ADVERTISEMENT

ജറുസലം ∙ റഫയിൽ ബോംബാക്രമണത്തിൽ ഗുരുതരമായ പരുക്കേറ്റ പലസ്തീൻ യുവതി മരണത്തിനു മുൻപു ജന്മം നൽകിയ പെൺകുഞ്ഞും വിടവാങ്ങി. സബ്രീൻ അൽ റൂഹ് എന്നാണു കുഞ്ഞിനു പേരിട്ടിരുന്നത്. കഴിഞ്ഞ ശനിയാഴ്ച രാത്രി റഫയിലെ വീട്ടിൽ ഇസ്രയേൽ ബോംബിട്ടതിനെത്തുടർന്നാണു ഗർഭിണിയായ സബ്രീനു ഗുരുതരമായി പരുക്കേറ്റത്. ആശുപത്രിയിലെത്തിച്ച സബ്രീന്റെ ഗർഭസ്ഥശിശുവിനെ രക്ഷിക്കാൻ ഡോക്ടർമാർക്കു കഴിഞ്ഞതു വാർത്തയായിരുന്നു. സബ്രീന്റെ 3 വയസ്സുള്ള മകൾ മലാകും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. മാസം തികയാതെ പിറന്ന റൂഹ് വ്യാഴാഴ്ചയാണു മരിച്ചത്.

റഫയുടെ കിഴക്കൻ മേഖലയിൽ ഇസ്രയേൽ ടാങ്കുകൾ കനത്ത ഷെല്ലാക്രമണം തുടരുന്നതിനിടെ വെടിനിർത്തലിനു പുതിയ കരാറുമായി ഇസ്രയേലിലേക്ക് മധ്യസ്ഥരായ ഈജിപ്ത് ഉന്നതസംഘത്തെ അയച്ചു. രാജ്യാന്തര സമ്മർദം അവഗണിച്ച് റഫയിലേക്ക് ഉടൻ സൈനികനീക്കമുണ്ടാകുമെന്ന സൂചന ശക്തമാണ്.

ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ 34,356 പേർ കൊല്ലപ്പെട്ടു. 77,368 പേർക്കു പരുക്കേറ്റു. മുന്നൂറിലേറെ പലസ്തീൻകാരുടെ മൃതദേഹങ്ങൾ കണ്ടെടുത്ത കൂട്ടക്കുഴിമാടങ്ങളിൽനിന്നുള്ള ഫൊറൻസിക് തെളിവുകൾ നശിപ്പിക്കപ്പെടാതെ സംരക്ഷിക്കേണ്ടതു സുപ്രധാനമാണെന്ന് ഐക്യരാഷ്ട്ര സംഘടന മേധാവിയുടെ വക്താവ് പറഞ്ഞു. ബൈഡൻ ഭരണകൂടത്തിന്റെ ഗാസാ നയത്തിൽ പ്രതിഷേധിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് അറബിക് വക്താവ് ഹലാ റഹാരിത് രാജിവച്ചു. 

ബന്ദികളെ അടിയന്തരമായി വിട്ടയക്കണമെന്ന 18 രാജ്യങ്ങളുടെ അഭ്യർഥന ഹമാസ് തള്ളി. ഗാസയിൽ അടിയന്തര വെടിനിർത്തൽ വേണമെന്ന ആവശ്യം ഈ രാജ്യങ്ങൾ പരിഗണിച്ചില്ലെന്നും കുറ്റപ്പെടുത്തി.ഗാസയിലെ ഇസ്രയേൽ ആക്രമണം മൂലമുണ്ടായ കെട്ടിടാവശിഷ്ടങ്ങളും പൊട്ടാത്ത ബോംബുകളും നീക്കം ചെയ്യാൻ കുറഞ്ഞത് 14 വർഷമെടുക്കുമെന്ന് ഐക്യരാഷ്ട്ര സംഘടന ഏജൻസി അറിയിച്ചു. 

English Summary:

Gaza War: baby born in Gaza dies after mother killed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com