ADVERTISEMENT

അഞ്ചാം വയസ്സിലാണു ജോയി ഫിലിപ് ആദ്യമായി പറന്നത്. ഇരുകൈകളും വായുവിലേക്കു വിരിച്ച് ഉയരമുള്ള മേശപ്പുറത്തു നിന്നു താഴേക്കു പറന്ന ജോയിയെ അമ്മ കൈകളിൽ താങ്ങി. 22 വർഷങ്ങൾക്കു ശേഷം സെസ്ന–180 എന്ന ചെറുവിമാനത്തിൽ അപ്പനെ ഇരുത്തി ബെംഗളൂരു നഗരത്തിനു മുകളിലൂടെ ജോയ് വിമാനം പറത്തിച്ചു. 6 മാസം കഴിഞ്ഞ് അതേ വിമാനം ബെംഗളൂരു നഗരത്തിനു 15 കിലോമീറ്റർ അകലെ തീഗോളമായി തകർന്നുവീഴുമ്പോൾ പൈലറ്റ് സീറ്റിൽ ജോയി തന്നെയായിരുന്നു!

പറന്നുതുടങ്ങും മുൻപേ കത്തിക്കരിഞ്ഞുപോയ മകനെയോർത്ത് അന്നു കിടന്നുപോയതാണ് ഈ അമ്മ, മകനു നീതി കിട്ടാനായി അന്നു നടന്നുതുടങ്ങിയതാണ് ഈ അപ്പൻ. ആ ദുരന്തത്തിന് 20 വയസ്സായിട്ടും ഇവരുടെ കണ്ണീർ വാർന്നിട്ടില്ല, നീതിക്കായുള്ള അലച്ചിൽ അവസാനിച്ചിട്ടുമില്ല. വിയോഗദുഃഖം മാത്രമല്ല, മകനു നീതി തേടിയുള്ള യാത്രയിൽ നേരിട്ട ചതിയുടെയും വഞ്ചനയുടെയും കഥകളുമുണ്ട് ഈ കണ്ണീരിനു പിന്നിൽ.

ആലപ്പുഴ ചുനക്കര നോർത്ത് പീസ്‌ വില്ലയിൽ ജോയി ഉമ്മനെയും ഭാര്യ ശോശാമ്മയെയും 20 വർഷം മുൻപ് വിമാനാപകടത്തിൽ മരിച്ച അവരുടെ മകൻ ജോയ് ഫിലിപ്പിനെയും പെട്ടെന്ന് ഓർത്തെന്നുവരില്ല; പക്ഷേ, അന്നു ജോയി ഫിലിപ് പറത്തിയ ചെറുവിമാനത്തിലുണ്ടായിരുന്ന തെന്നിന്ത്യൻ നടി സൗന്ദര്യയെ മലയാളി മറന്നിട്ടുണ്ടാവില്ല; സൗന്ദര്യയും ജോയിയും ഉൾപ്പെടെ 4 പേരാണ് ആ വിമാനാപകടത്തിൽ വെന്തെരിഞ്ഞത്.

ഇതു പോലൊരു ലോക്സഭാ തിരഞ്ഞെടുപ്പുകാലം. 2004 ഏപ്രിൽ 17. ബെംഗളൂരുവിൽ നിന്ന് അവിഭക്ത ആന്ധ്രപ്രദേശിലെ കരിംനഗറിലേക്കു ബിജെപിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിനു പോവുകയായിരുന്നു സൗന്ദര്യ. ബെംഗളൂരു ജെക്കൂർ എയർഫീൽഡിൽനിന്നു പറന്നുയർന്ന വിമാനം തൊട്ടടുത്ത ഗാന്ധി കൃഷിവിജ്‌ഞാന കേന്ദ്രത്തിന്റെ വളപ്പിൽ തകർന്നുവീണു. വിമാനത്തിലുണ്ടായിരുന്നവരെല്ലാം അഗ്നിക്കിരയായി. സൗന്ദര്യ, സഹോദരൻ അമർനാഥ്, കർണാടക ഹിന്ദു ജാഗരൺ വേദി കൺവീനർ രമേഷ് ഖാദം, പിന്നെ ആ വിമാനം പറത്തിയ ഇരുപത്തിയെട്ടുകാരൻ ജോയി ഫിലിപ്പും.

വിമാനാപകടത്തിൽ മരിച്ച ജോയി ഫിലിപ്പിന്റെ മാതാപിതാക്കളായ ശോശാമ്മയും ഉമ്മൻ ജോയിയും. ചിത്രം: സജിത്ത് ബാബു
വിമാനാപകടത്തിൽ മരിച്ച ജോയി ഫിലിപ്പിന്റെ മാതാപിതാക്കളായ ശോശാമ്മയും ഉമ്മൻ ജോയിയും. ചിത്രം: സജിത്ത് ബാബു

വിധി മാറ്റിയെഴുതിയ ആകാശയാത്ര

അന്നു ജോയിക്കു പകരം മറ്റൊരാളായിരുന്നു ആ വിമാനം പറത്തേണ്ടിയിരുന്നത്. അദ്ദേഹത്തിന് പെട്ടെന്നെന്തോ അസൗകര്യം വന്നതിനാൽ പകരം താനാണ് ആന്ധ്രയിലേക്കു പോകുന്നതെന്നു തലേ ദിവസം ജോയി വീട്ടിലേക്കു വിളിച്ചു പറഞ്ഞു. ബെംഗളൂരുവിലെ അഗ്നി എയ്റോ സ്‌പോർട്‌സ് ആൻഡ് അഡ്വഞ്ചർ അക്കാദമി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ ഫ്ലയിങ് പൈലറ്റും ഇൻസ്‌ട്രക്‌ടറുമായി ജോയി ജോലിക്കു ചേർന്നിട്ട് ഒരു വർഷം പൂർത്തിയായിരുന്നു.

രണ്ടാഴ്ച കൂടി കഴിഞ്ഞാൽ ആ ജോലി ഉപേക്ഷിച്ച് ജെറ്റ് എയർവേയ്‌സിൽ കമേഴ്സ്യൽ പൈലറ്റായി ജോലിക്കു ചേരാനിരിക്കുകയായിരുന്നു ജോയി. എയർ ഇന്ത്യയിൽ ജോലിക്കു വേണ്ടിയുള്ള കടമ്പകളും പിന്നിട്ടിരുന്നു. മാതാപിതാക്കൾ സ്ഥലം വിറ്റും കടംവാങ്ങിയും പഠിപ്പിച്ച ആ യുവാവ് ആകാശം തൊടുന്ന സ്വപ്നങ്ങളിലേക്കു ചിറകുവിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു.

അനീതികളുടെ തുടക്കം; വഞ്ചനയുടെയും

മകന്റെ മരണവുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചപ്പോഴാണ് ഉമ്മൻ ജോയി ആ സത്യമറിഞ്ഞത്–അപകടത്തിൽപ്പെട്ട സെസ്ന 180 എന്ന ചെറുവിമാനത്തിന് ഇൻഷുറൻസ് ഇല്ല!. വിമാനം അപകടത്തിൽപ്പെട്ടതു പൈലറ്റിന്റെ കുഴപ്പം കൊണ്ടാണെന്നു സിവിൽ വ്യോമയാന അധികൃതരുടെ റിപ്പോർട്ട് കൂടി വന്നതോടെ ജോയിയുടെ കുടുംബത്തിനു ഇൻഷുറൻസ് തുക ലഭിക്കാനുള്ള സാധ്യതകൾ മങ്ങി. എങ്കിലും പോരാടാൻ ഉമ്മൻ ജോയ് തീരുമാനിച്ചു. മരിച്ചുപോയ മകനു മാത്രമല്ല, സാമ്പത്തിക ഭദ്രതയില്ലാത്ത കുടുംബത്തിനും അതുവഴി നീതി കിട്ടുമെന്ന് ആ പഴയ പട്ടാളക്കാരൻ കരുതി.

11 വർഷം കരസേനയിലെ മദ്രാസ് എൻജിനീയറിങ് ഗ്രൂപ്പിൽ വർക് ഷോപ്പ് ഇൻസ്‌ട്രക്‌ടറായിരുന്നു അദ്ദേഹം. ഭാര്യ ശോശാമ്മയ്ക്കു രോഗം പിടിപെട്ടപ്പോൾ പരിചരിക്കാനായി 1974 ൽ ജോലി ഉപേക്ഷിക്കേണ്ടിവന്നു. രോഗത്തിന് ആശ്വാസമായപ്പോൾ ജോലി തേടി വിദേശത്തേക്കു പോയി. 28 വർഷം ജോലി ചെയ്തിട്ടും മിച്ചം വയ്ക്കാൻ ഒന്നുമുണ്ടായില്ല. നാട്ടിലെ സ്ഥലം വിറ്റാണ് മകനെ പൈലറ്റാകാൻ പഠിപ്പിച്ചത്. മകന്റെ മരണത്തെത്തുടർന്നു നാട്ടിലെത്തിയ ജോയി പിന്നെ അബുദാബിയിലേക്കു മടങ്ങിയില്ല. മകന്റെ വിയോഗവാർത്തയറിഞ്ഞു തളർന്നുവീണ ശോശാമ്മയെ പരിചരിക്കാൻ മറ്റാരുമുണ്ടായിരുന്നില്ല.

ജോയി ജോലി ചെയ്തിരുന്ന ബെംഗളൂരുവിലെ അഗ്നി എയ്റോ സ്‌പോർട്‌സ് ആൻഡ് അഡ്വഞ്ചർ അക്കാദമി ഉടമ അരവിന്ദ് ശർമയെയും അക്കാദമി അധികൃതരെയും ഉമ്മൻ ജോയി പല തവണ പോയി കണ്ടു. എല്ലാ ശരിയാക്കാം എന്ന ഉറപ്പല്ലാതെ ഒന്നും കിട്ടിയില്ല. നഷ്ടപരിഹാരം നൽകുന്നതു പോയിട്ടു മരണത്തിൽ തകർന്നുപോയ കുടുംബത്തെ ആശ്വസിപ്പിക്കാൻ പോലും അക്കാദമി അധികൃതർ വിളിച്ചില്ലെന്ന് ഉമ്മൻ ജോയി പറയുന്നു.

അഗ്നി അക്കാദമിയുടെ ഭാഗത്തു നിന്നു സഹായമുണ്ടാകില്ലെന്ന് ഉറപ്പായതോടെ നിയമപരമായി പോരാടാൻ ഉമ്മൻ ജോയി തീരുമാനിച്ചു. ബെംഗളൂരുവിലെ അഭിഭാഷക സംഘത്തെ കേസ് ഏൽപിച്ചു. നഷ്ടപരിഹാരം ലഭിക്കുമെന്ന് അഭിഭാഷകർ ഉറപ്പു പറഞ്ഞതോടെ പ്രതീക്ഷയായി. മാസങ്ങളോളം കഷ്ടപ്പെട്ട് കേസിന് ആവശ്യമായ രേഖകൾ സംഘടിപ്പിച്ചു. വടക്കൻ കർണാടകയിലെ ഹൂബ്ലിയിലെ തൊഴിൽ കോടതിയിൽ 2008 ൽ ഹർജി നൽകി. പല തവണ ഇവിടെയെത്തി മൊഴി കൊടുത്തു. ഇതിനിടെ ആരോ ഇടപെട്ട് കേസ് ബെംഗളൂരുവിലേക്കു മാറ്റി. വീണ്ടും പല തവണ വാദം കേട്ടു. എന്നാൽ പിന്നെ കുറെനാൾ കേസിനെക്കുറിച്ച് വിവരമൊന്നുമില്ല. അന്വേഷിക്കുമ്പോഴെല്ലാം ‘ഉടൻ ശരിയാകും’ എന്നു കേസ് വാദിക്കുന്ന അഭിഭാഷകയുടെ മറുപടി. കേസ് വർഷങ്ങൾ നീണ്ടു.

ഒരു ദിവസം കോടതിയിൽ നിന്ന് ഉമ്മൻ ജോയിക്ക് ഒരു അറിയിപ്പു കിട്ടി. ‘‘താങ്കളുടെ സമ്മതപ്രകാരം 4 ലക്ഷം രൂപ നഷ്ടപരിഹാരമായി നിശ്ചയിച്ച് കേസ് ഒത്തുതീർപ്പാക്കിയിരിക്കുന്നു’’ - ജോയി ഞെട്ടി. അങ്ങനെയൊരു ഒത്തുതീർപ്പിനെക്കുറിച്ച് അറിഞ്ഞിട്ടുപോലുമില്ല. അഭിഭാഷക ആവശ്യപ്പെട്ടപ്പോൾ ഒപ്പിട്ടു നൽകിയ കടലാസുകളിലേതിലോ ഒന്നിൽ ഒത്തുതീർപ്പിനുള്ള തന്റെ സമ്മതം അവർ എഴുതിച്ചേർക്കുകയായിരുന്നുവെന്ന് ഉമ്മൻ ജോയി പറയുന്നു. വിമാനക്കമ്പനി ഉടമയും അഭിഭാഷകയും ചേർന്ന് ഒത്തുകളിച്ചെന്നാണു ഉമ്മൻ ജോയി  കരുതുന്നത്. ആ 4 ലക്ഷത്തിൽ 2 ലക്ഷം ഫീസായി അഭിഭാഷക വാങ്ങി. മകന്റെ മരണത്തിനു നഷ്ടപരിഹാരമായി ആ കുടുംബത്തിനു ലഭിച്ചത് 2 ലക്ഷം രൂപ!

plane-crush-place
വിമാനം തകർന്ന സ്ഥലം

തോരാതെ കണ്ണീർ

ജോയി ഫിലിപ്പിനെ ഡോക്ടറാക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. പക്ഷേ, പറക്കാനായിരുന്നു ചെറുപ്പം മുതൽ ജോയിക്കു താൽപര്യം. അബുദാബിയിൽ പിതാവിന്റെ ജോലി സ്ഥലത്തേക്കുള്ള ആദ്യ വിമാനയാത്രയിൽ വിമാനജീവനക്കാരോടു കെഞ്ചി മകൻ കോക്പിറ്റിന്റെ ഉൾവശം കണ്ടത് ഉമ്മൻ ജോയി ഓർക്കുന്നു. ഒടുവിൽ മകന്റെ ആഗ്രഹത്തിനു മാതാപിതാക്കൾ വഴങ്ങി. ചുനക്കരയിൽ രണ്ടിടത്തായുള്ള സ്ഥലം വിറ്റും കടം വാങ്ങിയുമാണു പഠനത്തിനുള്ള പണം കണ്ടെത്തിയത്.

‘‘മരിക്കുന്നതിന് 6 മാസം മുൻപ് ആ ചെറുവിമാനത്തിൽ കയറ്റി ബെംഗളൂരു നഗരത്തിനു മുകളിലൂടെ അവൻ എന്നെയും കൊണ്ടു പറന്നു. അപ്പൻ തന്ന ഒരു രൂപ പോലും ഞാൻ പാഴാക്കിയിട്ടില്ലെന്നു പറഞ്ഞു’’ മകന്റെ ഓർമകളിൽ ഉമ്മൻ ജോയിയുടെ തൊണ്ടയിടറി.

മരിച്ചുപോയ മകന്റെ നീതിക്കായി 81–ാം വയസ്സിലും ഓഫിസുകൾ കയറിയിറങ്ങുകയാണ് ഉമ്മൻ ജോയി. എഴുപത്തിയെട്ടുകാരിയായ ശോശാമ്മ 20 വർഷമായി കിടപ്പിലാണ്. പരസഹായമില്ലാതെ എഴുന്നേൽക്കാൻ പോലും വയ്യ. മകന്റെ ചിത്രം കാണുമ്പോഴേക്കും ശോശാമ്മയുടെ നിയന്ത്രണം പോകും; ചിലപ്പോൾ ബോധം കെടും. അതുകൊണ്ട്, ശോശാമ്മ കിടക്കുന്ന മുറിയിൽനിന്നു ജോയിയുടെ ഫോട്ടോ പോലും എടുത്തുമാറ്റി. പക്ഷേ, ഓർമകളെ എങ്ങോട്ടുമാറ്റും?

English Summary:

Sunday Special about joy Philip

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com