ADVERTISEMENT

കൊളംബോ ∙ ശ്രീലങ്കയിലെ പള്ളികളിൽ 2019 ഈസ്റ്റർ ദിനത്തിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കും പരുക്കേറ്റവർക്കും നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു കൊളംബോയിൽ മൗനജാഥ നടന്നു. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ സർക്കാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രസിഡന്റിന്റെ ഓഫിസിനു മുന്നിൽ സമരം നടത്തുന്നവർക്കൊപ്പം പ്രകടനക്കാരും ചേർന്നു.

കൊളംബോയിലെ 3 പള്ളികളിലായി നടന്ന സ്ഫോടനങ്ങളിൽ 270 പേരാണ് കൊല്ലപ്പെട്ടത്. 500 പേർക്ക് പരുക്കേറ്റു. ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റുമായി (ഐഎസ്) ബന്ധമുള്ള നാഷനൽ തവ്ഹീദ് ജമാഅത്ത് ആണ് ഭീകരാക്രമണം നടത്തിയത്. കഴിഞ്ഞ ഓഗസ്റ്റിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും കേസ് ഇഴഞ്ഞുനീങ്ങുകയാണെന്ന് പ്രതിഷേധക്കാർ കുറ്റപ്പെടുത്തി. കൊളംബോ ആർച്ച്ബിഷപ് മാ‍ൽകം കർദിനാൾ രൺജിതിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. കേസ് തേച്ചുമായ്ച്ചുകളയാൻ രാഷ്ട്രീയനീക്കം നടക്കുന്നതായും ആരോപിച്ചു.

ഐഎംഎഫിൽ നിന്ന് 400 കോടി ഡോളർ തേടി ശ്രീലങ്കൻ സംഘം

കൊളംബോ ∙ കടക്കെണിയിലായ രാജ്യത്തെ രക്ഷിക്കാൻ രാജ്യാന്തര നാണ്യ നിധിയായ ഐഎംഎഫിൽ നിന്ന് 400 കോടി ഡോളർ ധനസഹായം തേടാൻ പ്രതിനിധി സംഘം അമേരിക്കയിലേക്ക് തിരിച്ചു. പുതുതായി നിയമിക്കപ്പെട്ട ധനമന്ത്രി അലിസാബ്രിയുടെ നേതൃത്വത്തിലുള്ള സംഘം 19 മുതൽ 24 വരെ ഐഎംഎഫ് പ്രതിനിധികളുമായി ചർച്ച നടത്തും.
വിദേശ കടം തൽക്കാലം തിരിച്ചടയ്ക്കില്ലെന്ന് കഴിഞ്ഞ ചൊവ്വാഴ്ച സർക്കാർ തീരുമാനിച്ചിരുന്നു. നിലവിൽ 700 കോടി ഡോളർ വിദേശ കടമാണ് രാജ്യത്തിനുള്ളത്. 1948നു ശേഷം ആദ്യമായാണ് വിദേശകടം അടയ്ക്കുന്നതിൽ ശ്രീലങ്ക വീഴ്ച വരുത്തുന്നത്.

അതേസമയം രാജ്യത്ത് പലേടത്തും സമരം ശക്തമായി തുടരുന്നു. പാചകവാതകവും പെട്രോളും ലഭിക്കുന്ന സ്ഥലങ്ങളിൽ നീണ്ട നിരകളാണ് കാണപ്പെട്ടത്. തെക്കൻ തുറമുഖ നഗരമായ ഗോളിൽ സമരക്കാരുടെ പന്തൽ‌ പൊലീസ് പൊളിച്ചുമാറ്റി. 12 മണിക്കൂർ പവർ കട്ടും തുടരുകയാണ്.

English Summary: Sri Lankans demand justice three years after Easter massacre

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com