അൻവർ ഇബ്രാഹിം മലേഷ്യ പ്രധാനമന്ത്രി
Mail This Article
ക്വാലലംപുർ ∙ പൊതുതിരഞ്ഞെടുപ്പിൽ ഒരു മുന്നണിക്കും ഭൂരിപക്ഷമില്ലാത്തതിനെ തുടർന്നുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവിൽ മലേഷ്യയിൽ അൻവർ ഇബ്രാഹിം (75) പ്രധാനമന്ത്രിയായി അധികാരമേറ്റു. രാജാവ് സുൽത്താൻ അബ്ദുല്ല സുൽത്താൻ അഹമ്മദ് ഷാ ആണ് അൻവർ ഇബ്രാഹിമിനെ നിയമിച്ചത്.
രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാൻ രാജാവ് നേരിട്ട് ഇടപെടുകയായിരുന്നു. സർക്കാർ രൂപീകരിക്കാൻ ഏതൊക്കെ പാർട്ടികളാണ് ധാരണയിലെത്തിയതെന്നു വ്യക്തമായിട്ടില്ല. യുണൈറ്റഡ് മലായ് നാഷനൽ ഓർഗനൈസേഷൻ (യുഎംഎൻഒ) ഐക്യസർക്കാരിനു പിന്തുണ അറിയിച്ചിട്ടുണ്ട്. 222 അംഗ പാർലമെന്റിലേക്ക് 19ന് നടന്ന തിരഞ്ഞെടുപ്പിൽ പ്രധാനപ്പെട്ട 3 മുന്നണികൾക്കും ഭൂരിപക്ഷം ലഭിച്ചില്ല. അൻവർ ഇബ്രാഹിമിന്റെ പകാറ്റൻ ഹാരപൻ മുന്നണി 82 സീറ്റ് നേടി മുന്നിലെത്തി.
മുൻ പ്രധാനമന്ത്രി മുഹിയുദ്ദീൻ യാസിൻ നേതൃത്വം നൽകുന്ന ദേശീയ സഖ്യം 72 സീറ്റ് നേടി. 2 പ്രാദേശിക പാർട്ടികളുടെ പിന്തുണയോടെ മുഹിയുദ്ദീൻ യാസിൻ അധികാരത്തിലേറുമെന്നാണു പ്രതീക്ഷിച്ചിരുന്നത്. യുഎംഎൻഒ ഉൾപ്പെട്ട മുൻപ്രധാനമന്ത്രി ഇസ്മായിൽ സാബ്രി യാക്കൂബിന്റെ ബാരിസാൻ നാഷനൽ സഖ്യത്തിനു 30 സീറ്റു മാത്രമാണ് നേടാനായത്. പുതിയ ഐക്യസർക്കാരിനു പിന്തുണ പ്രഖ്യാപിക്കാനുള്ള ഈ സഖ്യത്തിന്റെ നീക്കം അപ്രതീക്ഷിതമാണ്.
പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന മലേഷ്യയെ കരകയറ്റുകയെന്ന ദൗത്യമാണ് അൻവർ ഇബ്രാഹിമിനു മുന്നിലുള്ളത്.
ബഹുസ്വര മലേഷ്യയുടെ വക്താവായി അറിയപ്പെടുന്ന അദ്ദേഹം, മഹാതീർ മുഹമ്മദിന്റെ അനുയായി എന്ന നിലയിലാണ് രാഷ്ട്രീയത്തിൽ അരങ്ങേറ്റം കുറിച്ചത്. ഉപപ്രധാനമന്ത്രിയായിരിക്കെ 1999 ൽ പുറത്താക്കപ്പെടുകയും അഴിമതിയും സ്വവർഗ ലൈംഗിക പീഡനക്കുറ്റവും ആരോപിക്കപ്പെട്ടു ജയിലിലാവുകയും ചെയ്തു. രണ്ടു ദശാബ്ദത്തോളം ജയിലിലും പുറത്തുമായിട്ടായിരുന്നു ജീവിതം. തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിനും വിലക്കുണ്ടായിരുന്നു.
English Summary: Anwar Ibrahim sworn in as Malaysian PM