ADVERTISEMENT

സെന്റ് ജോൺസ് (ന്യൂഫൗണ്ട്‌ലാൻഡ്) ∙ ക്ലോക്കിൽ കണ്ണുനട്ടിരുന്ന ആ മണിക്കൂറുകൾക്കൊടുവിൽ ലോകത്തെയാകെ കണ്ണീരിലാഴ്ത്തുന്ന വാർത്തയെത്തി – അറ്റ്ലാന്റിക്കിന്റെ ആഴങ്ങളിലെവിടെയോ നഷ്ടപ്പെട്ട സമുദ്രപേടകത്തിലെ 5 യാത്രക്കാരും കൊല്ലപ്പെട്ടു. വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലിറങ്ങിയ പേടകത്തിന്റെ ഉടമകളായ ഓഷൻ ഗേറ്റ് എക്സ്പെ‍ഡിഷൻസ് കമ്പനിയാണ് അർധരാത്രി പ്രസ്താവനയിറക്കിയത്. 

ദുബായിലെ ബ്രിട്ടിഷ് വ്യവസായിയും ആക്‌ഷൻ ഏവിയേഷൻ കമ്പനിയുടെ ചെയർമാനുമായ ഹാമിഷ് ഹാർഡിങ്, പാക്കിസ്ഥാനിലെ കറാച്ചി ആസ്ഥാനമായ ബഹുരാഷ്ട്രകമ്പനി എൻഗ്രോയുടെ വൈസ് ചെയർമാനും ശതകോടീശ്വരനുമായ ഷഹ്സാദ ദാവൂദ്, മകൻ സുലൈമാൻ, പേടകത്തിന്റെ പൈലറ്റ് ഫ്രഞ്ച് പൗരൻ പോൾ ഹെൻറി നാർസലേ, ഓഷൻ ഗേറ്റ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ സ്റ്റോക്ടൻ റഷ് എന്നിവരാണു പേടകത്തിലുണ്ടായിരുന്നത്.

അദ്ഭുതം സംഭവിക്കാമെന്ന പ്രതീക്ഷയിൽ രക്ഷാപ്രവർത്തനം തുടരുന്നതിനിടെ കടലിന്റെ അടിത്തട്ടിൽ ടൈറ്റാനിക് കപ്പലിനു സമീപത്തുനിന്ന് പേടകത്തിന്റേതെന്നു സംശയിക്കുന്ന അവശിഷ്ടങ്ങൾ കണ്ടതോടെതന്നെ യാത്രക്കാർ മരിച്ചെന്ന അഭ്യൂഹം പടർന്നിരുന്നു. വിക്ടർ 6000 റോബട്ടാണ് സമുദ്രോപരിതലത്തിൽനിന്ന് 4 കിലോമീറ്റർ താഴെ അവശിഷ്ടങ്ങൾ കണ്ടെത്തിയതെന്ന് യുഎസ് കോസ്റ്റ്ഗാർഡ് അറിയിച്ചു.

കാനഡ, യുഎസ്, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ വിമാനങ്ങളും കപ്പലുകളും റോബട്ടുകളും അഞ്ചാംദിവസവും തിരച്ചിലിൽ ഏർപ്പെട്ടിരുന്നു. കനേഡിയൻ കപ്പലിൽ നിന്നിറക്കിയ റോബട്ടും അടിത്തട്ടിലെത്തിയിരുന്നു. ഇതിനു പുറമേ, ജൂലിയറ്റ് എന്ന സമുദ്രപേടകം കൂടി ഇന്നലെ ഇറക്കി.

1912ൽ മഞ്ഞുമലയിൽ ഇടിച്ചു തകർന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ 5 യാത്രക്കാരുമായി ഞായറാഴ്ച വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലിറങ്ങിയ ഓഷൻഗേറ്റ് ടൈറ്റൻ പേടകമാണ് മാതൃകപ്പലായ പോളാർ പ്രിൻസുമായുള്ള ബന്ധം നഷ്ടപ്പെട്ട് കാണാതായത്. 

5 പേർക്ക് 96 മണിക്കൂർ നേരത്തേക്കുള്ള ശ്വാസവായു മാത്രമാണ് അപ്പോൾ പേടകത്തിലുണ്ടായിരുന്നത്. ആ കാലാവധി ഇന്നലെ ഉച്ചയോടെ അവസാനിച്ചു. ശബ്ദതരംഗങ്ങൾ ഉപയോഗിച്ചു തിരച്ചിൽ നടത്തിയ കനേഡിയൻ വിമാനം 2 ദിവസം മുൻപ് കടലിൽ നിന്നുള്ള മുഴക്കം പിടിച്ചെടുത്തതോടെ വലിയ പ്രതീക്ഷയിലായിരുന്നു ലോകം. കണ്ടെത്തിയാൽ ടൈറ്റൻ പേടകം ഉയർത്തിക്കൊണ്ടുവരാൻ ശേഷിയുള്ള സമുദ്രപേടകം യുഎസ് നേവി തയാറാക്കി നിർത്തിയിരിക്കെയാണ് ദുഃഖവാർത്തയെത്തിയത്.

English Summary: Oceangate Titan submersible imploded near titanic wreckage no survivors says us coast guard

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com