ADVERTISEMENT

കീവ് ∙ യുക്രെയ്നിൽ തലസ്ഥാന നഗരമായ കീവിനു സമീപം ബ്രെവറിയിൽ ഹെലികോപ്റ്റർ നഴ്സറി സ്കൂൾ കെട്ടിടത്തിനു സമീപം തകർന്നുവീണു കത്തി ആഭ്യന്തര മന്ത്രി ഡെനിസ് മൊണാസ്റ്റിർസ്കിയും അദ്ദേഹത്തിന്റെ ഫസ്റ്റ് ഡപ്യൂട്ടി യെവീനി യെനിനും മന്ത്രാലയ സെക്രട്ടറി യൂറി ലുബ്‍കോവിച്ചും ഉൾപ്പെടെ 16 പേർ മരിച്ചു. ഹെലികോപ്റ്ററിലുണ്ടായിരുന്ന 9 പേരും നഴ്സറി സ്കൂളിലെ 3 കുട്ടികൾ ഉൾപ്പെടെ 7 പേരുമാണ് മരിച്ചത്. 12 കുട്ടികൾ ഉൾപ്പെടെ 30 പേർക്കു പരുക്കേറ്റു. നഴ്സറി കെട്ടിടത്തിന്റെ ഒരു ഭാഗം പൂർണമായി കത്തിനശിച്ചു. അപകടകാരണം വ്യക്തമായിട്ടില്ല. ഫ്രാൻസിൽ നിർമിച്ച സൂപ്പർ പ്യൂമ ഹെലികോപ്റ്ററാണിത്. 

ഇന്നലെ രാവിലെ കുട്ടികളും ജീവനക്കാരും നഴ്സറി സ്കൂളിൽ ഉണ്ടായിരുന്നപ്പോഴായിരുന്നു അപകടം. റഷ്യൻ അധിനിവേശത്തിനെതിരെ യുക്രെയ്നിന്റെ ചെറുത്തുനിൽപിൽ നിർണായക ചുമതല വഹിക്കുന്നയാളാണ് മന്ത്രി മൊണാസ്റ്റിർസ്കി. പൊലീസ്, എമർജൻസി സർവീസസ് എന്നിവയുടെ ചുമതലയുണ്ടായിരുന്ന അദ്ദേഹം നിയമ നിർവഹണകാര്യ പാർലമെന്ററി സമിതിയുടെ അധ്യക്ഷനുമായിരുന്നു. 

നിപ്രോയിൽ റഷ്യൻ മിസൈലേറ്റ് ഒരു ഭവന സമുച്ചയത്തിലെ 45 പേർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഹെലികോപ്റ്റർ ദുരന്തം. രാജ്യത്തിനു കനത്ത ആഘാതമാണ് ഈ ദുരന്തമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു. യുദ്ധത്തിനു യുക്രെയ്ൻ നൽകേണ്ടിവരുന്ന കനത്ത വിലയാണ് ഈ ഹെലികോപ്റ്റർ അപകടം കാണിക്കുന്നതെന്ന് ജർമനിയുടെ ചാൻസലർ ഒലാഫ് ഷോൾസ് ബർലിനിൽ പറഞ്ഞു. 

ഇതേസമയം, യുക്രെയ്നിൽ റഷ്യയുടെ വിജയം ഉറപ്പാണെന്ന് പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ മോസ്കോയിൽ പറഞ്ഞു. കിഴക്കൻ യുക്രെയ്നിൽ കനത്ത പോരാട്ടം തുടരുകയാണ്. ബഖ്മുത്തിൽ റഷ്യയുടെ മുന്നേറ്റം തടഞ്ഞതായി യുക്രെയ്ൻ അവകാശപ്പെട്ടു. യുക്രെയ്നിനു കൂടുതൽ അത്യാധുനിക ടാങ്കുകളും മറ്റും ഉടൻ നൽകാൻ പാശ്ചാത്യ രാജ്യങ്ങൾ തീരുമാനിച്ചു. കിഴക്കൻ യുക്രെയ്നിന്റെ ചില ഭാഗങ്ങൾ റഷ്യ സ്വന്തമാക്കിയത് അംഗീകരിക്കാതെ സമാധാന ചർച്ചയില്ലെന്ന് റഷ്യ വ്യക്തമാക്കിയിരുന്നു. 

English Summary: Ukraine Minister Among 16 Dead In Chopper Crash Near Kindergarten

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com