോൺ കടക്കുന്ന ഏകാന്ത നാവികർക്ക് ഏതു വശം ചേർന്നാണോ കടന്നു പോയത്, ആ വശത്തെ ചെവിയിലൊരു കടുക്കൻ ഇടാമെന്നാണ് കടൽനിയമം. 2013ൽ ഒരിക്കൽ റൗണ്ട് ചെയ്ത കേപ് ഹോൺ വീണ്ടും കടന്നതോടെ എനിക്ക് ഇടത്തേച്ചെവിയിൽ രണ്ടു കടുക്കനിടാം എന്നായി! 

   ഫിനിഷിങ് ലൈനിലേക്ക് ഇനി ഏകദേശം 7000 നോട്ടിക്കൽ മൈൽ ദൂരം കൂടിയേയുള്ളൂ.  ഒരു ഓട്ട മത്സരത്തിന്റെ അവസാന ലാപ് പോലെയാണ് എനിക്കതു തോന്നിയത്. ഇത്രയും കാലം സംഭരിച്ച ഊർജമൊക്കെ ഉപയോഗിച്ച് അവസാന ലാപ്പിൽ കുതിക്കുകയാണു വേണ്ടത്. പക്ഷേ, അവിടെയും ചില തിരിച്ചടികൾ. ബോട്ടിലെ ശുദ്ധജലം തീരാറായി. റേഷൻ അടിസ്ഥാനത്തിലാണ് ജലം ഉപയോഗിക്കുന്നത്. ഇനി മഴ പെയ്യും വരെ കാത്തിരിക്കണം. കടൽ വെള്ളത്തിൽ അരി കഴുകി വേവിച്ചാണു ഭക്ഷണം. ചുറ്റിനും സർവത്ര വെള്ളമാണെങ്കിലും തുള്ളി കുടിക്കാനില്ലാത്ത അവസ്ഥ! ബോട്ടിലെ ഭക്ഷണവും തീരാറായി. ടിന്നിലടച്ച ഭക്ഷണം കരുതിയിരുന്നതിലൊക്കെ തുരുമ്പായി. റേസിനു മുൻപ് ഈ ടിന്നുകളിൽ തുരുമ്പ് പിടിക്കാതിരിക്കാൻ വാർണിഷ് പൂശേണ്ടിയിരുന്നു. റേസിനു തൊട്ടുമുൻപത്തെ അപകടവും തിരക്കും കാരണം അതൊന്നും നടന്നില്ല.

സൗത്ത് അറ്റ്ലാന്റിക്കിൽനിന്ന് നോർത്ത് അറ്റ്ലാന്റിക്കിലേക്കുള്ള ദൂരമത്രയും എനിക്ക് ഓരോ യുഗങ്ങളായി അനുഭവപ്പെട്ടുതുടങ്ങി. ഇതിനിടെ തുടർച്ചയായി തലകറക്കം എന്നെ കീഴ്പ്പെടുത്തിത്തുടങ്ങി. കാരണമെന്താണ് എന്ന് എത്രയാലോചിച്ചിട്ടും മനസ്സിലാകുന്നുമില്ല. ഒടുവിൽ, രണ്ടും കൽപിച്ച് തുരുമ്പെടുത്ത ടിന്നുകൾ തുറന്ന് അതിലെ ഭക്ഷണമെടുത്ത് കഴിച്ചു. അതോടെ തലകറക്കം നിന്നു! ശരീരത്തിന് ആവശ്യമായ പോഷകം അതിൽനിന്നു കിട്ടിക്കാണും. ഇതിനിടെ വഞ്ചിയുടെ പായകളിലൊന്ന് കീറിയതായി മനസ്സിലായി. വലിയ അപകടത്തിലേക്കു പോകും മുൻപ് അതു വലിച്ചു താഴെയിട്ടു. പായയുടെ കീറിപ്പോയ ഭാഗം തുന്നിച്ചേർക്കുകയല്ലാതെ വേറെ വഴിയില്ല. 48 മണിക്കൂറോളം നേരം മറ്റൊരു ജോലിക്കും പോകാതെ പായ തുന്നിച്ചേർത്തു. ഇപ്പോഴെല്ലാം എനിക്കു ലീഡ് എടുക്കാമായിരുന്ന വിലപ്പെട്ട സമയമാണ് നഷ്ടമായത്. 

ഇതിനിടെ  നല്ലൊരു മഴ പെയ്തു. കിട്ടിയ നേരത്ത് ഞാൻ ബോട്ടിലുണ്ടായിരുന്ന പാത്രങ്ങളിലെല്ലാം മഴവെള്ളം ശേഖരിച്ചു. വീടിന്റെ മുറ്റത്തു മഴ പെയ്യുന്നതു ശേഖരിക്കും പോലെയല്ല ഇളകുന്ന തിരയിലെ മഴവെള്ള ശേഖരണമെങ്കിലും അതുവരെയുണ്ടായിരുന്ന കുടിവെള്ള പ്രശ്നത്തിന് അതോടെ പരിഹാരമായി. 

ഫിനിഷിങ് ലൈനിലേക്ക് 

ബേ ഓഫ് ബിസ്കേ വഴിയാണ് ഫിനിഷിങ് ലൈനിലേക്കു പോകേണ്ടത്. എനിക്കു വീണ്ടും ഉറക്കം നഷ്ടമായി. ഈ റേസിനു തൊട്ടുമുൻപ് ബോട്ട് ഒരു കപ്പലുമായി കൂട്ടിയിടിച്ച സ്ഥലം. തിരക്കുപിടിച്ച കപ്പൽ സഞ്ചാരമുള്ള മേഖല. ഒരു നിമിഷം ശ്രദ്ധ തെറ്റിയാൽ വീണ്ടും അപകടത്തിനു സാധ്യതയുണ്ട്. മഞ്ഞും മഴയുമുണ്ട്. റെയിൻ കോട്ട് ധരിച്ച് ബോട്ടിന്റെ ഡെക്കിൽ തന്നെയായി എന്റെ ജീവിതം. ഡെക്കിൽ എപ്പോഴും ഈർപ്പമുണ്ടാകും. റെയിൻ കോട്ട് ധരിച്ചാണ് അവിടെ കിടക്കുന്നതും ഉറങ്ങുന്നതുമെല്ലാം. രാത്രിയിൽ കപ്പലുകളുടെ നീണ്ട ഹോൺ കേൾക്കുമ്പോൾ ഞാൻ ഞെട്ടും. ഒരു മണിക്കൂർ പോലും തുടർച്ചയായി ഉറങ്ങാൻ പറ്റാതായതോടെ ആരോഗ്യം ക്ഷയിച്ചു തുടങ്ങി. കടലിൽ കാറ്റും കുറവ്. അതോടെ, വഞ്ചിയുടെ വേഗം കുറഞ്ഞു. 

പക്ഷേ, ഈ വിധത്തിലുള്ള കഷ്ടപ്പാടുകളെല്ലാം വേറൊരു അർഥത്തിൽ ‍ഞാൻ ആസ്വദിക്കുകയായിരുന്നു. എന്റെ മുന്നിലുള്ള കര വെറുമൊരു ഫിനിഷിങ് ലൈൻ മാത്രമല്ല, ഒരു നാവികന്റെ ജീവിത വിജയത്തിന്റെ അടയാളം കൂടിയാണ്. 2018ൽ പാതിമുറിഞ്ഞു പോയ റേസ് കൊണ്ടു ഞാൻ യാത്ര അവസാനിപ്പിച്ചിരുന്നെങ്കിൽ അഭിലാഷ് ടോമി എന്ന നാവികൻ വലിയ പരാജയമായി മാറുമായിരുന്നു. ഗോവയിൽ ഭാര്യയും മക്കളുമുണ്ട്. കൊച്ചിയിൽ, എന്റെ പിതാവും മുൻ നാവികസേന ഉദ്യോഗസ്ഥനുമായ ലഫ്. കമാൻഡർ വി.സി. ടോമിയും അമ്മ വത്സമ്മയുമുണ്ട്. ഇതിലെല്ലാം ഉപരി എന്നെ അദ്ഭുതപ്പെടുത്തിയ സംഗതി, ഫിനിഷിങ് ലൈനിൽ സ്വീകരിക്കാനെത്തിയവരിൽ സഹോദരൻ അനീഷ് ടോമിക്കും ഭാര്യയ്ക്കുമൊപ്പം അവരുടെ നവജാത ശിശു കൂടിയുണ്ടായിരുന്നു എന്നതാണ്. ആ കുഞ്ഞിനെ കൈകളിലേക്കു നൽകിയാണ് അവർ എന്നെ കരയിലേക്കു സ്വീകരിച്ചത്.... 

റേസ് തുടങ്ങി 236–ാം ദിവസം ഗോൾഡൻ ഗ്ലോബ് റേസ് ഫിനിഷ് ചെയ്യാൻ സാധിച്ചിരിക്കുന്നു. ഫിനിഷിങ് ലൈനിൽ സംഘാടകൻ ഡോൺ എന്നോടു ചോദിച്ചു: ‘‘ഒരു ശരാശരി ഇന്ത്യക്കാരന്റെ നേട്ടമായി ഇതിനെ കാണാമോ?’’ ഞാൻ ഉടനടി മറുപടി പറഞ്ഞു: ‘‘ഇന്ത്യയിൽ ശരാശരിക്കാരില്ല. ഇക്കാണുന്ന ലെ സാബ്‌ലെ ദെലോനിൽ കാണുന്നതിന്റെ പകുതി പോലും പായ്‌വഞ്ചികൾ ഇന്ത്യയിൽ ആകെയില്ല. എന്നിട്ടും അവിടെ നിന്ന് ഒരാൾക്ക് ഇവിടെ വരാനും ഇത്രയും കടുപ്പമേറിയ റേസ് ഫിനിഷ് ചെയ്യാനും സാധിക്കുമെങ്കിൽ ഇത്രയും സൗകര്യങ്ങളുള്ള ഇന്ത്യ നിങ്ങൾ ഒന്നു സങ്കൽപിച്ചു നോക്കൂ...!" 

ഇന്ത്യയിലെ ഓരോ നികുതിദായകന്റെയും വിജയമാണിത്. 2018ലെ അപകടത്തിനു ശേഷം നടത്തിയ ശസ്ത്രക്രിയയിൽ എന്റെ നട്ടെല്ലിൽ ഘടിപ്പിച്ചിരുന്ന ടൈറ്റാനിയം കഷണങ്ങൾ ഓരോ ഇന്ത്യക്കാരന്റെയും സംഭാവനയാണ്. എന്നെ വീണ്ടും എഴുന്നേൽപിച്ചു നടത്തിയതും വിജയത്തിലേക്കു പായ്‌വഞ്ചിയോടിപ്പിച്ചതും ഇന്ത്യ എന്ന വികാരമാണ്. ലെ സാബ്‌ലെ ദെലോനിലേക്കു തിരിച്ചു വരുന്ന നേരത്ത് തീരത്തു പാറിക്കളിച്ച ത്രിവർണപതാകകൾ അതിനു തെളിവാണ്. ഓരോ റേസ് പൂ‍ർത്തിയാക്കുമ്പോഴും ഓരോ നാവികന്റെയുമുള്ളിൽ തിരയടി തുടരുന്ന കടലിരമ്പമുണ്ട്. അത് അടുത്ത പായ്‌വഞ്ചിയോട്ടത്തിനുള്ള കടലിന്റെ വിളിയാണ്.

ആ വിളിക്ക് ഉത്തരം നൽകാൻ, കരയിൽനിന്നു വീണ്ടും കടലിലേക്കിറങ്ങും വരെ, അടുത്ത തിരയോഗം വരെ...  

ജയ്ഹിന്ദ്! 

കമാൻഡർ അഭിലാഷ് ടോമിയുടെ കടൽ അനുഭവങ്ങളുടെ പൂർണരൂപം ‘മനോരമ ബുക്സ്’ ഉടൻ പ്രസിദ്ധീകരിക്കുന്നു.

English Summary : Sunday Special about golden globe race winner Abhilash Tomy part 5

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com