ആനയും ഷബ്നയും ഒരു സ്നേഹച്ചങ്ങല
Mail This Article
രഘുറാമിന്റെ ചിതാഭസ്മവുമായി ഗംഗയുടെ കൽപടവുകൾ ഇറങ്ങുമ്പോൾ അവൾ പൊട്ടിക്കരയുകയായിരുന്നു. പണ്ഡിറ്റ് ഓരോ കർമങ്ങളും പറഞ്ഞുകൊടുക്കുമ്പോൾ ഷബ്നയുടെ ഉള്ളം പെയ്തുകൊണ്ടിരുന്നു. കാശിയിൽ എത്തുന്നതുവരെ അവൾ ചിന്തിച്ചിരുന്നത് ഇങ്ങനെയൊരു കർമം ചെയ്യാനുള്ള നിയോഗം തന്നിൽ വന്നുചേർന്നതെങ്ങനെ എന്നാണ്. ആരായിരുന്നു രഘുറാം തനിക്ക്? എന്തുകൊണ്ടാണ് രഘുറാമിന്റെ ചിതാഭസ്മം നിമജ്ജനം ചെയ്യാൻ ഹരിയേട്ടൻ തന്നെ ചുമതലപ്പെടുത്തിയത്? ഷബ്നയ്ക്ക് ഉത്തരം കണ്ടെത്താനായില്ല. തലപ്പൊക്കം കൊണ്ടുമാത്രമായിരുന്നില്ല രഘുറാം അവളുടെ മനസ്സിൽ സ്ഥാനം നേടിയത്. തിരികെ നൽകിയ അളവറ്റ സ്നേഹംകൊണ്ടുകൂടിയാണ്.
രഘുറാം ഒരാനയായിരുന്നു. ഒറ്റപ്പാലം വരിക്കാശേരി മനയിലെ കപൂർ ഹരിദാസിന്റെ ഏറ്റവും തലയെടുപ്പുള്ള ആന. ഷബ്ന ആനപരിചരണം പഠിക്കാൻ മെഡിക്കൽ ജോലി ഉപേക്ഷിച്ചെത്തിയ പെൺകുട്ടിയും. കുട്ടിക്കാലം മുതലേ ആനക്കമ്പം മൂത്ത് പാപ്പാനാകാനെത്തിയ ഒരു പെൺകുട്ടിയുടെ ജീവിതം മാത്രമല്ല ഇത്. രഘുറാം എന്ന ആനയും ഒരു പെൺകുട്ടിയും തമ്മിലുള്ള മനപ്പൊരുത്തത്തിന്റെ തലപ്പൊക്കമുള്ള അനുഭവം കൂടിയാണ്. അങ്ങനെയൊരടുപ്പം മനസ്സിലാക്കിയതുകൊണ്ടാണു രഘുറാമിന്റെ ഉടമയായിരുന്ന കപൂർ ഹരിദാസ് അവന്റെ മരണാനന്തരക്രിയകൾ ചെയ്യാൻ ഷബ്നയെ കാശിയിലേക്കയച്ചതും.
സർക്കസ് കുടുംബത്തിലെ പുതുകണ്ണി
‘‘ പണ്ടു പണ്ട്.. നമ്മുടെ സർക്കസ് കൂടാരത്തിൽ സിംഹവും പുലിയും ആനകളുമെല്ലാം ഉണ്ടായിരുന്നു..നിന്റെ വല്യുപ്പാനെ ഇവറ്റകൾക്കൊക്കെ പേടിയായിരുന്നു’’. കുഞ്ഞുനാളിൽ ഷബ്ന വല്യുമ്മയുടെ മടിയിൽ കിടന്നു കേട്ട സർക്കസ് കഥയിലെ വീര കഥാപാത്രങ്ങളായിരുന്നു കാട്ടിലെ രാജാക്കന്മാർ. ഗ്രേറ്റ് മലബാർ സർക്കസ്; ഒരുപക്ഷേ, മലബാറിലെ ആദ്യത്തെ സർക്കസ് ഇതായിരിക്കും. അതിന്റെ ഉടമ മലപ്പുറം തേഞ്ഞിപ്പലം സ്വദേശി കുഞ്ഞഹമ്മദ് കുരിക്കളായിരുന്നു. ആനയും പുലിയും സിംഹവുമെല്ലാം നിറഞ്ഞ വലിയൊരു സർക്കസ് കൂടാരം. അദ്ദേഹത്തിന്റെ മൂത്തമകനു മൃഗങ്ങളോടു വലിയ സ്നേഹമാണ്. അദ്ദേഹത്തിന് ഇഷ്ടപ്പെട്ടൊരു പുലിയും ഉണ്ടായിരുന്നു.
ഒരുദിവസം സർക്കസ് നടക്കുന്നതിനിടെ പുലിയുടെ സ്വഭാവം മാറി. അതിനിരയായത് ഉടമയുടെ മകനായിരുന്നു. മകനെ കടിച്ചുകൊന്ന പുലിയെ കുഞ്ഞഹമ്മദ് കുരിക്കൾ അന്നേരം തന്നെ വെടിവച്ചുകൊന്നു. ഈ സംഭവം അദ്ദേഹത്തെ വല്ലാതെ തളർത്തി. പിന്നീട് സർക്കസിൽ കമ്പം കുറഞ്ഞു. കണ്ണൂരിലെ ജെമിനി ശങ്കരന് സർക്കസ് വിറ്റു. കുരിക്കളുടെ രണ്ടാമത്തെ മകൻ സുലൈമാൻ കുട്ടിയാകുമ്പോഴാണ് ഈ സംഭവമൊക്കെ. ഉപ്പയുടെ മൃഗസ്നേഹം സുലൈമാനുമുണ്ടായി. വീട്ടിൽ പലതരം വളർത്തുമൃഗങ്ങളും പക്ഷികളുമുണ്ടായിരുന്നു. ആ സുലൈമാന്റെ മകളാണു ഷബ്ന. അവിടെ നിന്നാണ് അവൾക്കും മൃഗസ്നേഹം ഉണ്ടാകുന്നത്. ആനക്കഥകളോടായിരുന്നു ഷബ്നയ്ക്കു താൽപര്യം. കുട്ടിക്കാലത്തേ മനസ്സിൽ തിടമ്പേറ്റിയ ആനസ്നേഹം വലുതാകുംതോറും കൂടിവന്നു. മെഡിസിൻ പഠനം കഴിഞ്ഞ് യുഎഇയിൽ ആശുപത്രിയിൽ ജോലി ചെയ്യുമ്പോണ് പാപ്പാനായാലോ എന്ന ആഗ്രഹം പഞ്ചാരി കൊട്ടിയെത്തിയത്. പിന്നെയൊന്നും ചിന്തിച്ചില്ല ജോലി ഉപേക്ഷിച്ചു നാട്ടിലേക്കു പോന്നു.
എങ്കിലും നീയൊരു പെണ്ണല്ലേ ...
ആനപരിചരണം പഠിക്കുക, പാപ്പാൻ ആകുക, ആനകളെക്കുറിച്ചൊരു പുസ്തകം എഴുതുക എന്നീ ആഗ്രഹങ്ങളോടെയാണു 2019ൽ ഷബ്ന നാട്ടിലെത്തിയത്. സ്വന്തംനാട്ടിൽ ആർക്കും ആനകളില്ല. പാലക്കാട്ടോ തൃശൂരോ പോകണം. പാപ്പാന്റെ തോട്ടി പിടിക്കാനുള്ള മോഹവുമായി പല ഇടങ്ങളിലേക്കും കയറിച്ചെന്നു. ‘‘ നീയൊരു പെണ്ണല്ലേ, നിന്നെക്കൊണ്ടിതൊന്നും സാധ്യമാകില്ല’’ എന്ന മറുപടിയാണു മിക്കയിടത്തുനിന്നും കേട്ടത്. ‘‘ഇത്രയും വലിയൊരു മൃഗത്തെ ഒരു പെണ്ണായ നീയെങ്ങനെ മെരുക്കിയെടുക്കും’’. മറുപടികളുടെ അറ്റത്ത് പരിഹാസത്തിന്റെ ചെറിയ കുന്തമുനകളുമുണ്ടായിരുന്നു. ‘‘ ആനകളെ ക്ഷേത്രത്തിലൊക്കെ എഴുന്നള്ളത്തിനു കൊണ്ടുപോകാനുള്ളതാണ്. ഒരു മുസ്‍ലിമായ നീയെങ്ങനെ എഴുന്നള്ളത്തിനു കൊണ്ടുപോകും?’’. ഇതായിരുന്നു മറ്റൊരു ചോദ്യം. ആനപ്പുറത്തുകയറാനുള്ള പ്രയാസം പോലെ മതവും ജെൻഡറും മസ്തകം വിരിച്ചു മുന്നിൽ നിൽക്കുന്നത് അവൾ അറിഞ്ഞു. എങ്കിലും ഒരു കച്ചിത്തുരുമ്പ് എവിടെയും ഉണ്ടാകുമല്ലോ. ഒറ്റപ്പാലം വരിക്കാശേരി മനയിലെ കപൂർ ഹരിദാസ് അവളെ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഷബ്നയുടെ ജാതിയും മതവും ജാതകവുമായിരുന്നില്ല അദ്ദേഹം നോക്കിയത്. ആനക്കാര്യത്തിൽ അവൾക്കുള്ള താൽപര്യവും ആത്മാർഥതയുമാണ്.
വെറുതെയൊരു താൽപര്യത്തിന്റെ പുറത്തേറി വന്നതല്ല എന്നു മനസ്സിലാക്കി അദ്ദേഹം അവളെയും കൂട്ടി വരിക്കാശേരി മനയിലെ മുറ്റത്തു വിശ്രമിക്കുന്ന ആനകളുടെ അടുത്തേക്കു നടന്നു ഗജവീരന്മാരായ മനിശ്ശേരി രഘുറാം, രാജേന്ദ്രൻ, കൊച്ചയ്യപ്പൻ എന്നിവർ നിരന്നുനിൽക്കുന്നു. ഒറ്റനോട്ടത്തിൽതന്നെ ഷബ്നയ്ക്ക് ഇഷ്ടപ്പെട്ടത് രഘുറാമിനെയാണ്. ഒട്ടേറെ സിനിമയിൽ അഭിനയിച്ച രഘുറാം തലപ്പൊക്കത്തിൽ മറ്റുള്ളവരെക്കാൾ മുന്നിലാണ്.
ഹരിദാസ് അസമിൽ നിന്നു രഘുറാമിനെ കൊണ്ടുവന്നിട്ട് 33 വർഷമായിരുന്നു. അതിലും രണ്ടു വയസ്സ് കൂടും രാജേന്ദ്രന്. രഘുറാമിന്റെ പാപ്പാന്മാരോട് ഷബ്നയെ കൂടെകൂട്ടാൻ ഹരിദാസ് നിർദേശിച്ചു. ആദ്യമൊക്കെ പേടിയുണ്ടായിരുന്നെങ്കിലും ഷബ്ന പെട്ടെന്നു തന്നെ രഘുറാമുമായി കൂട്ടായി. പാപ്പാൻമാരായ ഉണ്ണിക്കുട്ടനും ഗോപിയും കാര്യങ്ങൾ പറഞ്ഞുകൊടുക്കുന്നതിൽ ഒരു പിശുക്കും കാട്ടിയില്ല. രാജേന്ദ്രന്റെ പാപ്പാനായ കുട്ടനും കൊച്ചയ്യപ്പന്റെ പാപ്പാൻ സിദ്ധാർഥനും ഷബ്നയുടെ ഗുരുക്കന്മാർ മാത്രമല്ല ഉറ്റ സുഹൃത്തുക്കൾകൂടിയായി. പെണ്ണായതുകൊണ്ടുള്ള മാറ്റിനിർത്തൽ അവരിൽ നിന്നൊന്നും ഷബ്നയ്ക്കുണ്ടായില്ല.
തങ്ങളുടെ കൂടെയുള്ളൊരാളായി അവർ കൊണ്ടുനടന്നു. വരിക്കാശേരിമനയുടെ മാനേജർ മുരളിയും ആ സംഘത്തിലുണ്ടാകും. ആനയ്ക്കു തീറ്റകൊടുക്കാനും കുളിപ്പിക്കാനുമൊക്കെ ഷബ്നയും കൂടി. രഘുറാമിനോടു സൗഹൃദം കൂടാൻ ഷബ്നയൊരു തന്ത്രമെടുത്തു. അവന്റെ ഇഷ്ടങ്ങൾ മനസ്സിലാക്കി. ഭക്ഷണം തന്നെയായിരുന്നു അതിൽ മുന്നിൽ. ഷബ്ന കൊടുക്കുന്ന ഫ്രൂട്ടി, ഐസ്ക്രീം, ലഡ്ഡു, ഹൽവ, ഫ്രഷ് ക്രീം കേക്ക്, ചെറിപ്പഴം എന്നിവയൊക്കെ ആനയ്ക്ക് വലിയ ഇഷ്ടമാണ്. ഷബ്ന നാട്ടിൽപോയി വരുമ്പോൾ നല്ല കോഴിക്കോടൻ ഹൽവ കൊണ്ടുവരും. അതുകാണുമ്പോഴുള്ള രഘുറാമിന്റെ ചിന്നംവിളിയൊന്നു കേൾക്കേണ്ടതു തന്നെയാണ്.
ഇടയ്ക്ക് പാപ്പാന്മാർക്കൊപ്പം ഷബ്നയും അത്താഴത്തിനു പുറത്തുപോകും. തിരിച്ചുവരുമ്പോൾ ഷബ്ന എന്തെങ്കിലും കൊണ്ടു വരും. അന്നുരാത്രി രഘുറാമിനു വേറെയൊന്നും വേണ്ട. രഘുറാമിന്റെ ഒരു കണ്ണിനു കാഴ്ചയില്ലായിരുന്നു. അസമിലെ കുട്ടിക്കാലത്തു മൃഗശിക്ഷകർ നൽകിയ പീഡനമായിരുന്നു അവന്റെ കാഴ്ച നഷ്ടപ്പെടുത്തിയത്. അവിടെയുള്ള മൃഗശിക്ഷകർ അങ്കുശ് (ചെറുമഴു) കൊണ്ടാണു അടിക്കുക. അങ്കുശ് കൊണ്ട് തലയ്ക്കടിച്ചതിന്റെ മറ്റൊരു ദുരിതവും അവൻ പേറുന്നുണ്ടായിരുന്നു.
കവിളിലേറ്റ അടി ഉമിനീർ ഗ്രന്ഥിയെ ബാധിച്ചു. ഉമിനീർ കെട്ടിക്കിടന്ന് അവിടെയൊരു മുഴപോലെയായി. മുഴയിൽ ഉമിനീർ നിറയുമ്പോൾ അതു പൊട്ടിയൊലിക്കും. മദപ്പാടുപോലെ രഘുറാമിനെ പ്രയാസപ്പെടുത്തിയിരുന്നു ഈ മുഴയും. പല ഡോക്ടർമാരും ചികിത്സിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ ചീഫ് വെറ്ററിനറി സർജൻ അരുൺ സഖറിയയാണ് അതു തിരിച്ചറിഞ്ഞതും വിദഗ്ധ ചികിത്സ നൽകിയതും. ഇതൊന്നും അവന്റെ ആനച്ചന്തത്തിനൊരു കോട്ടവും വരുത്തിയിരുന്നില്ല. ഉത്സവത്തിലും പൂരത്തിലുമെല്ലാം തലയെടുപ്പോടെ അവൻ മുന്നിൽ നടന്നു. പാപ്പാന്മാരുടെ സംഘത്തിൽ ഷബ്നയുമുണ്ടാകും. അപ്പോഴൊന്നും പാപ്പാൻജോലി പഠിക്കാനെത്തിയ പെൺകുട്ടിയെ ആരും തിരിച്ചറിഞ്ഞിരുന്നില്ല.
2021ലെ തൃശൂർ പൂരം കഴിഞ്ഞെത്തിയ രഘുറാമിന്റെ ക്ഷീണം എല്ലാവരും ശ്രദ്ധിച്ചു. ഭക്ഷണമൊന്നും പഴയതുപോലെ കഴിക്കുന്നില്ല. അക്കുറി ശബരിമല ആറാട്ടിനു എഴുന്നള്ളിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അനുമതി കിട്ടിയ സമയമാണ്. അവൻ ദിവസം ചെല്ലുംതോറും ക്ഷീണിച്ചവന്നു. ഒടുവിൽ ഡോക്ടർമാർ അവന്റെ അസുഖം തിരിച്ചറിഞ്ഞു– ക്ഷയം. ലക്ഷങ്ങൾ ചെലവിട്ട് ഹരിദാസ് ചികിത്സിച്ചെങ്കിലും അധികനാൾ അവന് ആയുസ്സുണ്ടായില്ല. ജൂൺ ഒൻപതിന് രഘുറാം ചരിഞ്ഞു. അന്നേരം ആനകളെക്കുറിച്ചുള്ള പഠനയാത്രയുമായി ബന്ധപ്പെട്ടു ബിഹാറിലാണ്. പെട്ടെന്നു വരാൻ പറ്റുമായിരുന്നില്ല. അവസാനമായി അവനെ ഒരുനോക്കുകാണാൻ പറ്റാത്തതിന്റെ വിഷമം അവളെ വല്ലാതെ വിഷമിപ്പിച്ചു. മലയാറ്റൂരിലാണ് അവനെ ദഹിപ്പിച്ചത്.
ഹൈന്ദവ ആചാരപ്രകാരം മരണാനന്തരച്ചടങ്ങുകൾ ചെയ്യുമെന്ന് ഷബ്നയ്ക്ക് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ കർമം ചെയ്യേണ്ടതിനെക്കുറിച്ചു ഹരിദാസിനോടു ചോദിച്ചപ്പോൾ ‘‘ അച്ഛൻ ജീവിച്ചിരിക്കുമ്പോൾ മക്കൾക്കായി ചടങ്ങുകൾ നടത്തില്ല’’ എന്നാണു പറഞ്ഞത്. എങ്കിൽ ഞാൻ ചെയ്യാമെന്ന് അവൾ പറഞ്ഞപ്പോൾ അദ്ദേഹം വിലക്കിയില്ല. സർക്കാരിൽ നിന്നു പ്രത്യേക അനുവാദം വാങ്ങി രഘുറാമിന്റെ അസ്ഥിയും ചിതാഭസ്മവും വിമാനമാർഗം ബിഹാറിലേക്ക് അയച്ചുകൊടുത്തു. ആ കലശവുമായി ഷബ്ന കാശിയിലെത്തി ഗംഗയിൽ ചിതാഭസ്മം നിമജ്ജനം ചെയ്തു. പിന്നീട് രണ്ടു വർഷം ശ്രാദ്ധമൂട്ട് തിരുനെല്ലിയിൽ ആയിരുന്നു. ഷബ്നയും പാപ്പാൻമാരും ചേർന്നായിരുന്നു ശ്രാദ്ധമൂട്ടിനു പോയത്.
‘‘ വല്ലാത്തൊരു ബന്ധമായിരുന്നു രഘുറാമും ഞാനും തമ്മിൽ. വരിക്കാശേരിമനയിൽ പോയാൽ അവനെ കെട്ടിയിട്ടിരുന്ന സ്ഥലത്തുപോയി ഏറെ നേരം നിൽക്കും ഞാൻ. ഇത്രയും അടുപ്പവും തിരിച്ചറിവും ഉള്ളൊരു ആനയെ വേറെ ഞാൻ കണ്ടിട്ടില്ല’’– ആത്മബന്ധത്തിന്റെ മുറിയാത്ത ചങ്ങലകളെക്കുറിച്ച് അവൾ പറഞ്ഞു.
സോയിയുടെയും സൈറസിന്റെയും ഷബ്ന
ആന പരിചരണം സംബന്ധിച്ചൊരു പുസ്തകം എഴുതുകയാണു ഷബ്നയിപ്പോൾ. അതിനായി അസം, ബിഹാർ, ഒഡീഷ, ബംഗാൾ, അരുണാചൽ, നാഗാലാൻഡ്, ഉത്തർപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലേക്കുള്ള യാത്രയാണ്. കാറിലാണു യാത്ര. കൂടെ സോയിയും സൈറസുമുണ്ടാകും. രണ്ടുപേരും പരിശീലനം ലഭിച്ച രാജപാളയം നായ്ക്കളാണ്. കപൂർ ഹരിദാസിന്റെ മകൻ ഗോവിന്ദ് സമ്മാനിച്ചതാണ് ഇരുവരെയും. ബെംഗളൂരുവിൽ നിന്നാണു പരിശീലനം നൽകിയത്. ഒരാൾ കാറിന്റെ മുൻസീറ്റിലും മറ്റൊരാൾ പിന്നിലുമുണ്ടാകും. ചിലപ്പോൾ ലക്കിയെന്ന പേർഷ്യൻ പൂച്ചയും. കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും ആനകളെയും ആന പരിശീലനത്തെയും കുറിച്ചുള്ള ആഴത്തിലുള്ള പുസ്തകമാണ് ഷബ്ന എഴുതുന്നത്. മുത്തങ്ങ, കോന്നി, കോടനാട്, കോട്ടൂർ ആന പരിചരണ കേന്ദ്രങ്ങളിലുള്ളവരെല്ലാം നല്ല സഹായമാണു നൽകിയത്. വനംമന്ത്രി എ.കെ.ശശീന്ദ്രൻ, ഡോ.അരുൺ സഖറിയ, ഡോ.ഗിരിദാസ്, ഡോ.അലക്സാണ്ടർ ജേക്കബ്, ഡോ.ശശീന്ദ്രദേവ്, ഡോ.രാജീവ് എന്നിവരും ഏറെ സഹായം ചെയ്തു.
ഈ മേഖലയിലെ വേദനിപ്പിക്കുന്ന പല അപ്രിയ സത്യങ്ങളും ഷബ്നയ്ക്കു ബോധ്യപ്പെട്ടു. ആനകൾക്കു നേരെയുള്ള ക്രൂരതയും ആനക്കൈമാറ്റത്തിലൂടെ നടക്കുന്ന ലക്ഷങ്ങളുടെ കച്ചവടങ്ങളും ഉദ്യോഗസ്ഥരുടെ കൈക്കൂലികളുമെല്ലാമായി പലതരം കാര്യങ്ങൾ. ആന ജീവിച്ചിരുന്നാലും ചരിഞ്ഞാലും പണം കിട്ടുന്നവർ ഉദ്യോഗസ്ഥർ മാത്രമാണെന്നു ഷബ്ന പറയുന്നു. ആന ചെരിഞ്ഞാൽ ഇൻഷുറൻസ് ഇനത്തിൽ ഉടമയ്ക്കു ലഭിക്കുന്ന പണത്തിന്റെ പകുതിയിലേറെ സംസ്കരിക്കാനുള്ള ചെലവു വരും. അതിൽ നല്ലൊരു പങ്ക് ഉദ്യോഗസ്ഥർക്കു കൊടുക്കേണ്ട പണവും. ഇങ്ങനെയുള്ള പല കാര്യങ്ങളും തന്റെ പുസ്തകത്തിലുണ്ടാകുമെന്ന് ഷബ്ന പറയുന്നു.
‘‘ ആനകൾ സ്നേഹിച്ചതു മറക്കില്ല; ദ്രോഹിച്ചതും. അതുകൊണ്ടാണ് മദപ്പാടിന്റെ കാലത്ത് പല പാപ്പാന്മാരും കൊല്ലപ്പെടുന്നത്. ഏത് ആൾക്കൂട്ടത്തിൽ നിന്നും ആന നമ്മളെ തിരിച്ചറിയും. നമ്മൾ നൽകിയ സ്നേഹമാണ് ആ തിരിച്ചറിവിനു പിന്നിൽ. അങ്ങനെ തിരിച്ചറിവുള്ളവനായിരുന്നു എന്റെ രഘുറാം’’.
ആനക്കാര്യത്തിന്റെ കൂടുതൽ വിവരങ്ങൾ തേടി അസമിലേക്കുള്ള യാത്രയ്ക്കൊരുങ്ങുകയാണ് ഷബ്ന.