ADVERTISEMENT

കടൽത്തീരത്തോ ജലാശയങ്ങൾക്കു സമീപത്തോ ഉള്ള നഗരങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ആ രാജ്യത്തെ പ്രധാന ആകർഷണകേന്ദ്രങ്ങളാവും അവ. ജലത്തിന് അഭിമുഖമായിട്ടാവും നിർമിതികളെല്ലാം (വാട്ടർ ഫ്രണ്ട്). അവിടെ പ്രോമനേഡ് ഉണ്ടാവും (കടൽത്തീര നടപ്പാത). അവിടെയാകും ആഘോഷങ്ങൾ നടക്കുന്നത്. അവിടെയുള്ള ഏറ്റവും വിലകൂടിയ സ്ഥലവും അതാവും. അവിടെ താമസമാക്കാൻ ആളുകൾ കൊതിക്കും. എന്നാൽ കൊച്ചി മറൈൻ ഡ്രൈവോ നമ്മുടെ മറ്റു കടൽത്തീര പ്രദേശങ്ങളോ അങ്ങനെ നമ്മൾ ഉപയോഗിച്ചിട്ടില്ല. ഇത്രയും വലിയ കടൽത്തീരവും ജലാശയങ്ങളും നദികളും തോടുകളുമെല്ലാം ഉള്ള നമുക്ക് വൻ സാധ്യത ഇക്കാര്യത്തിലുണ്ട്.

ചൈനയിലെ ബോൺചോ, ഹോങ്കോങ്ങിലെ കവ്‌ലൂൺ എന്നിയെല്ലാം ഇതിനു നല്ല ഉദാഹരണങ്ങളാണ്. ഹോങ്കോങ് ഒരു ദ്വീപാണല്ലോ. അതേ സമയം കവ്‌ലൂൺ പ്രധാനകരയിലാണ്. രണ്ടും ചേരുന്നതാണു ഹോങ്കോങ്. അവിടത്തെ അംബരചുംബികളായ കെട്ടിടങ്ങൾ കവ് ലൂണിൽ നിന്നാൽ കാണാം. കവ്‍ലൂണിലെ പ്രോമനേഡിൽ അലങ്കരിച്ച രണ്ടുനിലക്കെട്ടിടമുണ്ട്. സിഡ്നിയിലെ ഡാർലിങ് ഹാർബറിൽ അര കിലോമീറ്ററോളം ദൂരം പ്രോമനേഡുണ്ട്. മനോഹരമാണു പ്രോമനേഡിലെ കാഴ്ചകൾ. അവിടെ കലാവിരുന്നുകൾ ഉണ്ടാവും. ഓരോ ദിവസവു ഓരോ ഗ്രൂപ്പിന് അവതരണാനുമതി നൽകിയിരിക്കുകയാണ്. നല്ല ഭക്ഷണം ആസ്വദിക്കാം, വ്യായാമം ചെയ്യാം, വെറുതേ കഥ പറഞ്ഞിരിക്കാം.

കവ് ലൂണിലെ രണ്ടു നില പ്രോമനേഡ് കെട്ടിടത്തിൽ ഒരു നില ഗാലറി പോലെ സജ്ജമാക്കിയിട്ടുണ്ട്. രണ്ടാം നിലയിൽ നിരയായി ഫൂഡ് കോർട്ടാണ്. നമ്മുടെ നാട്ടിലെ പ്രഫഷനൽ തട്ടുകട പോലെ. നഗരത്തിന് നല്ല വaരുമാന മാർഗവുമാണ് ഇത്. താഴെ മനോഹരമായ പാർക്കിങ് സ്ഥലമാണ്. ആയിരക്കണക്കിനു കാറുകൾ ഇവിടെ പാർക്ക് ചെയ്തിട്ടുണ്ട്. മാലദ്വീപിന്റെ തലസ്ഥാനമായ മാലെ അതിമനോഹരമായ പ്രോമനേഡ് ഉണ്ടാക്കിയിട്ടുണ്ട്. കേരളത്തിലും നമുക്ക് ഈ സാധ്യത ഉപയോഗിച്ചു കൂടേ എന്ന ചിന്ത ഉണരുന്നത് അതൊകൊണ്ടാണ്. ചൈനയോ, ദുബായിയോ, ഖത്തറോ ഇതുപോലെ പ്രോമനേഡോ കോർണിഷോ ഉണ്ടാക്കുന്നതിൽ അദ്ഭുതമില്ല. എന്നാൽ മാലദ്വീപ് കോർണിഷ് ഉണ്ടാക്കി സാധ്യത പ്രയോജനപ്പെടുത്തി എന്നു നാം തിരിച്ചറിയണം. അവിടെ മുകൾഭാഗം കവർ ചെയ്തതാണു നിർമിതി. ഭൂമധ്യരേഖയ്ക്കു നേരെ താഴെയായതിനാൽ വെയിലുള്ള സ്ഥലമായതുകൊണ്ടാണ് അങ്ങനെ ചെയ്തിരിക്കുന്നത്. പ്രസിഡന്റ്സ് ബോട്ട് ജെട്ടി എന്നായിരുന്നു നേരത്തെ അറിയപ്പെട്ടിരുന്നത്. കാർ പാർക്കിങ് മാത്രമല്ല വ്യത്യസ്ത ഫൂഡ് കിയോസ്ക്കുകളുംഅവിടുണ്ട്.

കൊച്ചിയിലെ മറൈൻ ഡ്രൈവ് ഇതുപോലെ ഒന്നു സങ്കൽപ്പിച്ചു നോക്കൂ. അവിടെ പരിപാടി നടക്കുന്ന മൈതാനം. പത്തടി ഉയരത്തിലാണെന്നു സങ്കൽപിക്കുക. കടലിനോട് അഭിമുഖമായ ഭാഗം പ്രോമനേഡ്. അതിന്റെ താഴെ ഭാഗം കവേഡ് പാർക്കിങ് ആക്കാം. ആയിരക്കണക്കിന് കാറുകൾ പാർക്കു ചെയ്യാം. ഇതിന്റെ മുകൾ ഭാഗം ഫെസ്റ്റിവൽ സിറ്റി പോലെ രൂപകൽപന ചെയ്യാം. ഒരു പണവും കൊടുക്കാതെ നഗരവാസികൾക്കു ജീവിതം ആസ്വദിക്കാൻ പറ്റുന്ന ഇടമായി അതു മാറ്റാം. സാധാരണക്കാർക്കും ആസ്വാദ്യകരമായ കാര്യങ്ങൾ ഉണ്ടാകും. ഒപ്പം നഗരത്തിന്റെ സൗന്ദര്യം വർധിക്കും. വിദേശികൾക്ക് നമ്മുടെ നാടിനെക്കുറിച്ച് ബഹുമാനം തോന്നുന്ന പ്രദേശമാക്കി ഇവിടം മാറ്റാം. 

ബ്രാൻഡഡ് ഹോട്ടലുകളിൽ നിന്നുകാശ് വാങ്ങി ആദ്യം തന്നെ ഇതു നിർമിക്കാനുള്ള വരുമാനവും കണ്ടെത്താം. പ്രാദേശവാസികൾക്കു പരിശീലനം നൽകിയാൽ നല്ല നാടൻ ഭക്ഷണവും ഇവിടെ നൽകാം. സത്യത്തിൽ ഇപ്പോൾ കൊച്ചിയിൽ ഷോപ്പിങ് മാളും മറ്റും ഒഴിച്ചാൽ മാനസികോല്ലാസത്തിന് പറ്റിയ സ്ഥലമില്ല. പണ്ട് സുഭാഷ് പാർക്ക് മതിയായിരുന്നു. എന്നാൽ ഇന്നതു പോരാ. പ്രോമനേഡും കോർണിഷും ഒക്കെ നിർമിച്ച് മനോഹരമാക്കിയാൽ ലോകഭൂപടത്തിൽ നഗരത്തിന് പ്രാധാന്യം കൈവരും. നഗരമുഖം കൂടുതൽ സുന്ദരമാകും. കേരളത്തിൽ തീരപ്രദേശത്തുള്ള എല്ലാ ഭാഗത്തും ഈ സാധ്യതയുണ്ട്. നല്ല രീതിയിൽ രൂപകൽപന ചെയ്തു ഭംഗിയാക്കിയാൽ മൊത്തത്തിൽ കേരളത്തിന്റെ മുഖം തന്നെ മാറും.

English Summary:

Sunday Special about Santosh George Kulangara's journey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com