ADVERTISEMENT

കിഴക്കനേഷ്യൻ രാജ്യങ്ങളായ തായ്‌ലൻഡ്, ഇന്തൊനീഷ്യ തുടങ്ങിയവ സന്ദർശിച്ചപ്പോൾ കണ്ട രസകരമായ കാര്യമുണ്ട്. ഹോട്ടലിൽ വച്ചിരുന്ന ബ്രോഷറിൽ വില്ലേജ് ടൂർ എന്ന് എഴുതിയിരിക്കുന്നത് കണ്ടു. പിറ്റേദിവസം പുലർച്ചെ അഞ്ചു മണിക്കു തന്നെ ടൂർ വണ്ടിയിൽ പോകാൻ ഒരുങ്ങി നിന്നു. സായ്പന്മാരും ചൈനക്കാരുമാണു യാത്രികർ. ഇന്ത്യക്കാരനായി ഞാൻ മാത്രം നേരം വെളുത്തു വരുന്നതേയുള്ളൂ. ഒരു മണിക്കൂറോളം വണ്ടി ഓടി.

ഈ സമയം ടൂർ ഗൈഡ് ബസിലെത്തി കാര്യങ്ങൾ വിശദീകരിക്കുകയാണ്– ‘നമ്മൾ ദൈനംദിന ജീവിതത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വസ്തുക്കളിൽ ഒന്ന് ടയറാണ്. റബറിൽ നിന്നാണ് ടയർ ഉണ്ടാകുന്നത്. ഇതെങ്ങനെ ഉണ്ടാക്കുമെന്ന് നിങ്ങൾ കണ്ടിട്ടുണ്ടോ? എന്നാൽ അതു കാണാനാണു നമ്മൾ പോകുന്നത്’ വളരെ ആവേശത്തോടെയാണു ഗൈഡിന്റെ വിശദീകരണം. വണ്ടി നേരെ ചെന്നത് ഒരു റബർ തോട്ടത്തിലാണ്. അപ്പോഴേക്കും റബർ വെട്ടുകാരൻ ടാപ്പിങ് തുടങ്ങിയിരുന്നു. എല്ലാവരും ടാപ്പിങ്ങുകാരന്റെ ഒപ്പം കൂടി. ഒരു പ്രത്യേക കത്തി കൊണ്ടാണു ടാപ്പിങ്. ചില സായ്പൻമാർക്ക് ഇതു കണ്ടപ്പോൾ ഒന്നു ടാപ്പ് ചെയ്യണമെന്ന് ആഗ്രഹം. അതിനു സമ്മതിച്ചപ്പോൾത്തന്നെ ആവേശം. കത്തി വാങ്ങി ടാപ്പ് ചെയ്തപ്പോൾ അതാ പാൽ ഒഴുകുന്നു. അതു കണ്ട് അവർ ഹായ് വണ്ടർഫുൾ എന്ന് അതിശയിക്കുന്നു.

കുറെ കഴിയുമ്പോൾ ഒരു ബക്കറ്റ് നിങ്ങളുടെ കയ്യിൽ തരും. അതിൽ റബർ പാൽ ശേഖരിക്കാം. തുടർന്ന് അത് ഉറ ഒഴിക്കുന്നു. അത് സെറ്റാകുന്നു. പതിനൊന്നര വരെയാണ് ഇതു തുടർന്നത്. പിന്നീട് പോയത് നെൽവയലുള്ള സ്ഥലത്തേക്കാണ്. അവിടെ പടിപ്പുര പോലെ ഒന്നു നിർമിച്ചു വച്ചിട്ടുണ്ട്‌. വണ്ടി പാർക്ക് ചെയ്ത സ്ഥലത്തിനു ചുറ്റും ഓലമേഞ്ഞ പുരകൾ. അതു മുഴുവൻ റസ്റ്ററന്റുകളാണ്. ഓലപ്പുരയെന്നാൽ ദാരിദ്ര്യമാണെന്നു കരുതരുത്. നല്ല പ്രഫഷനലായി ചെയ്ത വീടുകളാണ് അത്. പരമ്പരാഗത വീടുകൾ എങ്ങനെയാണെന്ന‌ു കാണിക്കാൻ വേണ്ടിയാണ് അങ്ങനെ ചെയ്തിരിക്കുന്നത്. നെൽപാടങ്ങൾ ഇങ്ങനെ നീണ്ടു കിടക്കുകയാണ്. 

പൂട്ടാൻ തയാറായി പോത്തുകൾ നിൽക്കുന്നു. വേണമെങ്കിൽ നമുക്കു ചെളിയിൽ ഇറങ്ങാം. മുട്ടോളം ചെളിയിലിറങ്ങാൻ സായപൻമാരെല്ലാം റെഡി. അവർ അവേശത്തോടെ നിക്കറെല്ലാം ഉയർത്തിവച്ച് ചാടിയിറങ്ങുന്നു. ചെളിയിൽ കാൽ തൊട്ടതോടെ അവർ ആവേശത്തിൽ മതിമറക്കുന്നു. ഞാറ് നടാൻ പൂട്ടിയടിച്ചിട്ടിരിക്കുകയാണ് വേറൊരു പാടം. എല്ലാവരും അവിടേക്കു പോയി. യാത്രികരിൽ ചിലർ ഞാറു നട്ടപ്പോൾ ചെരിഞ്ഞു പോകുന്നു. ചിലർ വരി മാറി നടുന്നു. കൃത്യമായിട്ട് വരി ഒപ്പിച്ചാണോ നടുന്നത് എന്നു നോക്കാൻ ആളുണ്ട്.

പണ്ട് ജന്മിമാർ നോക്കി നിന്നതു പോലെ അവർ നോക്കി നിരീക്ഷിക്കുകയാണ്. സായ്പന്മാർ ഞാർ നട്ട് ആവേശഭരിതരാകുന്നു. മറ്റൊരിടത്ത് കൊയ്യാൻ തയാറായ നെല്ലാണ് ഉള്ളത്. അത് കൊയ്യാനും പിന്നീട് മെതിക്കാനും സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. സായ്പന്മാർ അതിനും റെഡി. തൊട്ടടുത്തു തന്നെ നെല്ല് പുഴുങ്ങാനുള്ള സ്ഥലം, ഉണക്കാനുള്ള സ്ഥലം എന്നിവയുമുണ്ട്. തൊട്ടടുത്തുതന്നെ നെല്ല് ചവിട്ടി കുത്തി അരിയാക്കാം. എല്ലാവരും ആവേശത്തോടെ നെല്ല് ചവിട്ടി കുത്തി അരിയാക്കുകയാണ്. ഉച്ചയോടെ ഇതേ അരി ഉപയോഗിച്ചുള്ള ചോറും മറ്റ് വിഭവങ്ങളും തയാർ. എല്ലാവരും അത് ആസ്വദിച്ചു കഴിച്ചു. ഉച്ചകഴിഞ്ഞതോടെ മറ്റൊരു സ്ഥലത്ത് സാംസ്കാരിക പ്രദർശനമാണ്. 

നേരത്തേ റബർ വെട്ടിയ ആളും ഞാറ് നട്ട നാട്ടുകാരനുമെല്ലാം അവിടെയെത്തും. അവർക്കെല്ലാം സായ്പന്മാർ ടിപ്പ് നൽകും. ഒരാൾക്ക് തന്നെ ഇരുന്നൂറു ഡോളറാണ് കിട്ടുന്നത് (16600 രൂപയിലധികം).ഞാനപ്പോൾ ഓർത്തത്, ഇതിൽ ഏതാണു നമ്മുടെ നാട്ടിൽ കാണിക്കാൻ കഴിയാത്തത് എന്നാണ്. നയാഗ്ര വെള്ളച്ചാട്ടമോ ഐഫൽ ടവറോ ചൈനയിലെ വൻമതിലോ പിരമിഡുകളോ നമുക്കു കാണിക്കാൻ ആവില്ല. എന്നാൽ ബാക്കിയെല്ലാം ഇതിലും ഭംഗിയായി അവതരിപ്പിക്കാൻ നമ്മുടെ പക്കലുണ്ട്. ഇതിനെക്കാളൊക്കെ രസകരമായി തെങ്ങിലും പനയിലും കള്ളു ചെത്തുന്നതൊക്കെ നമ്മുടെ കാഴ്ചയിലുണ്ടാകും. കേരളത്തിന്റെ ഗ്രാമജീവിതം അവരെ അദ്ഭുതപ്പെടുത്തും. അത് തിരിച്ചറിഞ്ഞ് നമ്മൾ വിനോദസഞ്ചാരത്തെ ഒന്നു പുനർ രൂപകൽപന ചെയ്താൽ മാത്രം മതി. വിനോദ സഞ്ചാരികൾക്ക് ഇവയെല്ലാം കണ്ട് ആസ്വദിക്കാൻ സാധിക്കുന്നതിനൊപ്പം നാട്ടുകാർക്ക് നല്ല വരുമാനവുമാകും. നമ്മൾ നമ്മളുടെ വില അറിയേണ്ടതല്ലേ?

English Summary:

Sunday Special about santhosh george kulangara's journey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com