കൊലവിളിച്ച് ഇറാൻ ഭരണകൂടം; 26 ദിവസത്തിനുള്ളിൽ 55 പേരെ തൂക്കിലേറ്റി
Mail This Article
ടെഹ്റാൻ ∙ കഴിഞ്ഞ 26 ദിവസത്തിനുള്ളിൽ ഇറാൻ 55 പേരെ തൂക്കിക്കൊന്നതായി മനുഷ്യാവകാശ സംഘടനയായ ഇറാൻ ഹ്യൂമൻ റൈറ്റ്സ് (ഐഎച്ച്ആർ) വെളിപ്പെടുത്തി. രാജ്യത്ത് പ്രക്ഷോഭം നടത്തുന്നവർക്കിടയിൽ ഭീതി പടർത്താനാണ് വൻതോതിൽ വധശിക്ഷ നടപ്പാക്കുന്നതെന്നും നോർവേ ആസ്ഥാനമായ സംഘടന ആരോപിച്ചു. ഇതിൽ 4 പേരെ പ്രക്ഷോഭത്തിന്റെ പേരിലും ബാക്കി 37 പേരെ ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസുകളിലുമാണ് വധിച്ചതെന്ന് ഐഎച്ച്ആർ പറഞ്ഞു.
അതേസമയം, 18 വയസ്സുകാരൻ ഉൾപ്പെടെ 3 പേരെ തൂക്കിക്കൊന്നതിന്റെ വിശദാംശങ്ങൾ ആംനസ്റ്റി ഇന്റർനാഷനൽ പുറത്തുവിട്ടു. ജാവദ് റൗഹി (31), മെഹ്ദി മുഹമ്മദിഫാദ് (19), അർഷിയ തകദ്സ്ഥാൻ (18) എന്നിവരെ കടുത്ത പീഡനങ്ങൾക്കു ശേഷമാണ് വധിച്ചതെന്നും ആരോപിച്ചു.
പ്രക്ഷോഭവുമായി ബന്ധപ്പെട്ട 107 പേർ വധഭീഷണിയുടെ നിഴലിലാണെന്ന് ഐഎച്ച്ആർ പറയുന്നു. രാജ്യാന്തര പ്രതികരണം ഉയരാത്തതാണ് വധശിക്ഷ വർധിക്കാൻ കാരണമെന്ന് ഐഎച്ച്ആർ ഡയറക്ടർ മുഹമ്മദ് അമിറി മൊഹാദം പറഞ്ഞു.
ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് സദാചാര പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമിനി (22) മരിച്ചതിനെ തുടർന്ന് വനിതകളുടെ നേതൃത്വത്തിൽ തുടങ്ങിയ പ്രക്ഷോഭം നവംബറിനു ശേഷം തണുത്തുവെങ്കിലും നിലച്ചിട്ടില്ല.
English Summary: Iran has executed 55 people