ഒഴിയാതെ പട്ടിണിയും ക്ഷാമവും എങ്ങുമെത്താതെ ഗാസ ചർച്ചകൾ; മരണം 30,000 അടുക്കുന്നു
Mail This Article
ഗാസ ∙ വടക്കെന്നോ തെക്കെന്നോ ഇല്ലാതെ ഗാസയിൽ യുദ്ധം അതിരൂക്ഷം. വെടിനിർത്തൽ പ്രതീക്ഷകൾ അനന്തമായി നീളുന്നതിനിടെ ഇസ്രയേൽ സേനയും ഹമാസും തമ്മിലുള്ള പോരാട്ടം മൂലം ഗാസയിലെമ്പാടും ജനങ്ങൾ നേരിടുന്ന ദുരിതത്തിനും പട്ടിണിക്കും പരിഹാരമില്ല. വടക്കൻ ഗാസയിൽ പട്ടിണിയിലായ പലസ്തീൻ കുടുംബങ്ങളിലൊന്നിലെ നവജാത ശിശു മരിച്ചു. പട്ടിണിയുണ്ടാക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നതും യുദ്ധതന്ത്രമാക്കുകയാണെന്ന് ഇസ്രയേലിനെതിരെ വിമർശനം ശക്തമായിരിക്കെയാണിത്.
അതിർത്തിക്കപ്പുറം ഭക്ഷണവുമായി ട്രക്കുകൾ കാത്തുകിടക്കുകയാണെന്നും യുദ്ധം മൂലം അവയ്ക്കു ഗാസയിൽ പ്രവേശിക്കാൻ ആകുന്നില്ലെന്നും യുഎന്നിന്റെ വേൾഡ് ഫുഡ് പ്രോഗ്രാം മേധാവി സമീർ അബ്ദുൽ ജാബീർ പറഞ്ഞു. കുഞ്ഞുങ്ങളുടെ വിശപ്പകറ്റാൻ പോലുമാകാതെ കൊടുംപട്ടിണിയിൽ നരകിക്കുന്നതിലും ഭേദം യുദ്ധത്തിൽ കൊല്ലപ്പെടുന്നതാണെന്നു ചിന്തിപ്പിക്കുംവിധം ദയനീയമാണു സ്ഥിതിയെന്ന് ഗാസക്കാർ പറയുന്നു.
വടക്കൻ ഗാസയിലെ ബെയ്ത്ത് ലഹിയയിൽ വീടിനു നേരെ ഇസ്രയേൽ സൈന്യം നടത്തിയ ഷെല്ലിങ്ങിൽ 10 പേർ കൊല്ലപ്പെട്ടു. 24 മണിക്കൂറിനിടെ 86 പേർ കൊല്ലപ്പെട്ടു. യുദ്ധം ആരംഭിച്ച ഒക്ടോബർ 7 മുതൽ ഇതുവരെ 29,692 പേരാണു കൊല്ലപ്പെട്ടത്. 69,879 പേർക്കു പരുക്കേറ്റു.
ഇതിനിടെ, ഇസ്രയേലുകാരെ വെസ്റ്റ് ബാങ്കിൽ താമസിപ്പിക്കാനായി 3300 വീടുകൾ നിർമിക്കാനുള്ള പദ്ധതിയുമായി ഇസ്രയേൽ സർക്കാർ മുന്നോട്ടു നീങ്ങുകയാണെന്നു റിപ്പോർട്ടുകളുണ്ട്. വെടിനിർത്തൽ ചർച്ചകൾ വരുംദിവസങ്ങളിൽ ദോഹയിൽ തുടരും.