ADVERTISEMENT

പാരിസിലെ ഏറ്റവും വലിയ കാഴ്ചയാണ് ലൂവ്റ് മ്യൂസിയം. മോണലിസ ഉൾപ്പെടെ ലോകത്തെ അതിപ്രശസ്ത ശിൽപങ്ങളും പെയിന്റിങ്ങുകളുമാണ് അവിടെ നിറയെ. ഈ പെയിന്റിങുകളോ ശിൽപങ്ങളോ പോലെ തന്നെ പ്രധാനമാണ് മ്യൂസിയം കാണുമ്പോൾ ചുറ്റുവട്ടത്തെ ആളുകളും സ്ഥലവുമെല്ലാം സൃഷ്ടിക്കുന്ന അന്തരീക്ഷവും. നമ്മുടെ സമീപത്തു നിൽക്കുന്ന ആൾ ആ പെയിന്റിങ് കണ്ട് ആശ്ചര്യപ്പെട്ട് ഓ വാവ് എന്നു പറയുമ്പോൾ ആ വികാരം നമ്മളിലേക്കും വരും. അതിനു പകരം ‘ഇതെന്ത്, നമുക്ക് പോകാം’ എന്നാണു പറയുന്നതെങ്കിൽ അതു നമ്മളെ നിരാശപ്പെടുത്തും. എപ്പോഴും ഇങ്ങനെയുള്ള സ്ഥലങ്ങളിൽ കൂടെയുള്ളവരുടെ പ്രതികരണം പ്രധാനമാണ്. 

ലൂവ്റ് മ്യൂസിയത്തിന്റെ വിശാല ഹാൾ ഇങ്ങനെ നീണ്ടു നിവർന്നു കിടക്കുകയാണ്. നമുക്ക് ഇവ ആസ്വദിച്ചങ്ങനെ നീങ്ങാം. എന്നാൽ അവയുടെ അടുത്തേക്കു കൈനീട്ടാൻ പറ്റില്ല. ഒരു ചരടാണ് അതിന് സമീപമുള്ളത്( വേലിയല്ല). കൈ ആ ചരടിലേക്കു നീട്ടിയാൽ അപായ അലാം മുഴങ്ങും. ഇങ്ങനെ കാഴ്ചകൾ കണ്ടു നീങ്ങുമ്പോൾ ഹാളിന് ഒരു ഭാഗത്ത് കുട്ടികൾ ഇരിക്കുന്നതു കണ്ടു. അഞ്ചോ ആറോ വയസ്സുള്ള ഇരുപതോളം കുട്ടികൾ. അവർ പെയിന്റിങ് നോക്കിയിരിക്കുകയാണ്. അവർക്ക് മുന്നിൽ അധ്യാപകൻ മുട്ടിൽ നിൽക്കുകയാണ്. ഒരു വലിയ പെയിന്റിങ് ചൂണ്ടിക്കാണിച്ച് അധ്യാപകൻ കുട്ടികളോട് അതിലെ ജനലും അതിലൂടെ വീഴുന്ന വെളിച്ചം ചിത്രത്തിലെ രാജാവിന്റെ മുഖത്ത് വീഴുന്നതും കാണിക്കുകയാണ്.

 ആ ചിത്രകാരൻ വെളിച്ചത്തിനു നൽകിയ നിറവും അതു രാജാവിന്റെ മുഖത്തിന്റെ ഒരു വശത്ത് വീഴുമ്പോഴുള്ള വ്യത്യാസവും മറുഭാഗത്തെ നിഴൽ നിറ വ്യത്യാസവും വിവരിക്കുകയാണ്. നഴ്സറി മുതൽ ഇങ്ങനെ കലയെ വിശദീകരിക്കുന്നത് കേട്ടു പഠിക്കുന്ന കുട്ടികൾ വളർന്നു വരുമ്പോൾ കലാകാരന്മായില്ലെങ്കിൽ അല്ലേ അദ്ഭുതം. നമ്മുടെ കുട്ടികൾക്കു കലാബോധം തീരെയില്ലെന്നു പറഞ്ഞിട്ടു കാര്യമുണ്ടോ? അമേരിക്കക്കാരോ, യൂറോപ്യന്മാരോ, അറബികളോ കലാബോധം ഉള്ളവരായി വളരുന്നത് എങ്ങനെയെന്നു തിരിച്ചറിയണം. അതു കൊണ്ടാണ് ദുബായിൽ ഫ്യൂച്ചർ മ്യൂസിയം നിർമിച്ചപ്പോൾ അതു മോതിരത്തിന്റെ ആകൃതിയിൽ വേണമെന്നു ഭരണാധികാരിക്ക് തോന്നിയത്. ഉള്ളിൽ കലാബോധം ഉള്ളതു കൊണ്ടാണത്. എന്നാൽ നമ്മുടെ കുട്ടികൾ കല പഠിക്കുന്നുണ്ടോ?

നിറങ്ങളെക്കുറിച്ച്, രൂപങ്ങളെപ്പറ്റിയൊക്കെയുള്ള ബോധം കുട്ടികൾക്ക് ചെറുപ്പത്തിലേ നൽകണം. ഇതു കൊടുക്കാത്തതു കൊണ്ടാണ് നമ്മുടെ പല വീടുകളും അൽപം വലിയ നായ്ക്കൂടുകളോ, കോഴിക്കൂടുകൾ എൻലാർജ് ചെയ്തതു പോലെയോ ഒക്കെ ഇരിക്കുന്നത്. സൗന്ദര്യപരമായി ഗംഭീരമാകണം വീട് എന്നു തോന്നണം. കല ആസ്വദിക്കാൻ പഠിപ്പിക്കുന്ന സമൂഹത്തിലേ കഥകളിക്കും മോഹിനിയാട്ടത്തിനുമൊക്കെ നിലനിൽപ്പുള്ളൂ. ചിത്രകാരന്മാർക്ക് നിലനിൽപ്പുള്ളൂ. ഒരു ചിത്രം വേണ്ടവിധം ആസ്വദിക്കാൻ പറ്റൂ. ആകെപ്പാടെയുള്ളത് സിനിമ മാത്രമാണ്. കഥാപ്രസംഗവും നാടകവും പോലും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. കലകൾ ആസ്വദിക്കാൻ കുട്ടികളെ പഠിപ്പിക്കണം. പാഠപുസ്തകങ്ങളിൽ ഇവ പഠിപ്പിക്കുന്നില്ല. ബിരുദാനന്തര ബിരുദം വരെ പഠിക്കുന്നവർ പോലും ഇതു പഠിക്കുന്നില്ല. പരീക്ഷയ്ക്ക് മാർക്ക് നേടാനുള്ള ചില കാര്യങ്ങൾ മാത്രം പഠിക്കുന്നുണ്ടാകും. കഥകളിയുടെ ചരിത്രം പഠിക്കുമായിക്കും. 

എന്നാൽ മുദ്രകളുടെ അർഥവും അവ ആസ്വദിക്കുന്നത് എങ്ങനെയെന്നും പഠിപ്പിക്കുന്നില്ല. കലാബോധം ഉള്ളവർ മാലിന്യം അടുത്ത പുരയിടത്തിലേക്കോ പൊതുനിരത്തിലേക്കോ എറിയില്ല. വൃത്തിയില്ലാത്ത വസ്ത്രം പോലും ധരിക്കില്ല. യൂറോപ്പിൽ മഞ്ഞുകാലത്തു പുറത്തിറങ്ങുന്ന ഓരോ മനുഷ്യരും ഓരോ ശിൽപമാണെന്നു തോന്നും. കോട്ടിന് ചേരുന്ന മഫ്ലറേ കഴുത്തിലിടൂ. കറുത്ത കോട്ടും കഴുത്തിൽ മെറൂൺ നിറത്തിലുള്ള മഫ്ലറും ചുറ്റി കറുത്ത തൊപ്പിയും വച്ചു പോകുന്നവരെ ആരും നോക്കി നിന്നു പോകും.

English Summary:

Sunday special about santhosh george kulangaras journey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com