ADVERTISEMENT

ലോകം അദ്ഭുതത്തോടെയും ആദരവോടെയും നോക്കിക്കാണുന്ന പ്രശസ്‌ത ചിത്രകാരന്മാരുടെ പ്രശസ്‌ത ചിത്രങ്ങൾ നമുക്ക് ഉഫൈസി ഗാലറിയിലെ ശേഖരത്തിൽ കാണാം. ഡ വീഞ്ചിയുടെ Annunciation, റാഫേൽ വരച്ച Madonna Del Cardellino, ലിയോ പത്താമന്റെ ചിത്രം, സാന്ദ്രോ ബോട്ടിസെല്ലിയുടെ Birth of Venus, La Primavera, കരവാജിയോയുടെ Medusa, ടൈറ്റിയാന്റെ Flora, Venus of Urbino, മൈക്കാലഞ്ചലോയുടെThe Holy family and Young St. John the Baptist, റെംബ്രാന്റിന്റെയും റാഫേലിന്റെയും സെൽഫ് പോർട്രെയിറ്റുകൾ എന്നിവ അവയിൽ ചിലത് മാത്രം. അങ്ങനെ രണ്ടായിരത്തിലധികം ചിത്രങ്ങളാണ് ആ ആർട്ട് മ്യൂസിയത്തിലുള്ളത്. അത് കൂടാതെ പുരാതന കാലം മുതൽ ഇന്നോളമുള്ള അനേകം ശിൽപങ്ങളുടെ ശേഖരവും അവിടെ കാണാം.

പതിനാലാം നൂറ്റാണ്ട് മുതൽ പതിനാറാം നൂറ്റാണ്ട് വരെയായിരുന്നു ഫ്ലോറൻസിന്റെ സുവർണണകാലം. അന്നത്തെ വാസ്തുശിൽപകലയുടെ മനോഹാരിത ഒട്ടും ചോരാതെ ഇപ്പോഴും സംരക്ഷിക്കപ്പെട്ടിരിക്കുന്നു എന്നതാണ് ഒരു സഞ്ചാരിയെ ആ നഗരത്തിലേക്ക് ആകർഷിക്കുന്ന ഏറ്റവും പ്രധാന കാര്യം. അന്നത്തെ കെട്ടിടങ്ങളും ദേവാലയങ്ങളും നഗരപാതകളും ചത്വരങ്ങളും മ്യൂസിയങ്ങളും ഗോപുരങ്ങളും എല്ലാം ഇന്നും അതുപോലെ നമുക്ക് കാണാൻ കഴിയും.

നമ്മുടെ നാട്ടിൽ ഓടുമേഞ്ഞ വീടുകൾ പോലുമില്ലാതിരുന്ന അക്കാലത്ത് ഇത്ര മനോഹരമായ നഗരനിർമിതി നടത്തിയ വാസ്തുശിൽപികളെ എത്ര നമിച്ചാലാണു മതിയാവുക. വെറുതേ കുറച്ചു കെട്ടിടങ്ങൾ തലങ്ങും വിലങ്ങും ഉണ്ടാക്കിയിടുകയല്ല. അവ ഓരോന്നും വ്യത്യസ്തമാവാനും അതിൽ ശിൽപ ചാതുര്യത്തിന്റെ കൈയ്യൊപ്പ് പതിപ്പിക്കാനും അവർ ശ്രമിച്ചിട്ടുണ്ട്. മ്യൂസിയങ്ങൾ ഒന്നും സന്ദർശിക്കാതെ ആ നഗരത്തിലൂടെ വെറുതെ നടന്നാൽ തന്നെ നമ്മൾ എത്തിച്ചേർന്നിരിക്കുന്ന ഇടത്തിന്റെ ഗിരിമ നമുക്കു മനസ്സിലാവും. വിവിധ രാജ്യങ്ങളിൽ നിന്നു വരുന്ന സഞ്ചാരികൾ തിങ്ങിനിറഞ്ഞ ഗല്ലികളിലൂടെയും നഗരത്തെ നടുവേ പകുത്തൊഴുകുന്ന ആർനോ നദിയുടെ തീരത്തിലൂടെയുമുള്ള രാത്രി നടത്തം ഇപ്പോഴും മനസ്സാകെ നിറഞ്ഞു നിൽക്കുന്നു.

മൈക്കലാഞ്ചലോയുടെ വിഖ്യാത ശിൽപമായ ‘ദാവീദ്’ കാണാനാണു പിറ്റേന്ന് രാവിലെ ഞങ്ങൾ പുറപ്പെട്ടത്. അവിടെച്ചെന്നപ്പോൾ തലേന്ന് ഉഫൈസി മ്യൂസിയത്തിന്റെ മുന്നിൽ കണ്ടതിന്റെ മൂന്നിരട്ടി നീളമുള്ള ക്യൂ. ഏതാണ്ട് രണ്ടര മണിക്കൂർ നേരം ക്യൂ നിന്നിട്ടാണ് ഗലേറിയ അക്കാഡിമിയ എന്ന ആ മ്യൂസിയത്തിനുള്ളിൽ കയറിപ്പറ്റാൻ കഴിഞ്ഞത്. അവിടെ മറ്റനേകം ശിൽപങ്ങളും ചിത്രങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിലും ദാവീദ് എന്ന ഒരൊറ്റ ശിൽപം കാണാൻ വേണ്ടിയാണ് ഈ മനുഷ്യരെല്ലാം ഇത്രനേരം കാത്തുനിന്ന് അതിനുള്ളിൽ കയറിപ്പറ്റുന്നത്. അതിനും മാത്രം എന്തു പ്രത്യേകതയാണ് അതിനുള്ളത് എന്നു ചിലരെങ്കിലും സംശയിച്ചേക്കാം. എന്നാൽ ഒരുവട്ടം അതു നേരിൽ കണ്ടാൽ ആ സന്ദേഹം നമ്മിൽ നിന്ന് അകന്നു പോകും.

ശിൽപനിർമിതിയിലെ പരിപൂർണത എന്ന് ‘ദാവീദി’നെ നിസംശയം വിശേഷിപ്പിക്കാം. കരുത്തനും സുന്ദരനുമായ ഒരു യുവാവിന്റെ ശിൽപം എന്നതിനപ്പുറം മനുഷ്യശരീരത്തിൽ തെളിഞ്ഞു നിൽക്കുന്ന ഞരമ്പുകളും അസ്ഥികളും മസിലുകളും രോമങ്ങളും ഒക്കെ അത്രയും സൂക്ഷ്‌മമായി പകർത്തിയ ശിൽപം എന്ന നിലയിൽ കൂടിയാണ് ലോകം അതിനെ അത്രമേൽ ആദരവോടെ നോക്കിക്കാണുന്നത്. മെഡിചി കുടുംബത്തിന്റെ ആവശ്യപ്രകാരം 1501 മുതൽ 1504 വരെയുള്ള വർഷങ്ങളിലാണു മൈക്കലാഞ്ചലോ ഇത് മാർബിളിൽ കൊത്തിയുണ്ടാക്കുന്നത്. ക്ലാസിക്കൽ റോമൻ കാലത്തിനു ശേഷം യൂറോപ്യൻ ആധുനിക കാലത്തു നിർമിക്കപ്പെടുന്ന ആദ്യ മാർബിൾ ശിൽപമാണ് ദാവീദ് എന്നൊരു പ്രത്യേകത കൂടിയുണ്ട്.

ഫ്ലോറൻസ് കത്തീഡ്രലിന്റെ മുകളിൽ സ്ഥാപിക്കാൻ ഉദ്ദേശിച്ച പന്ത്രണ്ട് ശിൽപങ്ങളിൽ ഒന്നായിട്ടാണു ദാവീദിനെയും കൊത്തിയുണ്ടാക്കിയതെങ്കിലും പിന്നീട് അതു നഗര ചത്വരത്തിലെ Palazza Vicchio എന്ന ടൗൺ ഹാളിനു മുന്നിൽ സ്ഥാപിക്കുകയായിരുന്നു. മൂന്നു നൂറ്റാണ്ടുകൾക്കു ശേഷം 1873 ൽ അത് മ്യൂസിയത്തിലേക്കു മാറ്റുകയും അതിന്റെ ഒരു അനുകരണം (Replica) അതേ സ്ഥലത്തു സ്ഥാപിക്കുകയും ചെയ്‌തു. അതിപ്പോഴും അവിടെക്കാണാം. അത് കൂടാതെ മെഡിചികളുടെ സുവർണ കാലത്ത് മൈക്കലാഞ്ചലോ ഉൾപ്പെടെയുള്ളവർ കൊത്തിയുണ്ടാക്കിയ ഒട്ടേറെ ശിൽപങ്ങളും ഇപ്പോൾ ആ ചത്വരത്തിൽ കാണാൻ കഴിയും. അതിൽ മനുഷ്യ ശിൽപങ്ങളും ജലധാരയും ഒക്കെ ചേർന്ന ‘ഫൗണ്ടൻ ഓഫ് നെപ്‌റ്റ്യൂൺ’ എന്ന കൂറ്റൻ നിർമിതി മെഡിചി കുടുംബത്തിലെ ഒരംഗത്തിന്റെ വിവാഹാഘോഷത്തിന്റെ ഭാഗമായി നിർമിച്ചതാണ്.

മഹാനിർമിതിയുടെ മറ്റൊരു പര്യായമായ സാന്ത മരിയ കത്തീഡ്രൽ, മെഡിചികളുടെ കൊട്ടാരം, മറ്റനേകം മ്യൂസിയങ്ങൾ. സമ്പന്നമായ കാഴ്ചകൾ കണ്ടു കണ്ട് കണ്ണു മഞ്ഞളിച്ചു പോയ ദിവസങ്ങളാണ് ഫ്ലോറൻസ് സമ്മാനിച്ചത്. എത്ര വാക്കുകൾ കൊണ്ടു വിവരിക്കാൻ ശ്രമിച്ചാലും പരാജയപ്പെട്ടു പോകുന്ന ഇടം. അതു കണ്ടു തന്നെ ആസ്വദിക്കണം. ബാക്കിയായ കാഴ്ചകൾ കാണാൻ ഇനിയൊരിക്കൽ വരും എന്ന് ആ മഹാനഗരത്തിനു വാക്കു കൊടുത്തു പിറ്റേന്നു കാലത്ത് ഞാനും റഷീദും വഴി പിരിഞ്ഞു. അദ്ദേഹം റോമിലേക്കു പോയി. ഞാൻ ഒരു അതിവേഗ ട്രെയിനിൽ മിലാനിൽ എത്തി അടുത്ത വണ്ടിയിൽ എന്റെ ഇടത്താവളവമായ മോൺട്രീഷേർ എന്ന സ്വിസ് ഗ്രാമത്തിലേക്കും.

ഒരാഴ്ച മുൻപ് ഇറ്റലിക്കു പുറപ്പെടുമ്പോൾ ഉള്ള കാലാവസ്ഥയേ ആയിരുന്നില്ല ഞാൻ മടങ്ങിച്ചെല്ലുമ്പോൾ. കനത്ത മഴ, വീശിയടിക്കുന്ന കാറ്റ്, തുളച്ചു കയറുന്ന തണുപ്പ്. ഗ്രാമമാകെ വീടുകൾക്കുള്ളിലേക്ക് ഒതുങ്ങിക്കൂടിയിരിക്കുന്നു. കന്നുകാലികളെപ്പോലും പുറത്തു കാണാനില്ല. ഈ തണുപ്പു സഹിച്ച് അധികം ദിവസം അവിടെ തുടരാനാവില്ലെന്ന് എനിക്കുറപ്പായിരുന്നു. ഭാഗ്യം. എന്റെ റെസിഡൻസി അവസാനിപ്പിച്ച് മടങ്ങാനുള്ള സമയവും ആയിരിക്കുന്നു. പക്ഷേ, മടങ്ങുമ്പോൾ വല്ലാത്തൊരു നൊമ്പരം മനസ്സിൽ വന്നുനിറഞ്ഞു. ചെറിയ കാലത്തേക്കെങ്കിലും അഭയവും അന്നവും തന്നെ ആ കുഞ്ഞു ഗ്രാമത്തിനോട് അതിനോടകം വല്ലാത്തൊരിഷ്ടം മനസ്സിൽ തിങ്ങിനിറഞ്ഞു കഴിഞ്ഞിരുന്നു. ഇനിയെന്നെങ്കിലും യൂറോപ്പിൽ വന്നാൽ ഒരു തീർത്ഥാടനസ്ഥലം പോലെ മോൺട്രീഷേർ സന്ദർശിക്കും എന്നു സ്വയം വാക്ക് കൊടുത്തുകൊണ്ടാണു ഞാൻ ജനീവയിൽ നിന്നു വിമാനം കയറിയത്. കാലം അതിന് അനുവദിക്കട്ടെ.

English Summary:

Sunday Special about benyamins europe journey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com