പാക്കിസ്ഥാനിൽ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ആവശ്യം തള്ളി; ഹർജിക്കാരന് 5 ലക്ഷം രൂപ പിഴ ചുമത്തി
Mail This Article
ഇസ്‌ലാമാബാദ് ∙ പാക്കിസ്ഥാനിൽ ഈ മാസം 8നു നടന്ന തിരഞ്ഞെടുപ്പിൽ വ്യാപകമായ ക്രമക്കേട് നടന്നതിനാൽ റദ്ദ് ചെയ്ത് വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെടുന്ന ഹർജി സുപ്രീം കോടതി തള്ളി. കോടതിയിൽ ഹാജരാകാതിരുന്നതിന് ഹർജിക്കാരൻ റിട്ട. ബ്രിഗേഡിയർ അലി ഖാന് 5 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു.
ഇതിനിടെ, ദിവസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ സഖ്യ സർക്കാരുണ്ടാക്കാൻ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയും (പിപിപി) പാക്കിസ്ഥാൻ മുസ്ലിം ലീഗ് നവാസും (പിഎംഎൽഎൻ) കഴിഞ്ഞദിവസം ധാരണയായി. പിഎംഎൽ–എൻ പ്രസിഡന്റ് ഷഹബാസ് ഷെരീഫ് (72) വീണ്ടും പ്രധാനമന്ത്രിയാകുമെന്നു പിപിപി ചെയർമാൻ ബിലാവൽ ഭൂട്ടോ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പിനു തൊട്ടു മുൻപ് 16 മാസം ഷഹബാസ് പ്രധാനമന്ത്രി ആയിരുന്നു. പിപിപി കോ ചെയർമാൻ ആസിഫ് അലി സർദാരി പ്രസിഡന്റാവും.
17 അംഗങ്ങളുള്ള മുത്താഹിദ ക്വാമി മൂവ്മെന്റ് (പാക്കിസ്ഥാൻ) സഖ്യത്തിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്തെക്വാമി പാക്കിസ്ഥാൻ പാർട്ടി, പാക്കിസ്ഥാൻ മുസ്ലിം ലീഗ് – ക്വായിദ് എന്നീ പാർട്ടികളും സർക്കാരിൽ ചേരും.