ADVERTISEMENT

സ്വാതന്ത്ര്യ സമരത്തിനിടയിൽ 1923ൽ ബ്രിട്ടിഷ് സർക്കാർ ഗാന്ധിജിയെ അറസ്റ്റ് ചെയ്തു യെർവാദാ ജയിലി‍ൽ പാർപ്പിച്ചു. അക്കാലത്തൊരു ദിവസം പത്നി കസ്തൂർബാ അദ്ദേഹത്തെ കാണാൻ ജയിലിലെത്തി.

ജയിൽപുള്ളികൾ ബന്ധുക്കളുമായി സംസാരിക്കുമ്പോൾ ജയിൽ വാർഡൻ അടുത്തുണ്ടാവണമെന്നാണു നിബന്ധന. അതനുസരിച്ചു ജയിൽ വാർഡൻ ഗാന്ധിജിയുടെ മുറിയിലെത്തിയെങ്കിലും ഭാര്യാഭർത്താക്കന്മാർ സ്വതന്ത്രമായി സംസാരിക്കട്ടെയെന്ന സന്മനസ്സു കാട്ടി പുറത്തേക്കു പോയി. വാർഡൻ പുറത്തു പോയ നിമിഷം ഗാന്ധിജി ഭാര്യയുമായുള്ള സംസാരം നിർത്തി. സംസാരിക്കാൻ അനുവദിച്ച സമയം തീർന്നപ്പോൾ ജയിൽ വാർഡൻ മുറിയിലേക്കു വന്നു. ഗാന്ധിജിയും കസ്തൂർബയും നിശ്ശബ്ദരായിരിക്കുന്നതാണ് വാർഡൻ കണ്ടത്. എന്താണ് ഒന്നും മിണ്ടാത്തത് എന്ന് വാർഡൻ ചോദിച്ചപ്പോൾ ഗാന്ധിജി ഇങ്ങനെ പറഞ്ഞു.

‘‘ജയിൽ വാർഡന്റെ സാന്നിധ്യത്തിലേ ജയിൽപുള്ളി സന്ദർശകരുമായി സംസാരിക്കാവൂ എന്നല്ലേ നിബന്ധന? നിങ്ങൾ പോയപ്പോൾ ആ നിബന്ധന പാലിക്കാൻ കഴിയാതെ വന്നു. അതുകൊണ്ട് ഭാര്യയുമായി സംസാരിക്കാൻ എനിക്കു സാധിച്ചില്ല.’’

സബർമതി ആശ്രമത്തിൽ നിന്ന് ആര് ഭക്ഷണം കഴിച്ചാലും പണം കൊടുക്കണം. അതാണു പതിവ്. ഗാന്ധിജിയും നെഹ്റുവും പട്ടേലും രാജാജിയുമൊന്നും ആ പതിവു തെറ്റിച്ചിരുന്നില്ല. ഒരിക്കൽ ഗാന്ധിജിയുടെ പേരക്കുട്ടികൾ ആശ്രമത്തിലെത്തി. അവർക്ക് അവിടെ താമസിക്കണം. കസ്തൂർബാ കുട്ടികളുടെ ആഗ്രഹം ഗാന്ധിജിയെ അറിയിച്ചു. അദ്ദേഹം പറഞ്ഞു. ‘‘ആരു താമസിച്ചാലും ആശ്രമത്തിലെ നിയമങ്ങൾ അവർക്കു ബാധകമാണ്. ഭക്ഷണത്തിനു പണം നൽകാൻ അവർ തയാറായിരിക്കണം.’’

അർധ നഗ്നനായ ഗാന്ധിജിയെ കണ്ട് ഒരു കുട്ടി ചോദിച്ചു.

‘‘ബാപ്പുജി, അങ്ങെന്താണു കുപ്പായമിടാത്തത്?’’

ഗാന്ധിജി പറഞ്ഞു,

‘‘എനിക്കു കുപ്പായം ഇല്ലാത്തതു കൊണ്ട്’’

‘‘എന്നാൽ ഞാനൊരു വസ്ത്രം തരാം’’

‘‘ഒരെണ്ണം കൊണ്ട് എനിക്കു മതിയാകില്ല’’

‘‘എന്നാൽ രണ്ടെണ്ണം തരാം’’

‘‘പോരാ, എനിക്കു നാൽപതു കോടി കുപ്പായം വേണം. അത്രയും തരാൻ നിനക്കു കഴിയുമോ?’’

‘‘നാൽപതു കോടിയോ? എന്തിനാണ് അത്രയും കുപ്പായം?’’ കുട്ടി അദ്ഭുതത്തോടെ ചോദിച്ചു.

‘‘കുഞ്ഞേ, കുപ്പായമില്ലാത്ത, കുപ്പായം വാങ്ങാൻ കഴിവില്ലാത്ത, അത്രയും ആളുകൾ ഈ രാജ്യത്തുണ്ട്’’ ഗാന്ധിജി മറുപടി പറഞ്ഞു.

1931ലെ വട്ടമേശ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് ഇംഗ്ലണ്ടിലെത്തിയ മഹാത്മാ ഗാന്ധിയെ പത്രക്കാർ വളഞ്ഞു:

‘‘അങ്ങെന്താണ് അർദ്ധനഗ്നനായിരിക്കുന്നത്?’’

ഗാന്ധിജി തിരിച്ചടിച്ചു:

‘‘നിങ്ങൾ നാലിരട്ടി വസ്ത്രം ധരിക്കുന്നു, ഞാൻ അത്രയും കുറച്ചും’’

1940കളിൽ ഇന്ത്യ സന്ദർശിച്ചു കൊണ്ടിരുന്ന ഒരു ബ്രിട്ടിഷ് പത്രപ്രവർത്തകൻ ഗാന്ധിജിയോടു പറഞ്ഞു,‌

‘‘ഇന്ത്യയിലെ വനങ്ങളിൽ നിന്നു മൃഗങ്ങൾ അപ്രത്യക്ഷമാകുന്നതു ഖേദകരമാണ്.’’

‘‘ശരിയാണ്’’, ഗാന്ധിജി പറഞ്ഞു, ‘‘പക്ഷേ, നഗരങ്ങളിൽ അവയുടെ എണ്ണം കൂടുകയാണ്.’’

മഹാത്മാ ഗാന്ധിയും ബാലഗംഗാധര തിലകനും ഒരുമിച്ച് ഒരു യോഗത്തിൽ പങ്കെടുക്കേണ്ടതുണ്ടായിരുന്നു. ഗാന്ധിജി കൃത്യസമയത്തെത്തിയെങ്കിലും തിലകൻ അര മണിക്കൂർ താമസിച്ചാണ് എത്തിയത്. തന്റെ പ്രസംഗമധ്യേ ഗാന്ധിജി സരസമായി ഇങ്ങനെ പറഞ്ഞു,

‘‘ലോകമാന്യ തിലകൻ ഇവിടെയെത്താൻ അര മണിക്കൂർ താമസിച്ചു പോയി. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടാൻ അര മണിക്കൂർ താമസിച്ചാൽ അതിനുത്തരവാദി തിലകനായിരിക്കും.’’

ഗാന്ധിജി ഒരിക്കൽ രോഗം ബാധിച്ചു കിടപ്പിലായി. അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർ പറഞ്ഞു,

‘‘അങ്ങ് പെൻസിലിൻ കുത്തിവയ്പ് എടുത്താൽ മൂന്നു ദിവസം കൊണ്ട് ഈ രോഗം ഭേദമാകും’’

ഗാന്ധിജി സമ്മതിച്ചില്ല. അദ്ദേഹം പറഞ്ഞു, ‘‘ഓ, അതു സാരമില്ല. കുത്തിവയ്പെടുക്കാതെ തന്നെ ഈ രോഗം മാറും.’’

‘‘കുത്തിവയ്പെടുത്തില്ലെങ്കിൽ അടുത്തു നിൽക്കുന്നവർക്കുകൂടി രോഗം പകരും,’’ ഡോക്ടർ പറഞ്ഞു.

‘‘ശരി, എങ്കിൽ അടുത്തു നിൽക്കുന്നവർക്കു കുത്തിവയ്പെടുത്തു കൊള്ളൂ,’’ എന്നായിരുന്നു ഗാന്ധിജിയുടെ മറുപടി.

സ്വാതന്ത്ര്യസമര കാലത്ത് ചിലർ ഗാന്ധിജിയോടു പറഞ്ഞു,

‘‘അങ്ങ് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുകയാണ്. എന്നാൽ ഒരു രാജ്യവും സത്യത്തിന്റെയും അഹിംസയുടെയും മാർഗത്തിൽ സ്വാതന്ത്ര്യം നേടിയതായി ചരിത്രമില്ലെന്ന് അറിയാമല്ലോ.’’

ഗാന്ധിജിയുടെ മറുപടി:

‘‘ചരിത്രത്തിലെ മോശമായ മാതൃകകൾ നാം സ്വീകരിക്കണമെന്നില്ല. അഹിംസ, വിദ്വേഷമില്ലായ്മ, സാഹോദര്യം എന്നിവ കൊണ്ടു നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടിയതായി നമുക്കു ലോകത്തിന് മാതൃക കാട്ടാം.’’

മ്യുറിയൽ ലെസ്റ്റർ ഇംഗ്ലണ്ടിലെ പ്രശസ്ത സാമൂഹിക പ്രവർത്തകയും മഹാത്മാ ഗാന്ധിയുടെ ഉറ്റ സുഹൃത്തുമായിരുന്നു. 1930ലെ വട്ടമേശ സമ്മേളനത്തിൽ സംബന്ധിക്കാൻ ഗാന്ധിജി ലണ്ടനിലെത്തിയപ്പോൾ അദ്ദേഹത്തിനു താമസിക്കാൻ ബ്രിട്ടിഷ് ഗവൺമെന്റ് മുന്തിയ ഹോട്ടലിൽ സൗകര്യമേർപ്പെടുത്തിയെങ്കിലും മ്യുറിയലിനൊപ്പം ഈസ്റ്റെൻഡിലെ അവരുടെ ഗ്രാമീണ ഭവനത്തിലാണ് ഗാന്ധിജി താമസിച്ചത്.

മ്യുറിയൽ ജനിച്ചത് സമ്പന്ന കുടുംബത്തിലാണെങ്കിലും ലണ്ടനിൽ പാവപ്പെട്ടവരുടെ വാസസ്ഥലമായ ഈസ്റ്റെൻഡിൽ പാർക്കാനാണ് അവർ താൽപര്യപ്പെട്ടത്.

English Summary : Writeup about memmories of some occations of Mahatma Gandhi 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com