കേരളത്തിന്റെ നിശ്ചയദാർഢ്യത്തിനു വഴിമാറി പേടിച്ചങ്ങനെ നിൽപ്പാണ് നിപ്പ
Mail This Article
‘‘എട്ടു വർഷം കാത്തിരുന്നു കിട്ടിയ കുഞ്ഞാണവൻ..എനിക്കവനെ ഒരു കുഴപ്പവുമില്ലാതെ തിരികെത്തരണം...’’
നിപ്പ ബാധിച്ച് വെന്റിലേറ്ററിൽ കഴിയുകയായിരുന്ന ആ ഒൻപതുവയസ്സുകാരന്റെ മാതാവ് മന്ത്രി വീണാ ജോർജിനോട് കണ്ണീരോടെ പറഞ്ഞു. ഫോണിന്റെ അങ്ങേത്തലയ്ക്കൽ നിന്നു മന്ത്രിയുടെ ഉറപ്പുവന്നു.
അതിന്റെ പതിനെട്ടാം നാൾ, സെപ്റ്റംബർ 30ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ആശുപത്രിയുടെ വാതിലുകൾ തുറന്ന് അവൻ പുറത്തെ മണ്ണിൽ കാൽ ചവിട്ടി. തന്നെ ചികിത്സിച്ചവരെയും പരിചരിച്ചവരെയും കൈകൾ വീശി സന്തോഷമറിയിച്ച് അവൻ വീട്ടിലേക്കു തിരിച്ചു. ആതുരശുശ്രൂഷാരംഗത്ത് ചരിത്രം തിരുത്തിക്കുറിച്ച മുഹൂർത്തമായിരുന്നു അത്. നിപ്പ ബാധിച്ച് അഞ്ചുദിവസം സ്വയം ശ്വസിക്കാൻപോലും കഴിയാതെ വെന്റിലേറ്ററിൽ കഴിഞ്ഞയാൾ ജീവിതത്തിലേക്ക് തിരികെവരുന്നു. സിനിമയെ വെല്ലുന്ന ത്രില്ലർ കഥയാണ് ആ ഒൻപതു വയസ്സുകാരന്റേത്. സംശയത്തിന്റെ നേരിയൊരു തുമ്പിൽ പിടിച്ചുപിടിച്ച് ഏതാനും മണിക്കൂറുകൾകൊണ്ട് രോഗം തിരിച്ചറിഞ്ഞ്, തളരാതെ പോരാടി, നിപ്പാ വൈറസിനെ തോൽപിച്ചവരുടെ ആത്മവിശ്വാസത്തിന്റെ കൂടി കഥയാണിത്.
സെപ്റ്റംബർ ഒൻപതിനാണ് നിപ്പയുടെ നാലാംവരവ് കേരളം തിരിച്ചറിഞ്ഞത്. അന്നു തുടങ്ങുകയാണ് ഈ കഥ...
സെപ്റ്റംബർ 9, രാത്രി 9:
കുറ്റ്യാടി കള്ളാട് സ്വദേശിയായ ഒൻപതുവയസ്സുകാരൻ ന്യുമോണിയ രോഗം ബാധിച്ച് കോഴിക്കോട്ടെ ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സ തേടിയെത്തി. കുറ്റ്യാടിയിൽ വീടിനടുത്തുള്ള അമാന ആശുപത്രിയിലാണ് കുട്ടിയെ ആദ്യമെത്തിച്ചിരുന്നത്. ആദ്യം ചികിത്സിച്ച കുറ്റ്യാടിയിലെ ഡോ. സജിത്ത് കുട്ടിയെ കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലേക്ക് വിദഗ്ധചികിത്സയ്ക്കായി വിട്ടു. കുട്ടി ആസ്റ്റർ മിംസിൽ എത്തുന്നതിനു മുൻപുതന്നെ അവിടത്തെ പീഡിയാട്രിക് വിഭാഗം മേധാവി ഡോ. ഇ.കെ.സുരേഷ് കുമാറിനെ ഡോ.സജിത്ത് ഫോണിൽ വിളിച്ച് ചില സംശയങ്ങൾ അറിയിക്കുകയും ചെയ്തു.
കുട്ടിക്ക് ന്യുമോണിയ ഉണ്ടെങ്കിലും അതിനപ്പുറം എന്തൊക്കെയോ അപൂർവതകൾ ഈ രോഗത്തിൽ ഉണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. കുട്ടിയുടെ പിതാവ് ഏതാനും ദിവസം മുൻപ് സമാനമായ രോഗലക്ഷണങ്ങളോടെ ന്യുമോണിയ ബാധിച്ച് മരിച്ച കാര്യവും പറഞ്ഞു. കുട്ടിക്കു ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. പനിയും കഫക്കെട്ടുമുണ്ടായിരുന്നു. കുഞ്ഞിനെ ഉടനെ പീഡിയാട്രിക് ഐസിയുവിലെ ഐസലേഷൻ ക്യുബിക്കിളിലേക്കു മാറ്റി.
സെപ്റ്റംബർ 10:
ഇതിനിടെ കുട്ടിയുടെ മാതൃസഹോദരനും ചികിത്സതേടി ആസ്റ്റർ മിംസിൽ എത്തി. നേരിയ പനിയും ചുമയുമായാണ് ഈ യുവാവെത്തിയത്. ഡോക്ടറോടു കാര്യങ്ങൾ വിശദീകരിക്കുമ്പോൾ തന്റെ ബന്ധുവായ ഒൻപതു വയസ്സുകാരൻ ഇവിടെ ചികിത്സയിലുണ്ടെന്ന് അറിയിച്ചു. സാധാരണ ന്യുമോണിയ അല്ലെന്നു ഡോക്ടർമാർ തിരിച്ചറിഞ്ഞു. രോഗത്തിന്റെ ഒരു ഫാമിലി ക്ലസ്റ്റർ രൂപപ്പെട്ടുവരികയാണ്. ഒരു കുടുംബത്തിലെ നാലുപേരാണ് പനി ബാധിച്ച് ചികിത്സയിലുള്ളത്.
സെപ്റ്റംബർ 11 രാവിലെ 8:
രാവിലെയുള്ള പരിശോധനകൾക്കിടെ കുട്ടിക്ക് അപസ്മാരം വന്നു. ശ്വാസം എടുക്കുന്നതു പൂർണമായും നിർത്തി. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ. ഡോക്ടർമാർ ഉടൻതന്നെ ഹാൻഡ് പമ്പു കൊണ്ട് ഓക്‌സിജൻ നൽകി. പിന്നാലെ വെന്റിലേറ്റർ സഹായത്തോടെ സമ്പൂർണമായി ശ്വസനം യന്ത്രസഹായത്തിലേക്കു മാറ്റി. ഇതോടെ ഡോക്ടർമാർ ഒരു നിഗമനത്തിലെത്തി– തലച്ചോറിന് വൈറസ് ബാധ ഉണ്ടായിട്ടുണ്ടാകാം.
രണ്ടുദിവസത്തിനുശേഷം തലയുടെ എംആർഐ സ്‌കാൻ എടുത്തതോടെ ഈ സംശയം സ്ഥിരീകരിച്ചു. തലച്ചോറും നട്ടെല്ലും ചേരുന്ന ഭാഗത്തെ ബ്രെയിൻ സ്റ്റെമ്മിന് കാര്യമായി കുഴപ്പം സംഭവിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. ശ്വസിക്കുന്നതിനും കൈകാൽ ഇളക്കുന്നതിനും ശരീരത്തിന്റെ പല ഭാഗങ്ങൾക്കും നിർദേശങ്ങൾ നൽകുന്ന പ്രധാന കേന്ദ്രമാണ് ബ്രെയിൻ സ്റ്റെം. ശ്വാസകോശ രോഗത്തിനുള്ള ചികിത്സയ്ക്കു പുറമേ മസ്തിഷ്‌കത്തിനുണ്ടായ ആഘാതം മാറ്റിയെടുക്കാനുള്ള ചികിത്സ കൂടി ഇതോടൊപ്പം ആരംഭിച്ചു.
സെപ്റ്റംബർ 11, രാവിലെ 9:
വടകര ജില്ലാ സഹകരണ ആശുപത്രി. ഡോ.ബി.ജ്യോതികുമാറിന്റെ അടുത്ത് വടകര ആയഞ്ചേരി വള്ള്യാട് സ്വദേശിയായ 42 വയസ്സുകാരൻ ചികിത്സ തേടിയെത്തി. അഞ്ചുദിവസമായി പനിയുണ്ട്. മൂന്ന് ആശുപത്രികളിൽ ചികിത്സ തേടിയശേഷമാണ് ഇവിടെയെത്തിയിരിക്കുന്നത്. ലക്ഷണങ്ങൾ കണ്ടപ്പോൾ ഡോക്ടർ ജ്യോതികുമാറിന്റെ മനസ്സിൽ നേരിയൊരു സംശയം ഉടലെടുത്തു.
പരിശോധനാഫലങ്ങളിൽ ഒരു രോഗവും തിരിച്ചറിയാൻ കഴിയാതിരുന്നതോടെ രോഗിയെ എംഐസിയുവിൽ പ്രവേശിപ്പിക്കാമെന്ന് സഹപ്രവർത്തകർ പറഞ്ഞെങ്കിലും ഡോ. ജ്യോതികുമാർ സമ്മതിച്ചില്ല. 2018ലെ ആദ്യ നിപ്പയെ കൈകാര്യം ചെയ്യുന്നതിൽ മുന്നിൽ നിന്ന ഡോ.എ.എസ്.അനൂപ്കുമാറിനെ ജ്യോതികുമാർ ഫോണിൽ വിളിച്ചു. അപ്പോഴേക്ക് ഉച്ചയ്ക്ക് രണ്ടുമണി കഴിഞ്ഞിരുന്നു. മൂന്നോടെ രോഗിയെ ആസ്റ്റർ മിംസിലെത്തിച്ചു. പക്ഷേ അടുത്ത ദിവസം അദ്ദേഹം മരിച്ചു.
ലക്ഷണങ്ങളിൽനിന്ന് ഈ യുവാവിനും കുട്ടിയുടേതിനു സമാനമായ രോഗാവസ്ഥ തിരിച്ചറിഞ്ഞു. പക്ഷേ ഇവർതമ്മിൽ ഒരു ബന്ധവും കണ്ടെത്താൻ കഴിഞ്ഞില്ല. ഡോ. അനൂപ് വള്ള്യാട് സ്വദേശിയുടെ ബന്ധുക്കളുമായി വിശദമായി സംസാരിച്ചു. കൂടുതൽ പരിശോധന വേണമെന്നും അതുവരെ മൃതദേഹം വിട്ടുനൽകാൻ കഴിയില്ലെന്നും അറിയിച്ചു. ബന്ധുക്കൾ സഹകരിച്ചു. കുടുംബം നൽകിയ പിന്തുണയാണ് രോഗം പടരാതിരിക്കാൻ സഹായകമായത്. അന്നു രാത്രിതന്നെ പുനെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചു. രാത്രി പതിനൊന്നുമണിയോടെ ആരോഗ്യമന്ത്രി ജില്ലയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
വൈറസ് വന്ന വഴി കണ്ടെത്തൽ
മരിച്ച വള്ള്യാട് സ്വദേശിയുടെ ബന്ധുക്കളുമായി ഡോ.എ.എസ്. അനൂപ്കുമാറിന്റെ നേതൃത്വത്തിൽ ഡോക്ടർമാർ വീണ്ടും വിശദമായി സംസാരിച്ചു. മരിച്ച രോഗി അടുത്ത ബന്ധുവിന്റെ ചികിത്സയ്ക്കായി കോഴിക്കോട്ടെ ഇഖ്റ ആശുപത്രിയിൽ പോയതായി അറിഞ്ഞു. അദ്ദേഹം ആ ആശുപത്രിയിൽ പോയ ദിവസവും സമയവും തിരിച്ചറിഞ്ഞു. കുറ്റ്യാടിയിൽനിന്നു ചികിത്സയ്ക്കെത്തിയ ഒൻപതുവയസ്സുകാരന്റെ പിതാവ് ഓഗസ്റ്റ് 30നാണ് ഇഖ്റയിൽ മരിച്ചത്. ഇദ്ദേഹം മരിച്ച ദിവസം വള്ള്യാട് സ്വദേശി അതേ ആശുപത്രിയിൽ സമീപത്തുണ്ടായിരുന്നതായി സ്ഥിരീകരിച്ചതോടെ രോഗം ബാധിച്ച വഴി ഡോക്ടർമാർക്ക് ഏകദേശം തെളിഞ്ഞുകിട്ടി.
സെപ്റ്റംബർ 12ന് പുനെയിൽ നിന്നുള്ള ഫലം വന്നു. കോഴിക്കോട്ട് ചികിത്സയിലുള്ള കുറ്റ്യാടിയിൽ നിന്നുള്ള ഒൻപതു വയസ്സുകാരൻ, ഈ കുട്ടിയുടെ മാതൃസഹോദരൻ, മരണമടഞ്ഞ വടകര വള്ള്യാട് സ്വദേശി എന്നിവർക്ക് രോഗ സ്ഥിരീകരണമായി. ഇതോടെ ജില്ലയിൽ കർശന നിയന്ത്രണവും പ്രഖ്യാപിച്ചു. തുടർചികിത്സകളും കർശനനിയന്ത്രണങ്ങളും ഐസലേഷനുകളുമായി ജില്ല നിപ്പയെ പൊരുതിത്തോൽപ്പിക്കാൻ തീരുമാനിച്ചിറങ്ങി. മെഡിക്കൽ കോളജിൽ നിപ്പ ഐസലേഷൻ വാർഡുകളിൽ സമ്പർക്കപ്പട്ടികയിലെ ഹൈ റിസ്ക്കുകാർ എത്തിത്തുടങ്ങി. രോഗലക്ഷണങ്ങളുള്ളവരുടെ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. പുനെ എൻഐവിയുടെ ബിഎസ്എൽ ലെവൽ 3 മൊബൈൽ ലാബ് മെഡിക്കൽകോളജ് പരിസരത്തെത്തിച്ചു.
വടകര വള്ള്യാട് സ്വദേശിയുടെ മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. സെപ്റ്റംബർ 13ന് ഇഖ്റ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകനു രോഗം സ്ഥിരീകരിച്ചു. ആദ്യം മരിച്ച കുറ്റ്യാടി സ്വദേശിക്കു ചികിത്സ നൽകിയ സംഘത്തിലുള്ള ആളായിരുന്നു അദ്ദേഹം. സെപ്റ്റംബർ 14ന് കേന്ദ്രസംഘം കോഴിക്കോട്ടെത്തി.
സെപ്റ്റംബർ 15: നിപ്പ ചരിത്രത്തിലെ നാഴികക്കല്ല്
രാവിലെ പുനെ എൻഐവി ഒരാൾക്കുകൂടി രോഗം സ്ഥിരീകരിച്ചതായി അറിയിച്ചു. കോർപറേഷൻ പരിധിയിലെ 39 വയസ്സുകാരനാനാണ് രോഗം സ്ഥിരീകരിച്ചത്. ആദ്യം മരിച്ച കുറ്റ്യാടി സ്വദേശി സ്വകാര്യആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ സമയത്ത് ഈ യുവാവും അതേ ആശുപത്രിയിലെ അതേ അത്യാഹിത വിഭാഗത്തിലുണ്ടായിരുന്നു. എന്നാൽ അന്നു വൈകിട്ടോടെ അത്യപൂർവമായ ഒരു രോഗസ്ഥിരീകരണം കൂടി പുറത്തുവന്നു.
ഓഗസ്റ്റ് 30ന് അതിരാവിലെ ഇഖ്റ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച കുറ്റ്യാടി സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു. രണ്ടാഴ്ച മുൻപ് മരിച്ച ഒരു രോഗിക്ക് നിപ്പ രോഗം സ്ഥിരീകരിച്ചത് ആദ്യം. നിപ്പ വൈറസ് ആദ്യം ബാധിച്ച രോഗിയെ (ഇൻഡെക്സ് കേസ്) തിരിച്ചറിഞ്ഞതും ചരിത്രത്തിലാദ്യമായാണ്.
ഈ രോഗി ഓഗസ്റ്റ് 29ന് രാത്രി രണ്ടുമണിയോടെയാണ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയിരുന്നത്. കടുത്ത പനിയും ശ്വാസതടസവും ചുമയും ന്യുമോണിയ ലക്ഷണങ്ങളുമുണ്ടായിരുന്നതിനാൽ ഇദ്ദേഹത്തിന്റെ സ്രവങ്ങൾ പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. ഈ സ്രവങ്ങൾ സ്വകാര്യ ആശുപത്രിയിലെ ലാബിൽനിന്നു കണ്ടെത്തിയാണ് പുനെയിലേക്ക് പരിശോധനയ്ക്ക് അയച്ചതെന്നു മന്ത്രി വീണാ ജോർജ് പറഞ്ഞു.
ചികിത്സകൾ, മരുന്നുകൾ:
ഒൻപതു വയസ്സുകാരനായ കുഞ്ഞ് അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ആസ്റ്റർ മിംസ് ആശുപത്രിയിൽ എസ്.കുമാർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഡോക്ടർ ഇ.കെ.സുരേഷ് കുമാറും ഡോക്ടർ കെ.സതീഷ് കുമാറും ആയിരുന്നു ഒൻപതു വയസ്സുകാരന്റെ ചികിത്സയ്ക്ക് നേതൃത്വം നൽകിയവർ.
കുട്ടിയുടെ പേശികളുടെ ചലനം നേരെയായിരുന്നില്ല. അവൻ ഐസിയുവിനുള്ളിലെ ഐസലേഷൻ ബ്ലോക്കിൽ ആയതുകൊണ്ട് രണ്ടു നഴ്‌സുമാരെ 24 മണിക്കൂറും അരികിൽ നിർത്തി. ഇരുവരും ദിവസം മുഴുവനും പിപിഇ കിറ്റ് ധരിച്ചാണു നിന്നത്. 20 ദിവസം 11 നഴ്സുമാരാണ് മാറിമാറി അവന്റെയൊപ്പം നിന്നത്.
കുട്ടിക്ക് മസ്തിഷ്ക രോഗബാധയുടെ ലക്ഷണങ്ങളായ അപസ്മാരവും ഓർമക്കുറവും ഉണ്ടായപ്പോഴാണ് വെന്റിലേറ്ററിലേക്കു മാറ്റിയത്. നിപ്പ രോഗനിർണയത്തിനുശേഷം റിബാവൈറിൻ (Ribavirin) എന്ന ആൻറിവൈറൽ മരുന്നാണ് ഉപയോഗിച്ചതെന്ന് ഡോ.എ.എസ്. അനൂപ്കുമാർ പറഞ്ഞു. അതോടൊപ്പം അപസ്മാരം നിയന്ത്രിക്കുവാനും തലച്ചോറിലെ നീർക്കെട്ട് കുറയ്ക്കാനുമുള്ള മരുന്നുകളും ഉപയോഗിച്ചു.
തലച്ചോറിന്റെ എംആർഐ സ്കാനിങ്ങിലും നട്ടെല്ലിൽ നിന്ന് നീര് (Cerebro Spinal Fluid) കുത്തിയെടുത്തു നടത്തിയ പരിശോധനയിലും തലച്ചോറിൽ നിപ്പാരോഗം തകരാറുകൾ ഉണ്ടാക്കിയതായി തിരിച്ചറിഞ്ഞു. സ്കാനിങ്ങിൽ തലച്ചോറിന്റെ മർമ ഭാഗമായ ബ്രെയ്ൻ സ്റ്റെമ്മിലേക്ക് (Brain stem) രോഗവ്യാപനത്തിന്റെ സൂചനകൾ കണ്ടുവെന്നത് ആശങ്കയുണ്ടാക്കി. റെംഡീസിവിർ എന്ന മരുന്ന് നൽകിത്തുടങ്ങി. എന്നാൽ കുട്ടിയുടെ ഹൃദയമിടിപ്പിൽ വ്യത്യാസം കണ്ടതിനാൽ ഈ മരുന്ന് പിന്നീട് തുടർന്നില്ല. 5 ദിവസങ്ങൾക്കു ശേഷം കുട്ടിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. വെന്റിലേറ്ററിൽനിന്നു മാറ്റി.
സംസാരിക്കുന്നതിലും ഭക്ഷണം കഴിക്കുന്നതിലും ബുദ്ധിമുട്ട് കാണിച്ചിരുന്ന കുട്ടി ക്രമേണ ക്രമേണ പുരോഗതി കാണിച്ചു. എ.എസ്.അനൂപ്കുമാറിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരാണ് മാതൃസഹോദരനു ചികിത്സ നടത്തിയത്. ന്യൂമോണിയ ലക്ഷണങ്ങളായ ശക്തമായ പനിയും ചുമയും ശ്വാസതടസ്സവുമാണ് യുവാവിനുണ്ടായിരുന്നത്. വിശദമായ പഠനത്തിൽ റംഡീസിവിർ (Remdesivir) മരുന്ന് എബോള രോഗത്തിന് ഉപയോഗിക്കുന്ന രീതിയിൽ കൂടിയ ഡോസിൽ ഉപയോഗിക്കാമെന്ന് തിരിച്ചറിഞ്ഞു. രോഗം സ്ഥിരീകരിച്ചതു മുതൽ 14 ദിവസം ആ മരുന്ന് ഉപയോഗിച്ചു. യുവാവ് തിരികെ ആരോഗ്യവാനായി ജീവിതത്തിലേക്ക്.
നിപ്പ രോഗചികിത്സയ്ക്കുള്ള മോണക്ളോണൽ ആന്റിബോഡി കോഴിക്കോട്ട് എത്തിച്ചിരുന്നു. എന്നാൽ നിലവിൽ ചികിത്സയിലുള്ള രോഗികൾക്ക് ഈ മരുന്ന് ഗുണം ചെയ്യാൻ സാധ്യതയില്ല എന്ന് തിരിച്ചറിഞ്ഞതിനാൽ ഉപയോഗിച്ചില്ല.
തോറ്റു പിൻമാറി രോഗം, ആത്മവിശ്വാസത്തിന്റെ നാളുകൾ
ചികിത്സയിലുള്ള നാലുപേരുടെയും സാംപിളുകൾ സെപ്റ്റംബർ 22ന് പരിശോധനയ്ക്ക് അയച്ചു. ഈ സാംപിളുകളുടെ ഫലം നെഗറ്റീവായത് ഏറെ ആശ്വാസമായി. അഞ്ചുദിവസത്തിനിടെ രണ്ടു തവണ സാംപിളുകൾ നെഗറ്റീവായാൽ മാത്രമേ രോഗം മാറിയതായി സ്ഥിരീകരികരിക്കാൻ കഴിയൂ. 26ന് വീണ്ടും സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. രണ്ടാമത്തെ പരിശോധനാഫലവും നെഗറ്റീവ്. എവിടെയും ആശ്വാസവുമായി.
സെപ്റ്റംബർ 29
രോഗം നിസ്സംശയം മാറിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. നാലു രോഗികളെയും ആശുപത്രികളിൽനിന്ന് ഡിസ്ചാർജ് ചെയ്തു.
സെപ്റ്റംബർ 30, ഉച്ചയ്ക്ക് 2:
ആസ്റ്റർ മിംസ് ആശുപത്രിയുടെ അക്യൂട് കെയർ വിഭാഗത്തിനു മുന്നിൽ ഡോക്ടർമാരും നഴ്സുമാരും ക്ഷമയോടെ കാത്തുനിൽക്കുകയാണ്. ഇതിനകത്താണ് നിപ്പ ഐസലേഷൻ വാർഡ്.
ഒടുവിൽ ആ വാതിൽ മെല്ലെ തുറന്നു. തന്റെ മാതാവിന്റെയും നഴ്സുമാരുടെയുെ കൈകളിൽ പിടിച്ച് പതിയെപ്പതിയെ അവൻ പുറത്തേക്ക് ഇറങ്ങി. തല നേർത്ത ഒരു പച്ചത്തൊപ്പി കൊണ്ടു മറച്ചിട്ടുണ്ട്. മുഖം എൻ 95 മാസ്കിലാണ്. പക്ഷേ, അവന്റെ മുഖത്തെ പുഞ്ചിരി കണ്ണുകളിൽ തെളിഞ്ഞു കാണാമായിരുന്നു. രോഗം ബാധിച്ച ആറുപേരിൽ ഇത്തവണ മരിച്ചത് രണ്ടുപേർ മാത്രമാണ്. നാലുപേർ രോഗത്തോടു പോരാടി ജീവിതത്തിലേക്ക് തിരികെ എത്തിയിരിക്കുന്നു. നിപ്പയുടെ മരണനിരക്ക് നാൽപതു ശതമാനത്തിനു താഴെയെത്തിയത് ഇത്തവണയാണ്.
ജീവനും ജീവിതവും തിരികെപ്പിടിച്ച് ആ ഒൻപതുകാരൻ വാതിൽ തുറന്ന് പുറത്തിറങ്ങിയപ്പോൾ അവിടെ കാത്തുനിന്നിരുന്ന നഴ്സുമാരും ഡോക്ടർമാരും അവന്റെ തിരിച്ചുവരവിൽ ആഹ്ലാദം പ്രകടിപ്പിച്ച് കൈയ്യടിച്ചു. അവരെ കൈവീശിക്കാണിച്ചുകൊണ്ട് അവൻ ആംബുലൻസിലേക്ക് കയറി. രോഗം ഭേദമായ മാതൃസഹോദരനും അവനൊപ്പമുണ്ടായിരുന്നു. നേർത്തൊരു മഴയെ കീറിമുറിച്ചുകൊണ്ട് ആ ആംബുലൻസ് കുറ്റ്യാടി കള്ളാട്ടുള്ള വീട്ടിലേക്ക് നീങ്ങി.
പിതാവ് മരിച്ച് ഒരു മാസം തികയുന്ന ദിവസമായിരുന്നു അന്ന്. ഏറ്റവും കരുത്തുള്ള അതിജീവനം ആ ഒൻപതുവയസ്സുകാരന്റേതാണ്. സെപ്റ്റംബർ 11 മുതൽ 16 വരെ വെന്റിലേറ്റർ സഹായം കൊണ്ടുമാത്രം ശ്വസനം നടത്തിയ കുഞ്ഞാണ് തിരികെയെത്തുന്നത്. അവനാണ് നീലാകാശവും പൂമ്പാറ്റകളും നിറഞ്ഞ ലോകത്തിലേക്ക് ചിറകു വിടർത്തുന്നത്. തന്റെ മകനെ തിരികെ കിട്ടാൻ മനക്കരുത്തോടെ കാത്തുനിന്ന മാതാവിന്റെ തണൽ. ആ കൈകൾ പിടിച്ച് അന്നു വൈകിട്ട് മൂന്നരയോടെ അവൻ തന്റെ വീട്ടിലേക്ക് പടികൾ കയറി.
പുനെ എൻഐവിയിൽനിന്ന് ലഭിച്ച അനൗദ്യോഗിക വിവരങ്ങൾ പ്രകാരം വൈറസിൽ വലിയ ജനിതക വ്യതിയാനം നടന്നിട്ടില്ല. രോഗതീവ്രത കുറയുന്നതിൽ കോവിഡ് രോഗവ്യാപനവും കോവിഡ് വാക്സിനേഷനുകളുമടക്കമുള്ളവയും പരോക്ഷമായി പങ്കുവഹിച്ചിട്ടുണ്ടോ എന്നും പഠനം നടത്തണം.നിപ്പ വൈറസിന്റെ മൂലസ്രോതസ്സ് പഴംതീനി വവ്വാലുകളാണ് എന്നത് തെളിയിക്കപ്പെട്ടിട്ടുണ്ട്. ചില പ്രത്യേക പ്രദേശങ്ങളിൽ രോഗം കൂടുതൽ റിപ്പോർട്ട് ചെയ്യാൻ ഏതെങ്കിലും രീതിയിലുള്ള കാരണങ്ങൾ ഉണ്ടോ എന്ന് പഠനവിധേയമാക്കണം. സംസ്ഥാനത്തുടനീളം ന്യുമോണിയ, എൻകെഫലൈറ്റിസ് രോഗങ്ങൾക്കുള്ള കൃത്യമായ തുടർച്ചയായുള്ള നിരീക്ഷണം വേണം. പ്രാഥമിക വിവരങ്ങൾ ഡോക്ടർമാർക്ക് അതിവേഗം ലഭ്യമാക്കാനുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമും വേണം.
എ.എസ്.അനൂപ് കുമാർ ഡയറക്ടർ, ക്രിറ്റിക്കൽ കെയർ, ആസ്റ്റർ നോർത്ത് കേരള ക്ലസ്റ്റർ (2018ൽ നിപ്പ ആദ്യമായി തിരിച്ചറിഞ്ഞ സംഘത്തിലെ ഡോക്ടർ. ഇത്തവണ നിപ്പ ചികിത്സയ്ക്കു നേതൃത്വം വഹിച്ചവരിൽ ഒരാൾ)