ലബനനിൽ ഹിസ്ബുല്ല മേഖലയിൽ കടന്ന് ഇസ്രയേൽ വ്യോമാക്രമണം
Mail This Article
ബെയ്റൂട്ട് ∙ ലബനനിലെ ഹിസ്ബുല്ല സ്വാധീന മേഖലയായ ബെക്കാ താഴ്‍വരയിൽ ഇസ്രയേൽ ശക്തമായ വ്യോമാക്രമണം നടത്തി. അതിർത്തിയിൽ നിന്ന് 18 കിലോമീറ്റർ കടന്ന് നടത്തിയ ആക്രമണത്തിൽ 2 ഹിസ്ബുല്ല പ്രവർത്തകർ കൊല്ലപ്പെട്ടു. ഹിസ്ബുല്ലയുടെ മിസൈൽ കേന്ദ്രം തകർത്തതായി ഇസ്രയേൽ സേന അവകാശപ്പെട്ടു. ഈ മേഖലയിൽ നിരീക്ഷണം നടത്തിയിരുന്ന ഇസ്രയേലി ഡ്രോൺ ഹിസ്ബുല്ല വീഴ്ത്തിയതിനു പിന്നാലെ ആയിരുന്നു വ്യോമാക്രമണം. ഒക്ടോബർ 7 ആക്രമണത്തെ തുടർന്ന് ഹമാസിനെതിരെ ഇസ്രയേൽ ഗാസയിൽ യുദ്ധം ആരംഭിച്ചശേഷം ഇതാദ്യമാണ് ലബനനിലേക്കു കടന്നുകയറി ഇസ്രയേൽ ആക്രമണം നടത്തുന്നത്.
ഇതേസമയം, യുദ്ധാനന്തര ഗാസയിലെ രാഷ്ട്രീയ സംവിധാനം സംബന്ധിച്ച് ധാരണയിലെത്താൻ സഹായിക്കുന്നതിനായി വെസ്റ്റ് ബാങ്കിലെ പലസ്തീൻ അതോറിറ്റി പ്രധാനമന്ത്രി മുഹമ്മദ് ഷതയ്യ രാജി നൽകി. ഗാസയിലെ സംഘർഷം അവസാനിപ്പിക്കാൻ യുഎസ്‍ നേതൃത്വത്തിൽ നടക്കുന്ന ശ്രമങ്ങളുടെ ഭാഗമായാണിത്. കാവൽ സർക്കാരായി തുടരാൻ ഷതയ്യയോട് പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മുഹമ്മദ് അബ്ബാസ് ആവശ്യപ്പെട്ടിട്ടുണ്ട്.
2007ൽ പലസ്തീൻ അതോറിറ്റിക്കു ഗാസയുടെ നിയന്ത്രണം നഷ്ടപ്പെട്ടശേഷം ഹമാസാണ് അവിടെ ഭരിക്കുന്നത്. വെടിനിർത്തൽ – ബന്ദി കൈമാറ്റ ചർച്ചകൾ തുടരുന്നതിനായി ഉന്നതതല ഇസ്രയേൽ സംഘം ഖത്തറിനു തിരിച്ചിട്ടുണ്ട്. യുഎൻ കോടതി ഉത്തരവുകൾ മാനിക്കാതെ ഇസ്രയേൽ ഗാസയിലേക്കു സഹായം എത്തിക്കുന്നതു തടസ്സപ്പെടുത്തുന്നതായി ഹ്യൂമൻ റൈറ്റ്സ് വാച്ച് ആരോപിച്ചു. ഇസ്രയേൽ യുഎൻ കോടതി വിധി മാനിക്കണമെന്നും സംഘടന അഭ്യർഥിച്ചു.