യുദ്ധം 6–ാം മാസത്തിലേക്ക്; ഗാസ പട്ടിണിമരണ ഭീതിയിൽ
Mail This Article
ജറുസലം ∙ ഗാസ യുദ്ധം ആറാം മാസത്തിലേക്കു പ്രവേശിക്കുമ്പോൾ, റഫ അടക്കം മേഖലകളിൽ ആക്രമണം ശക്തമാക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രഖ്യാപിച്ചു. റമസാൻ വ്രതാരംഭത്തിനു മുൻപേ വെടിനിർത്തലുണ്ടാകുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ച കയ്റോ ചർച്ച ഇസ്രയേൽ നിസ്സഹകരിച്ചതോടെയാണു പരാജയപ്പെട്ടത്. ഹമാസ് പ്രതിനിധി സംഘം ഇന്നലെ മടങ്ങി. അതേസമയം, ചർച്ച അടുത്തയാഴ്ച പുനരാരംഭിക്കുമെന്നും റിപ്പോർട്ടുണ്ട്.
5 മാസം പിന്നിടുന്ന യുദ്ധത്തിൽ 75% ജനങ്ങളും വീടുവിട്ടു പലായനം ചെയ്ത ഗാസയിൽ മുഴുപ്പട്ടിണിയാണ്. അടിസ്ഥാനസൗകര്യങ്ങൾ തകർന്നടിഞ്ഞ അവിടേക്കു സൗജന്യഭക്ഷണവും മരുന്നും എത്തിക്കുന്ന യുഎൻ ഏജൻസികളെ ഇസ്രയേൽ സൈന്യം തടയുന്നതു സ്ഥിതി ഗുരുതരമാക്കുന്നു. മധ്യഗാസയിൽ ഇസ്രയേൽ ഇന്നലെ നടത്തിയ ബോംബിങ്ങിൽ 15 പേർ കൊല്ലപ്പെട്ടു. ഇതുവരെ 30,800 പലസ്തീൻകാരാണ് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 72,198 പേർക്കു പരുക്കേറ്റു.
അതേസമയം, അധിനിവേശ വെസ്റ്റ് ബാങ്കിലെയും കിഴക്കൻ ജറുസലമിലെയും അനധികൃത ഇസ്രയേൽ കുടിയേറ്റക്കാരുമായി സാമ്പത്തിക ബന്ധങ്ങൾ പാടില്ലെന്ന് നോർവീജിയൻ കമ്പനികൾക്കു നോർവേ സർക്കാർ നിർദേശം നൽകി. വെസ്റ്റ് ബാങ്കിലെ ഇസ്രയേൽ കുടിയേറ്റം രാജ്യാന്തരനിയമങ്ങളുടെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. പലസ്തീനു യുഎൻ അംഗത്വം നൽകുന്നതിനെ രക്ഷാസമിതിയിലെ മറ്റ് അംഗങ്ങളും പിന്തുണയ്ക്കണമെന്ന് ചൈന ആവശ്യപ്പെട്ടു.
പട്ടിണി മരണം തടയാൻ അടിയന്തര വെടിനിർത്തലിന് യുഎൻ രാജ്യാന്തരക്കോടതി (ഐസിജെ) ഉത്തരവിടണമെന്ന് ദക്ഷിണാഫ്രിക്ക ആവശ്യപ്പെട്ടു. ജോർദാനുമായി ചേർന്ന് യുഎസ് ഇന്നലെ ഗാസയിൽ സൗജന്യഭക്ഷണപ്പൊതികൾ ആകാശത്തുനിന്ന് ഇട്ടുകൊടുത്തു. ഇതു മൂന്നാം വട്ടമാണു ഭക്ഷണപ്പൊതിവിതരണം.