ഗാസയിൽ വെടിനിർത്തൽ, ബന്ദികളെയും തടവുകാരെയും കൈമാറിത്തുടങ്ങി; ഗാസയിലേക്ക് സഹായമെത്തുന്നു
Mail This Article
ജറുസലം ∙ നാലുദിവസത്തെ വെടിനിർത്തലിനു തുടക്കമായതോടെ, ഇസ്രയേൽ ആക്രമണത്തിൽ തകർന്നടിഞ്ഞ ഗാസയിലേക്കുള്ള മാനുഷിക സഹായങ്ങളുടെ വിതരണം ആരംഭിച്ചു. ബന്ദികളിലെയും പലസ്തീൻ തടവുകാരിലെയും ആദ്യസംഘത്തെ ഇന്നലെ ഉച്ചയ്ക്കുശേഷം കൈമാറി.
24 ബന്ദികളെ റെഡ്ക്രോസ് വഴിയാണ് ഹമാസ് കൈമാറിയത്. ഇതിൽ സ്ത്രീകളും കുട്ടികളുമടക്കം 13 ഇസ്രയേലുകാർക്കു പുറമേ 10 തായ്‌ലൻഡ് പൗരന്മാരും 1 ഫിലിപ്പീൻസ് പൗരനും ഉൾപ്പെടുന്നു. 24 സ്ത്രീകളും 15 കുട്ടികളും അടങ്ങുന്ന 39 പലസ്തീൻ തടവുകാരെ ഇസ്രയേലും മോചിപ്പിച്ചു. 7 ആഴ്ച നീണ്ട ആക്രമണങ്ങൾക്കുശേഷം ഗാസ താരതമ്യേന ശാന്തമായിരുന്നു ഇന്നലെ.
4 ദിവസം കഴിഞ്ഞാൽ ആക്രമണം പുനരാരംഭിക്കുമെന്നാണ് ഇരുപക്ഷത്തിന്റെയും നിലപാട്. പ്രതിദിനം 10 പേർ എന്ന കണക്കിൽ കൂടുതൽ ബന്ദികളെ മോചിപ്പിക്കുകയാണെങ്കിൽ വെടിനിർത്തൽ നീട്ടാമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞിട്ടുണ്ട്.