ചൈനയുമായി 2 വർഷത്തിനകം യുദ്ധമെന്ന് യുഎസ് ജനറൽ
Mail This Article
വാഷിങ്ടൻ∙ ചൈനയുമായി 2025ൽ യുദ്ധമുണ്ടാകുമെന്നും അതിനായി തീവ്രപരിശീലനം നടത്തണമെന്നും യുഎസ് എയർഫോഴ്സ് ജനറൽ സേനാംഗങ്ങൾക്കു നൽകിയ നിർദേശം പുറത്ത്. ഒരു ലക്ഷത്തിലേറെ അംഗങ്ങളുള്ള യുഎസ് എയർ മൊബിലിറ്റി കമാൻഡിന്റെ മേധാവി ജനറൽ മൈക് മിനിഹന്റെ കത്താണു മാധ്യമങ്ങളിലൂടെ പുറത്തായത്.
തയ്‌വാൻ സംഘർഷം 2025ൽ അമേരിക്കയും ചൈനയും തമ്മിലുള്ള യുദ്ധത്തിൽ കലാശിക്കുമെന്നാണു മിനിഹൻ പറയുന്നത്. അതേസമയം ഇതു ചൈനയെ സംബന്ധിച്ച രാജ്യത്തിന്റെ നിലപാടല്ലെന്ന് യുഎസ് പ്രതിരോധഉദ്യോഗസ്ഥൻ പറഞ്ഞു. പെന്റഗണും വൈറ്റ് ഹൗസും പ്രതികരിച്ചിട്ടില്ല.
‘എന്റെ നിഗമനം തെറ്റാകട്ടെ, എന്റെ മനസ്സു പറയുന്നതു 2025ൽ യുദ്ധം നടക്കുമെന്നാണ്’ എന്നാണു മിനിഹന്റെ വാക്കുകൾ. തയ്‌വാനിൽ 2024ൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നതും ചൈന പ്രസിഡന്റ് ഷി ചിൻപിങ് യുദ്ധത്തിന് ഒരു കാരണമാക്കും. 2024ൽ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ തിരക്കിലാവും എന്നതും ചൈനയ്ക്കു സൗകര്യമാകും. 2022ൽ ഷി യുദ്ധസമിതിക്കു രൂപം നൽകിയതും 2025ൽ യുദ്ധമുണ്ടാകുമെന്നതിന്റെ സൂചനയായി മിനിഹൻ പറയുന്നു. ഫെബ്രുവരി 1 തീയതി വച്ചുള്ള കത്ത് വെള്ളിയാഴ്ചയാണ് പുറത്തായത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അടുത്തയാഴ്ച ചൈന സന്ദർശിക്കാനിരിക്കെയാണിത്.
കഴിഞ്ഞ 2 വർഷമായി ചൈനയുടെ യുദ്ധവിമാനങ്ങൾ തയ്‌വാൻ തീരത്തു തമ്പടിച്ചിട്ടുണ്ട്. യുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയുടെ തയ്‌വാൻ സന്ദർശനത്തിനോടുള്ള എതിർപ്പിൽ ഓഗസ്റ്റിൽ ചൈന സൈനിക അഭ്യാസം നടത്തുകയും ചെയ്തു. ചൈന തയ്‌വാനെ ആക്രമിച്ചാൽ യുഎസ് സൈന്യത്തോട് ഇടപെടാൻ നിർദേശിക്കുമെന്നു പ്രസിഡന്റ് ജോ ബൈഡനും പറഞ്ഞിരുന്നു. കഴിഞ്ഞ 2 വർഷത്തിനിടെ പല തവണ യുഎസ് സൈനിക മേധാവികൾ ചൈന തയ്‌വാനെതിരെ സൈനിക നടപടി നടത്താൻ പോകുന്നതായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുഎസ് സേനയുടെ തലപ്പത്തുള്ളവരുടെ വിലയിരുത്തലാണ് മിനിഹന്റെ വാക്കുകളിലൂടെ പുറത്തുവന്നതെന്നാണു സൂചന.
യുഎസിന്റെ ഇന്ത്യ–പസിഫിക് കമാൻഡിന്റെ ഉപമേധാവി എന്ന നിലയിൽ ചൈനയുമായി ഏതെങ്കിലും സംഘർഷമുണ്ടായാൽ സേനയെ നയിക്കേണ്ട ചുമതല വഹിച്ചിരുന്നയാളാണു മൈക് മിനിഹൻ.
അതിനാൽ നിലവിൽ ഈ വിഷയത്തിൽ ആധികാരികമായി പറയാൻ കഴിയുന്നയാളാണ് അദ്ദേഹമെന്നും ഇന്ത്യ – പസിഫിക് കമാൻഡിന്റെ മുൻ ഉപദേഷ്ടാവ് എറിക് സെയേഴ്സ് വിലയിരുത്തുന്നു.
English Summary: U.S. General Michael Minihan warns war with China possible in 2025