ഗാസയിൽ 7 ജീവകാരുണ്യ പ്രവർത്തകരെ ഇസ്രയേൽ ബോംബിട്ടുകൊന്നു

Mail This Article
ജറുസലം ∙ ഗാസയിൽ അമേരിക്കൻ ജീവകാരുണ്യസംഘടനയായ ദ് വേൾഡ് സെൻട്രൽ കിച്ചന്റെ 7 സന്നദ്ധപ്രവർത്തകരെ ഇസ്രയേൽ ബോംബിട്ടു കൊന്ന സംഭവത്തിൽ രാജ്യാന്തര പ്രതിഷേധമുയർന്നു. ഗാസയിലെ സേവനം നിർത്തിവച്ചതായി സംഘടനയുടെ മേധാവിയും സെലിബ്രിറ്റി ഷെഫുമായ ഹൊസെ ആന്ദ്രസ് അറിയിച്ചു. വിതരണം ചെയ്യാത്ത 240 ടൺ ഭക്ഷ്യവസ്തുക്കളുമായി കപ്പൽ തിരിച്ചുപോകുമെന്ന് അധികൃതർ വ്യക്തമാക്കി. പലസ്തീൻകാരനായ ഡ്രൈവർക്കു പുറമേ ഓസ്ട്രേലിയ, പോളണ്ട്, യുകെ,യുഎസ് പൗരന്മാരാണ് ഇന്നലെ രാവിലെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
പട്ടിണി പടർന്ന ഗാസയിൽ ഭക്ഷണം വിതരണത്തിനാണു സൈപ്രസിൽനിന്നു കപ്പലിൽ വേൾഡ് സെൻട്രൽ കിച്ചൻ (ഡബ്ല്യുസികെ) സഹായമെത്തിച്ചത്. യുഎസ് പിന്തുണയുള്ള സംരംഭത്തിന് യുഎഇയാണു ചെലവു വഹിക്കുന്നത്. തിങ്കളാഴ്ച വൈകിട്ടെത്തിയ രണ്ടാമത്തെ കപ്പലിൽനിന്നുള്ള 100 ടൺ ഭക്ഷ്യവസ്തുക്കൾ സെൻട്രൽ ഗാസയിലെ ദെയ്റൽ ബലാഹിലെ കേന്ദ്രത്തിൽ എത്തിച്ചശേഷം മടങ്ങുകയായിരുന്ന 2 ട്രക്കുകൾക്കുനേരെയാണു ബോംബാക്രമണമുണ്ടായത്.
യുഎസും ബ്രിട്ടനും അടക്കം രാജ്യങ്ങൾ പ്രതിഷേധിച്ചതോടെ സംഭവത്തിൽ ദുഃഖം പ്രകടിപ്പിച്ച ഇസ്രയേൽ, സ്വതന്ത്ര അന്വേഷണം നടത്തുമെന്നു പ്രഖ്യാപിച്ചു. ഇതുവരെ ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ 32916 പലസ്തീൻകാർ കൊല്ലപ്പെട്ടു. 75494 പേർക്കു പരുക്കേറ്റു. കഴിഞ്ഞ 24 മണിക്കൂറിനിടെ 72 പേരും കൊല്ലപ്പെട്ടു.
സുരക്ഷാകാരണങ്ങളുടെ പേരിൽ നിലവിൽ ഇസ്രയേൽ ജയിലുകളിൽ 9312 പലസ്തീൻ തടവുകാരുണ്ടെന്ന് ഇസ്രയേൽ മനുഷ്യാവകാശ സംഘടനയായ ഹമോക്കഡ്, സർക്കാർ കണക്കുകൾ ഉദ്ധരിച്ചു വെളിപ്പെടുത്തി. ഇതിൽ 40% പേരും വിചാരണയില്ലാത്ത തടവുകാരാണ്.
അതിനിടെ, സിറിയൻ തലസ്ഥാനമായ ഡമാസ്കസിലെ കോൺസുലേറ്റിനു നേരെ ഇസ്രയേൽ നടത്തിയ മിസൈൽ ആക്രമണത്തിൽ 2 ഇറാനിയൻ ജനറൽമാർ അടക്കം 7 പേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികാരം ചെയ്യുമെന്നു പ്രഖ്യാപിച്ച ഇറാൻ ശക്തമായ സന്ദേശം യുഎസിനു കൈമാറി. ടെഹ്റാനിലെ സ്വിസ് അംബാസഡറെ വിളിച്ചുവരുത്തിയാണു സന്ദേശം കൈമാറിയത്. 1979 നുശേഷം ഇറാനിൽ യുഎസ് നയതന്ത്ര കാര്യങ്ങൾ നോക്കിനടത്തുന്നതു സ്വിറ്റ്സർലൻഡാണ്. സിറിയയിൽ ഇറാൻ കോൺസുലേറ്റ് ആക്രമിക്കപ്പെട്ട സംഭവത്തിൽ യുഎസിനാണ് ഉത്തരവാദിത്തം എന്നാണ് ഇറാന്റെ നിലപാട്. ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫ സമുച്ചയം ഇസ്രയേൽ തകർത്തതോടെ, ഗാസയിലെ ആരോഗ്യപരിപാലന സംവിധാനത്തിന്റെ ഹൃദയമാണു പറിച്ചെടുത്തതെന്നു ലോകാരോഗ്യ സംഘടന പറഞ്ഞു. രണ്ടാഴ്ചത്തെ സൈനിക അതിക്രമത്തിനുശേഷം തിങ്കളാഴ്ചയാണ് ഇസ്രയേൽ സൈന്യം അൽ ഷിഫയിൽ നിന്നു പിൻവാങ്ങിയത്. പലസ്തീൻ അഭയാർഥികൾക്കുവേണ്ടിയുള്ള യുഎൻ റിലീഫ് ആൻഡ് വർക്ക് ഏജൻസിക്കു ( യുഎൻആർഡബ്ല്യുഎ ) ധനസഹായം പുനരാരംഭിച്ചതായി ജപ്പാൻ അറിയിച്ചു. അതിനിടെ, ഇസ്രയേലിൽ അൽ ജസീറ ചാനൽ സംപ്രേഷണം നെതന്യാഹു സർക്കാർ നിരോധിച്ചു.
വേൾഡ് സെൻട്രൽ കിച്ചൻ
ദുരന്ത സാഹചര്യങ്ങളിൽ അടിയന്തര ഭക്ഷ്യസഹായമെത്തിക്കാനായി 2010 ൽ സ്ഥാപിച്ച ദ് വേൾഡ് സെൻട്രൽ കിച്ചൻ ഗാസയിലെ റഫയിലും ദെയ്റൽ ബലാഹിലും 2 മുഖ്യ സമൂഹ അടുക്കളകളാണു സജ്ജീകരിച്ചിട്ടുള്ളത്. ഗാസയിലുള്ള മറ്റ് 88 സമൂഹ അടുക്കളകളെയും പിന്തുണയ്ക്കുന്നു. പ്രതിദിനം 1.70 ലക്ഷം പേർക്കു ഭക്ഷണം വിളമ്പുന്നു. വ്രതമാസമായതിനാൽ 92,000 ഭക്ഷണപ്പൊതികളും എത്തിക്കുന്നു.