സഖ്യ സർക്കാരുണ്ടാക്കാൻ ഷരീഫ്; പിടിഐ സ്വതന്ത്രർക്ക് 101 സീറ്റ്
Mail This Article
ഇസ്‍ലാമാബാദ് ∙ പാക്കിസ്ഥാനിൽ സർക്കാരുണ്ടാക്കാൻ ശ്രമിക്കുന്ന മുൻ പ്രധാനമന്ത്രിയും പാക്കിസ്ഥാൻ മുസ്‍ലിം ലീഗ് (പിഎംഎൽ–എൻ) നേതാവുമായ നവാസ് ഷരീഫ്, ഇമ്രാൻ ഖാന്റെ പിടിഐ ഒഴികെയുള്ള പാർട്ടികളെ സഖ്യത്തിനു ക്ഷണിച്ചു. ഈ മാസം 8നു നടന്ന തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ഇതിനിടെ, സ്വതന്ത്ര അംഗം സർദാർ ഷംസീർ മസാരി മുസ്‍ലിം ലീഗിൽ ചേർന്നു. കഴിഞ്ഞ ദിവസവും പിടിഐ പിന്തുണയോടെ ജയിച്ച മറ്റൊരു സ്വതന്ത്രൻ ലീഗിൽ ചേർന്നിരുന്നു.
തിരഞ്ഞെടുപ്പു കമ്മിഷൻ ഫലം ഔദ്യോഗികമായി പുറത്തുവിട്ടു. ഇതനുസരിച്ച് 336 അംഗ ദേശീയ അസംബ്ലിയിൽ സംവരണ സീറ്റുകളൊഴികെയുള്ള 265 സീറ്റിൽ നടന്ന തിരഞ്ഞെടുപ്പിൽ പിടിഐ പിന്തുണയുള്ള സ്വതന്ത്രർക്ക് 101 സീറ്റ് ലഭിച്ചു. പിഎംഎൽ–എൻ 75 സീറ്റുമായി രാഷ്ട്രീയ കക്ഷികളിൽ ഒന്നാമതെത്തി. മുൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ സർദാരിയുടെ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിക്ക് (പിപിപി) 54 സീറ്റുണ്ട്.
മുത്തഹിദ ക്വാമി മൂവ്മെന്റ് –പാക്കിസ്ഥാൻ (എംക്യുഎം–പി) – 17, ജംഇയ്യത്തുൽ ഉലമാഇൽ ഇസ്‍ലാം (ജെയുഐ)– 4, പിഎംഎ–ക്യു– 3, ഐപിപി–2, ബിഎൻപി–2 എന്നിങ്ങനെയാണ് മറ്റു കക്ഷികളുടെ സീറ്റു നില. പ്രവിശ്യാ അസംബ്ലികളിൽ പിഎംഎൽ–എൻ 227 സീറ്റുമായി ഏറ്റവും വലിയ കക്ഷിയായി. പിപിപിക്ക് 160 സീറ്റുണ്ട്. എംക്യുഎം–പി 45 സീറ്റ്. 24 ദേശീയ അസംബ്ലി സീറ്റുകളിൽ വിജയികൾക്കു ലഭിച്ച ഭൂരിപക്ഷത്തേക്കാൾ കൂടുതലാണ് തിരസ്കരിക്കപ്പെട്ട വോട്ടുകൾ. ഇവിടെയെല്ലാം സ്ഥാനാർഥികൾ കോടതിയെ സമീപിച്ചിട്ടുണ്ട്.
സൈന്യത്തിന്റെ പിന്തുണയുള്ള നവാസ് ഷരീഫിന്റെ നേതൃത്വത്തിൽ പിഎംഎൽ–എൻ സഖ്യ സർക്കാരിനു സാധ്യത തെളിഞ്ഞിട്ടുണ്ട്. പിപിപി, എംക്യുഎം–പി പിന്തുണ ഉറപ്പാക്കിയ ഷരീഫ് കൂടുതൽ സ്വതന്ത്രരെ ഒപ്പം കൂട്ടാൻ ശ്രമിക്കുന്നു. പ്രധാനമന്ത്രി സ്ഥാനം ഷരീഫിനായിരിക്കും. പ്രസിഡന്റ്, സ്പീക്കർ സ്ഥാനം പിപിപിക്കും ഡപ്യൂട്ടി സ്പീക്കർ സ്ഥാനം എംക്യുഎം–പിക്കും ലഭിച്ചേക്കും.
പിഎംഎൽ–എൻ, പിപിപി പാർട്ടികളുമായി ചേർന്ന് സർക്കാരുണ്ടാക്കാനില്ലെന്ന് പിടിഐ വ്യക്തമാക്കി. ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കുമെന്ന് പാർട്ടി നേതാവ് ബാരിസ്റ്റർ ഗോഹർ അലി ഖാൻ പറഞ്ഞു.