ADVERTISEMENT

ജറുസലം ∙ വെടിനിർത്തണമെന്ന രാജ്യാന്തര അഭ്യർഥന തള്ളിയ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, ഗാസയിലെ ആക്രമണം മാസങ്ങളോളം തുടരുമെന്നു വ്യക്തമാക്കി. ഹമാസിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യം നേടാൻ സമയമെടുക്കുമെന്നതിനാൽ യുദ്ധം നീളുമെന്ന് ഇസ്രയേൽ സൈനിക മേധാവി കഴിഞ്ഞ ദിവസം പറഞ്ഞതുതന്നെയാണു ടിവി പ്രസംഗത്തിൽ നെതന്യാഹു ആവർത്തിച്ചത്. 

ഗാസയിലെ രണ്ടാമത്തെ വലിയ നഗരമായ ഖാൻ യൂനിസിലാണു ഇസ്രയേൽ ടാങ്കുകൾ ഇപ്പോൾ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇവിടെ ഹമാസുമായുള്ള തെരുവുയുദ്ധം തുടരുന്നതിനിടെ  സെൻട്രൽ ഗാസയിലെ അഭയാർഥിക്യാംപുകളിലടക്കം കനത്ത ബോംബാക്രമണമാണു കഴിഞ്ഞ രാത്രിയിലും ഇസ്രയേൽ നടത്തിയത്. അധിനിവേശ വെസ്റ്റ്ബാങ്കിലെ തുൽകരീം, നൂർ ഷംസ് അഭയാർഥിക്യാംപുകളിൽ നടത്തിയ വെടിവയ്പിൽ 17 പേർക്കു പരുക്കേറ്റു. 

ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ 21,822 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഇതിൽ 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണ്. ഗാസയിലെ 40% ജനങ്ങളും പകർച്ചവ്യാധി ഭീഷണിയിലാണെന്നു ഐക്യരാഷ്ട്ര സംഘടനയുടെ പലസ്തീൻ അഭയാർഥി ഏജൻസി അറിയിച്ചു. മാസങ്ങളായി തുടരുന്ന ബോംബാക്രമണം മൂലം 70% വീടുകളും തകർന്നതായി ഗാസ അധികൃതർ അറിയിച്ചു.

കപ്പൽവഴി ഗാസയിലേക്ക് സഹായമെത്തും

ജറുസലം ∙ ഗാസയിലേക്കു കപ്പൽ വഴി ജീവകാരുണ്യ സഹായമെത്തിക്കാൻ ഇസ്രയേൽ അനുമതി നൽകി. സൈപ്രസ് തുറമുഖമായ ലർനാകയിൽനിന്നു പുറപ്പെടുന്ന കപ്പൽ 370 കിലോമീറ്റർ അകലെയുള്ള ഗാസ തീരത്തെത്തും. 4 യൂറോപ്യൻ രാജ്യങ്ങളുടെ നേതൃത്വത്തിലുള്ള ദൗത്യത്തിനാണ് അനുമതിയെന്ന് ഇസ്രയേൽ വിദേശകാര്യമന്ത്രി അറിയിച്ചു. 

2007 ൽ ഗാസയുടെ ഭരണം ഹമാസിനു ലഭിച്ചതിനുശേഷം ഇതാദ്യമായാണു മെഡിറ്ററേനിയൻ സമുദ്രപാത ഇസ്രയേൽ തുറന്നുകൊടുക്കുന്നത്. ഇസ്രയേൽ ഉപരോധം മൂലം ഈജിപ്ത് വഴിയാണു നിലവിൽ ഗാസയിലേക്കുള്ള സഹായങ്ങൾ എത്തുന്നത്. ബ്രിട്ടൻ, ഫ്രാൻസ്, ഗ്രീസ്, നെതർലൻഡ്സ് എന്നീ രാജ്യങ്ങളുടെ കപ്പലുകളാണു ഗാസതീരത്തു സഹായമെത്തിക്കുക.

English Summary:

Gaza: Benjamin Netanyahu says war will continue for months

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com