ADVERTISEMENT

ജറുസലം ∙ ഗാസയിൽ ഇസ്രയേൽ സൈന്യം കൂട്ടക്കൊല തുടരുമ്പോൾ, ഐക്യരാഷ്ട്ര സംഘടന (യുഎൻ) രക്ഷാസമിതിയിൽ വൻശക്തികളുടെ വീറ്റോകളി. വെടിനിർത്തൽ ആവശ്യപ്പെടുന്ന കഴിഞ്ഞ മാസങ്ങളിലെ 3 പ്രമേയങ്ങൾ യുഎസാണു തടഞ്ഞതെങ്കിൽ, വെള്ളിയാഴ്ച യുഎസ് കൊണ്ടുവന്ന പ്രമേയം വീറ്റോ ചെയ്തത് റഷ്യയും ചൈനയും ചേർന്നാണ്. ഇന്നലെ റമസാനിൽ വെടിനിർത്തൽ വേണമെന്ന മറ്റൊരു പ്രമേയം ഫ്രാൻസ് കൊണ്ടുവന്നെങ്കിലും തിങ്കളാഴ്ചയിലേക്കു മാറ്റി. റഫ ആക്രമണം ഒഴിവാക്കണമെന്ന അഭ്യർഥന ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു നിരസിച്ചതോടെ ടെൽ അവീവിൽ ചർച്ചയ്ക്കെത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ആറാം തവണയും വെറും കയ്യോടെ മടങ്ങി.

ഗാസയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 72 പേർ കൊല്ലപ്പെട്ടു. 144 പേർക്കു പരുക്കേറ്റു. ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫയിൽ ഇസ്രയേൽ സൈനിക അതിക്രമം 6–ാം ദിവസവും തുടർന്നു. ആശുപത്രിയിൽ ഇതിനകം 170 പലസ്തീൻകാരെ വധിച്ചെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. ഇവരെല്ലാം തോക്കുധാരികളാണെന്നാണ് ഇസ്രയേൽ ഭാഷ്യം. ഹമാസ് ബന്ധമുള്ള 350 പേരെ അറസ്റ്റ് ചെയ്തെന്നും ഇസ്രയേൽ വ്യക്തമാക്കി. വെടിവയ്പിൽ 5 രോഗികളും കൊല്ലപ്പെട്ടു.

ഗാസയിൽ കുഞ്ഞുങ്ങളടക്കം വിശന്നുമരിക്കുമ്പോൾ, ഭക്ഷ്യവസ്തുക്കൾ നിറച്ച ട്രക്കുകൾ ഈജിപ്ത് അതിർത്തിയിൽ അനുമതി കിട്ടാതെ കാത്തുകിടക്കുന്നതു നടുക്കമുണ്ടാക്കുന്നുവെന്ന് യുഎൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ഈജിപ്തിലെ യുഎൻ താവളത്തിൽ ഗാസയിലേക്കുള്ള 7,000 ട്രക്കുകളാണു തടഞ്ഞിട്ടിരിക്കുന്നത്. ഇന്നലെ ഈജിപ്ത്–റഫ ഇടനാഴി സന്ദർശിച്ച ഗുട്ടെറസ്, ഇസ്രയേൽ വിലക്ക് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു.‌‌

∙ ആറാം മാസത്തിലെത്തിയ ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 32,142 ആയി. 74,412 പേർക്കു പരുക്കേറ്റു.

English Summary:

Famine and Massacre in Gaza

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com