ADVERTISEMENT

ഗാസ ∙ ഗാസയിൽ വെടിനിർത്തലും സമാധാനവും ഇനിയും അകലെ. യുദ്ധം അവസാനിപ്പിക്കാനും വെടിനിർത്തൽ നടപ്പാക്കാനുമുള്ള ഐക്യരാഷ്ട്ര സംഘടനയുടെ ശ്രമം ഇസ്രയേലിന്റെ സഖ്യരാഷ്ട്രമായ യുഎസ് തടഞ്ഞു. വെടിനിർത്തൽ ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സമിതിയിൽ യുഎഇ അവതരിപ്പിച്ച കരട് പ്രമേയത്തെയാണ് യുഎസ് വീറ്റോ ചെയ്തത്. ഇസ്രയേലിനെ അനുകൂലിക്കുന്ന മറ്റൊരു വീറ്റോ രാഷ്ട്രമായ ബ്രിട്ടൻ വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കുകയും ചെയ്തു. 15 അംഗ സമിതിയിലെ ബാക്കിയെല്ലാവരും പ്രമേയത്തെ അനുകൂലിച്ചു. 

നേരത്തേ തീരുമാനിച്ചതിലും മണിക്കൂറുകൾ വൈകി വെള്ളിയാഴ്ച വൈകിട്ടാണു വോട്ടെടുപ്പു നടന്നത്. പ്രമേയത്തെ എതിർത്ത യുഎസ് ഗാസയിലെ കുഞ്ഞുങ്ങളുടെ കൂട്ടക്കുരുതിക്ക് ഉത്തരവാദിയാകുകയാണെന്ന് പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ് പറഞ്ഞു. യുഎസിന്റേത് അധാർമിക നടപടിയാണെന്ന് ഹമാസ് പ്രതികരിച്ചു. യുഎസിന്റെ എതി‍ർപ്പു മൂലം വെടിനിർത്തൽ പ്രമേയം പരാജയപ്പെടുന്നത് ഇതാദ്യമല്ല. യുദ്ധം നിർത്തിയാൽ ഹമാസ് ശക്തി സംഭരിച്ച് വീണ്ടും ആക്രമണങ്ങൾക്കു മുതിരുമെന്ന വാദമാണ് അവർ ഉന്നയിക്കുന്നത്.

ഇതേസമയം, ഗാസയിലെ യുദ്ധം വീണ്ടും രൂക്ഷമായി. തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ ഇസ്രയേൽ ബോംബ് ആക്രമണം തുടരുന്നു. 2 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഗാസയിലെ വലിയ നഗരങ്ങളിലൊന്നായ ഖാൻ യൂനിസ് കേന്ദ്രീകരിച്ചാണ് കഴിഞ്ഞ ഏതാനും ദിവസമായി ഇസ്രയേൽ ആക്രമണം നടത്തുന്നത്. യുദ്ധത്തിനിടെ ആളുകൾക്ക് സുരക്ഷിതമായി കഴിയാൻ ഇസ്രയേൽ നിർദേശിച്ചയിടമായ അൽ മവാസിയിൽ സ്ഥിതി രൂക്ഷമായി തുടരുന്നു. അടിസ്ഥാന സൗകര്യങ്ങളില്ലാതെ വൃത്തിഹീ‌നമായ ക്യാംപുകളും അവശ്യവസ്തുക്കളുടെ ക്ഷാമവും ഇവിടെയെത്തിയവർക്കു ദുരിതമായി. 

ഇസ്രയേൽ മധ്യഗാസയിൽ നടത്തിയ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കൊല്ലപ്പെട്ടു. മധ്യഗാസയിലെ ദെയ്ർ അൽ ബാലഹിലുള്ള ആശുപത്രിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 71 പേരെയാണ് കൊല്ലപ്പെട്ട നിലയിൽ എത്തിച്ചത്. ഖാൻ യൂനിസിലെ ആക്രമണങ്ങൾക്കു പിന്നാലെ അവിടത്തെ നാസർ ആശുപത്രിയിൽ 71 മൃതദേഹങ്ങളെത്തി. വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ സേന കൗമാരക്കാരനെ വധിച്ചതായി പലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.  

ഇതിനിടെ, സിറിയയിൽ ഇസ്രയേൽ നടത്തിയ ഡ്രോണാക്രമണത്തിൽ ഹിസ്ബുല്ല പ്രവർത്തകരായ 3 പേർ കൊല്ലപ്പെട്ടു. ഇസ്രയേലിന്റെ 2000 സൈനികർ യുദ്ധത്തിൽ പരുക്കേറ്റ് ഇനി സേവനം ചെയ്യാൻ കഴിയാതെ അയോഗ്യരാക്കപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോ‌ർട്ട് ചെയ്തു. ഒക്ടോബർ 7നു യുദ്ധം തുടങ്ങിയതു മുതൽ ഇസ്രയേലിന്റെ 5000 സൈനികർക്കാണു പരുക്കേറ്റത്. 

ഇതേസമയം, വെടിനിർത്തൽ ആവശ്യപ്പെട്ടും പലസ്തീൻകാർക്കു പിന്തുണയറിയിച്ചും യുഎസിലും യൂറോപ്പിലും ഏഷ്യയിലും ലാറ്റിനമേരിക്കയിലും പ്രകടനങ്ങൾ നടന്നു. ഇസ്രയേൽ ഗാസയിൽ നടത്തുന്ന വ്യോമാക്രമണത്തിൽ കൊല്ലപ്പെടുന്ന സാധാരണക്കാരുടെ ഭീമമായ എണ്ണം വ്യക്തമാക്കി ഇസ്രയേൽ പത്രമായ ഹഅരെറ്റ്സ് പുറത്തുവിട്ട കണക്കുകൾ ഞെട്ടിപ്പിക്കുന്നതായി.

വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെടുന്ന 61% പേരും സാധാരണ ജനങ്ങളാണെന്നാണ് ഹഅരെറ്റ്സ് പഠനം പറയുന്നത്. ഇസ്രയേൽ സൈന്യം ജനവാസ മേഖലകൾ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നതായി ഏതാനും ദിവസം മുൻപ് 2 വാർത്താ വെബ്സൈറ്റുകൾ തെളിവു സഹിതം കണക്കുകൾ പുറത്തു വിട്ടിരുന്നു.

സൗദി – യുഎസ് ചർച്ച; സമാധാനത്തിന് ആഹ്വാനം

റിയാദ് ∙ ഇസ്രയേൽ-ഹമാസ് യുദ്ധം മേഖലയിലും രാജ്യാന്തര തലത്തിലും സമാധാനത്തിനും സുരക്ഷയ്ക്കും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ സംബന്ധിച്ച് സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാനും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും ചർച്ച നടത്തി. ഇന്നലെ രാവിലെ വാഷിങ്ടനിലായിരുന്നു കൂടിക്കാഴ്ച. പലസ്തീൻ ജനതയ്ക്ക് ന്യായമായ അവകാശങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും സ്ഥിരത വീണ്ടെടുക്കുന്നതിനും സമാധാന പ്രക്രിയ പുനഃസ്ഥാപിക്കുന്നതിനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കണമെന്ന് ഫൈസൽ ബിൻ ഫർഹാൻ ആവശ്യപ്പെട്ടു. യുഎസിലെ സൗദി സ്ഥാനപതി റീമ ബിൻത് ബന്ദർ രാജകുമാരിയും യോഗത്തിൽ പങ്കെടുത്തു.

English Summary:

Israel - Hamas war: US vetoos UN resolution urging Gaza ceasefire

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com