ഗാസയിൽ അവർക്കു പോകാനിടമില്ല; കൊല്ലപ്പെട്ടത് 15,200 പലസ്തീൻകാർ
Mail This Article
ഗാസ ∙ വടക്കൻ ഗാസയിൽനിന്ന് തെക്കോട്ടു നീങ്ങാൻ ജനങ്ങളോട് ആദ്യം ആവശ്യപ്പെട്ട ഇസ്രയേൽ ഇപ്പോൾ തെക്കൻ പ്രദേശങ്ങളും തകർക്കാൻ തുടങ്ങിയതോടെ ഇനിയെങ്ങോട്ടെന്നറിയാതെ നിസ്സഹായരായി നിൽക്കുകയാണു പലസ്തീൻ കുടുംബങ്ങൾ. തെക്കേയറ്റത്തെ റഫയിലേക്കു നീങ്ങാനാണു നിർദേശം.
സാധാരണ ജനങ്ങളെ വെറുതെ വിടണമെന്ന യുഎസ് ആവശ്യത്തിനു പിന്നാലെ ഗാസയിലെ ജനവാസമേഖലകളുടെ ഓൺലൈൻ ഭൂപടം ഇസ്രയേൽ പ്രസിദ്ധീകരിച്ചത് ആളുകൾക്കിടയിൽ കൂടുതൽ ആശയക്കുഴപ്പം സൃഷ്ടിച്ചു. എവിടേയ്ക്ക് ഒഴിയണം എന്നു വ്യക്തമാക്കുന്നില്ലെന്നു മാത്രമല്ല, ഓൺലൈനിൽ മാത്രം കിട്ടുന്ന ഭൂപടം കാണാൻ ഗാസയിൽ വൈദ്യുതിയോ ടെലികമ്യൂണിക്കേഷൻ സൗകര്യങ്ങളോ ഇല്ലെന്നും യുഎൻ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
പലസ്തീൻ സംഘടനയായ ഹമാസിന്റെ ഇസ്രയേൽ ആക്രമണത്തോടെ ഒക്ടോബർ ആദ്യവാരം ആരംഭിച്ച യുദ്ധത്തിൽ ഇതുവരെ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 15,200 കടന്നു. 40,000 പേർക്കു പരുക്കേറ്റു. കൊല്ലപ്പെട്ടവരിൽ 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണ്. ഗാസയാണ് ഭൂമുഖത്ത് കുട്ടികൾക്ക് ഏറ്റവും അപകടം പിടിച്ച സ്ഥലമെന്ന് ഇന്നലെയും ഐക്യരാഷ്ട്ര സംഘടന ആവർത്തിച്ചു. ഹമാസിന്റെ ആക്രമണത്തിൽ 1200 ഇസ്രയേൽകാർ കൊല്ലപ്പെട്ടിരുന്നു.
ഹമാസ് ബന്ദികളാക്കിയ 240 പേരിൽ 105 പേരെ വെടിനിർത്തലിന്റെ ഇടവേളയിൽ ഇസ്രയേലിനു കൈമാറിയിരുന്നു. 136 പേരെക്കൂടി മോചിപ്പിക്കാനുണ്ട്. ബന്ദികളുടെ പട്ടികയിൽ മരിച്ചവരും ഉൾപ്പെടുന്നെന്ന് ആരോപിച്ചാണ് വെടിനിർത്തൽ ചർച്ചയിൽ നിന്ന് ഇസ്രയേൽ പിന്മാറിയത്.
ക്രിസ്മസ് ആഘോഷം ഉപേക്ഷിച്ച് ബെത്‌ലഹം
ബത്‌ലഹം ∙ ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെ, ക്രിസ്തുവിന്റെ ജന്മസ്ഥലമായ ബെത്‌ലഹമിൽ ക്രിസ്മസ് ആഘോഷം വേണ്ടെന്നു വച്ചു. ആഘോഷവേളകളിലെ ശുശ്രൂഷകൾ നടക്കുന്ന നേറ്റിവിറ്റി സ്ക്വയറിൽ പതിവുപോലെ ക്രിസ്മസ് ട്രീ ഉണ്ടാകില്ല. കുടുംബങ്ങൾക്കിടയിൽ ആത്മീയതയുടെ പ്രകാശം പങ്കിടാനാകും ഈ ക്രിസ്മസ് വേള വിനിയോഗിക്കുകയെന്ന് സഭ അറിയിച്ചു.
ബത്‌ലഹമിൽനിന്ന് 50 കിലോമീറ്റർ മാത്രം അകലെയാണ് ഗാസ. കോവിഡ് മഹാമാരിയുടെ കാലത്തു പോലും തെരുവുകൾ ഇത്രയും വിജനമായിരുന്നില്ലെന്ന് ബത്‌ലഹം നിവാസികൾ പറയുന്നു.