ADVERTISEMENT

വാഷിങ്ടൻ ∙ റിപ്പബ്ലിക്കൻ, ഡെമോക്രാറ്റ് പാർട്ടികൾ തമ്മിലുള്ള കടുത്ത അഭിപ്രായവ്യത്യാസത്തെ തുടർന്നു പ്രതിസന്ധിയിലായിരുന്ന ഫണ്ടിങ് ബിൽ പാസായി. ശനി രാത്രി 12നകം ബിൽ പാസായില്ലെങ്കിൽ ഭരണ പ്രതിസന്ധി ഉണ്ടാകുമായിരുന്ന സ്ഥിതിയിൽ അന്ന് ഉച്ചകഴിഞ്ഞാണ് ജനപ്രതിനിധിസഭ ബിൽ പാസാക്കിയത്. ഫെഡറൽ സർക്കാരിന്റെ ചെലവിനു പണം അനുവദിക്കുന്നതിനുള്ള ബിൽ പാസായതോടെ 40 ലക്ഷം വരുന്ന സർക്കാർ ജീവനക്കാർക്കു ശമ്പളം മുടങ്ങുന്നതുൾപ്പെടെയുള്ള പ്രതിസന്ധി ഒഴിവായി. റിപ്പബ്ലിക്കൻ പാർട്ടിക്കു ഭൂരിപക്ഷമുള്ള ജനപ്രതിനിധിസഭയിൽ സ്പീക്കർ കെവിൻ മക്കാർത്തി സ്വന്തം പാർട്ടിക്കാരുടെ കടുത്ത എതിർപ്പു മറികടന്ന് ഡെമോക്രാറ്റുകളുടെ സഹായത്തോടെയാണ് ബിൽ പാസാക്കിയത് (335–91). ഡെമോക്രാറ്റുകൾക്കു ഭൂരിപക്ഷമുള്ള സെനറ്റിൽ അനുകൂലമായി 88 പേരും എതിർത്ത് 9 പേരും വോട്ടു ചെയ്തു.

യുക്രെയ്നിനുള്ള സഹായം കുറച്ചും ദുരന്തങ്ങളിൽ പെടുന്നവർക്കുള്ള സഹായം 1600 കോടി ഡോളർ വർധിപ്പിച്ചുമാണ് ബിൽ പാസാക്കിയത്. നവംബർ 17 വരെ ചെലവിനുള്ള പണമാണ് അനുവദിച്ചത്. സർക്കാർ പ്രവർത്തനം നിലയ്ക്കുമെന്ന ഘട്ടം വന്നപ്പോൾ സ്പീക്കർ മക്കാർത്തി സ്വന്തം പാർട്ടിക്കാരുടെ കടുത്ത ആവശ്യങ്ങൾ തള്ളിയതോടെയാണു ദിവസങ്ങൾ നീണ്ട തർക്കത്തിനു പരിഹാരമായത്. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ഈയിടെ യുഎസ് സന്ദർശിച്ചപ്പോൾ ഇരുകക്ഷികളിലെയും പ്രമുഖർ സഹായ വാഗ്ദാനം നടത്തിയിരുന്നു. നിർണായകഘട്ടത്തിൽ യുക്രെയ്നിനെ കൈവിടാൻ യുഎസിനു കഴിയില്ലെന്നും സഹായം തുടരുന്നതിനുള്ള വഴികൾ തേടുമെന്നും പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.

വോട്ടിങ്ങിനിടെ ഫയർ അലാം

യുഎസ് കോൺഗ്രസിൽ ഫണ്ടിങ് ബിൽ വോട്ടെടുപ്പിനിടെ ഫയർ അലാം മുഴങ്ങിയത് ആശങ്കയുണ്ടാക്കി. ശനിയാഴ്ച ഉച്ചയോടെയാണ് കാനൻ ഹൗസ് ഓഫിസ് ബിൽഡിങ്ങിൽ ഫയർ അലാം മുഴങ്ങിയത്. പൊലീസ് ഉടൻ മുഴുവൻ പേരെയും ഒഴിപ്പിച്ച് പരിശോധന നടത്തി. അപകടകരമായൊന്നും ഇല്ലാത്തതിനാൽ ഒരു മണിക്കൂറിനുശേഷം അംഗങ്ങളെ മുഴുവൻ തിരിച്ചു സഭയിലെത്തിച്ച് വോട്ടെടുപ്പു തുടർന്നു. അന്വേഷണത്തിൽ റിപ്പബ്ലിക്കൻ പാർട്ടി അംഗം ജമാൽ ബൗമൻ ഫയർ അലാം വലിച്ചതായി കണ്ടെത്തി. വോട്ടു ചെയ്യാനുള്ള തിടുക്കത്തിൽ വേഗം  വാതിൽ തുറന്നപ്പോൾ അബദ്ധത്തിൽ സംഭവിച്ചതാണെന്നും വോട്ടെടുപ്പ് തടസ്സപ്പെടുത്താനുള്ള ശ്രമമല്ലായിരുന്നുവെന്നും ബൗമൻ പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുന്നു.

English Summary: Funding Bill passed; Governance crisis averted in US

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com