രഹസ്യരേഖക്കേസ്: ട്രംപിനെതിരെ കുറ്റം ചുമത്തി
Mail This Article
വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റായിരിക്കെ ഡോണൾഡ് ട്രംപ് അടക്കിവാണ ജസ്റ്റിസ് ഡിപ്പാർട്മെന്റ് തന്നെ പദവിയൊഴിഞ്ഞ പ്രസിഡന്റിനെ കേസിൽ കുടുക്കി. 2021 ജനുവരിയിൽ വൈറ്റ്ഹൗസ് വിട്ടു ഫ്ലോറിഡയിലെ മാരലഗോയിലുള്ള സ്വന്തം റിസോർട്ടിലേക്കു താമസം മാറ്റിയപ്പോൾ ഔദ്യോഗിക രഹസ്യരേഖകൾ കടത്തിയെന്ന കേസിൽ ട്രംപിനെതിരെ കുറ്റം ചുമത്തി.
മയാമിയിലുള്ള ഫെഡറൽ കോടതിയിൽ ചൊവ്വാഴ്ച അദ്ദേഹം ഹാജരാകണം. പ്രതിരോധ രഹസ്യങ്ങൾ കൈവശം വച്ചു, ഗൂഢാലോചന നടത്തി എന്നിങ്ങനെ 7 കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ആരോപണങ്ങൾ ട്രംപ് നിഷേധിച്ചു. രേഖകൾ സൂക്ഷിക്കാൻ വകുപ്പുണ്ടെന്നും ഇപ്പോൾ അവയ്ക്ക് രഹസ്യസ്വഭാവമില്ലെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.
മാരലഗോയിലെ വസതിയിൽനിന്ന് കെട്ടുകണക്കിനു രേഖകളാണ് എഫ്ബിഐ കഴിഞ്ഞ വർഷം കണ്ടെടുത്തത്.
ജയിൽശിക്ഷ വരെ കിട്ടിയേക്കാവുന്ന ഇത്തരമൊരു കേസിൽ ഇതാദ്യമാണ് ഒരു മുൻ പ്രസിഡന്റ് വിചാരണ നേരിടുന്നത്. അടുത്ത വർഷത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയായി മത്സരിക്കാൻ ഇതൊന്നും ട്രംപിനു തടസ്സമാകില്ല. ഡെമോക്രാറ്റ് സ്ഥാനാർഥിയായി മത്സരിക്കുന്ന പ്രസിഡന്റ് ജോ ബൈഡന്റെ രാഷ്ട്രീയ നീക്കമാണിതെന്ന് റിപ്പബ്ലിക്കൻ നേതാക്കൾ ആരോപിച്ചു.
രഹസ്യരേഖക്കേസും ട്രംപിന്റെ അനുയായികൾ ക്യാപ്പിറ്റൾ മന്ദിരം ആക്രമിച്ച് തിരഞ്ഞെടുപ്പു ഫലം അട്ടിമറിക്കാൻ ശ്രമിച്ച കേസും അന്വേഷിക്കുന്നത് കാർക്കശ്യത്തിനു പേരുകേട്ട പ്രോസിക്യൂട്ടർ ജാക്ക് സ്മിത്താണ്. ട്രംപിനെതിരെ കുറ്റം ചുമത്തുന്നത് ഇതു രണ്ടാം തവണയാണ്. രതിചിത്ര നടിയുമായുള്ള രഹസ്യബന്ധം പുറത്തുപറയാതിരിക്കാനുള്ള പണം കൈമാറാനായി ബിസിനസ് രേഖയിൽ തിരിമറി കാട്ടിയ കേസിൽ കഴിഞ്ഞ മാർച്ചിൽ കുറ്റം ചുമത്തിയിരുന്നു.
English Summary : Secret document case, Donald Trump indicted